ഗര്‍ഭകാലത്ത് ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഭക്ഷണമാണ്. ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ പെട്ടതാണ് നട്‌സ്. ഇവ പൊതുവേ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഏതു പ്രായക്കാര്‍ക്കും ഏത് അവസ്ഥയിലും കഴിയ്ക്കാവുന്നതാണ് നട്‌സ്. നട്‌സില്‍ തന്നെ ഏറെ ഗുണകരമാണ് ബദാം അഥവാ ആല്‍മണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരുപോലെ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ചെറുതല്ല. ഗര്‍ഭകാലത്ത് ദിവസവും അല്‍പം ബദാം കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നല്ല ബുദ്ധിയുള്ള കുഞ്ഞിനായി ഗര്‍ഭകാലത്ത് കഴിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണിത്. കുഞ്ഞിന് ബ്രെയിന്‍ സംബന്ധമായ തകരാറുകള്‍ ഉണ്ടാകാതിരിയ്ക്കാന്‍ മികച്ചത് കൂടിയാണിത്. വയറ്റിലെ കുഞ്ഞിന്റെ തലച്ചോറിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഇതേറെ നല്ലതാണ്. ഇതു പോലെ തന്നെ അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസ് പോലുള്ള അവസ്ഥകളെ നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ബദാം നല്ലതാണ്. തലച്ചോറിന്റെ കോശങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഏറെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ബദാമിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡാണ് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കുന്നത്.
ബദാം മിതമായി കഴിയ്ക്കുകയെന്നത് പ്രധാനമാണ്. ഇതു പോലെ ഇത് കുതിര്‍ത്തു കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതില്‍ ഫൈറ്റിക് ആസിഡ് എന്ന ഒന്നുണ്ട്. ഈ എന്‍സൈം ബദാമിന്റെ ഗുണങ്ങള്‍ ശരീരത്തിനു ലഭ്യമാകുന്നത് തടയുകയാണ് ചെയ്യുന്നത്. കുതിര്‍ത്തു കഴിയുമ്പോള്‍ ഈ എന്‍സൈം പുറന്തള്ളപ്പെടും. ബദാം ഗുണങ്ങള്‍ ശരീരത്തിനു ലഭിയ്ക്കുകയും ചെയ്യും. മാത്രമല്ല, ബദാം കുതിര്‍ത്താല്‍ പിന്നെ തൊലി കളയണമെന്നു നിര്‍ബന്ധവുമില്ല. അല്ലാത്ത പക്ഷം ബദാം തൊലി കളഞ്ഞു കഴിയ്‌ക്കേണ്ടി വരും, പോഷകങ്ങള്‍ ശരീരത്തിന് ലഭിയ്ക്കുവാന്‍. ബദാം കുതിര്‍ത്താല്‍ സ്വാദും കൂടും.
ശരീരത്തിന് വളരെ അത്യാവശ്യമായിട്ട് വേണ്ട ഒന്നാണ് അയേണ്‍. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ശരീരം അയേണ്‍ ആവശ്യമാണ്. ഇതിന് ബദാം സ്ഥിരമായി കഴിച്ചാല്‍ മതി. ഇത് ശരീരത്തിന് അത്യാവശ്യത്തിനുള്ള അയേണ്‍ നല്‍കുന്നു. അതു പോലെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്. ഇതു പോലെ കൊളസ്‌ട്രോള്‍, ഗര്‍ഭകാല പ്രമേഹം എന്നിവയ്ക്കുളള നല്ല പരിഹാരം കൂടിയാണ് ബദാം. പല കുഞ്ഞുങ്ങളും ഹൃദയ പ്രശ്‌നങ്ങളുമായി ജനിയ്ക്കാറുണ്ട്. അതിനുള്ള നല്ലൊരു മരുന്നാണ് ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്.
ഗര്‍ഭകാലത്ത് ആരോഗ്യകരമായ ശരീരഭാരം അമ്മയ്ക്കും കുഞ്ഞിനും പ്രധാനമാണ്. അമ്മമാര്‍ക്ക് തടി കാര്യമായി കൂടാതെ തന്നെ തൂക്കം കൂടാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം അഥവാ ആല്‍മണ്ട്. ഇതിലെ വിവിധ പോഷകങ്ങളും പ്രോട്ടീനുമെല്ലാം ഇതിനു സഹായിക്കുന്നു. മെറ്റബോളിസം ഉയര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്ന് കൂടിയാണ് ബദാം. കൃത്യമായ മെറ്റബോളിസം ഇല്ലെങ്കിലാണ് പലപ്പോഴും അമിതവണ്ണവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. പ്രോട്ടീന്‍ മസില്‍ ബലത്തിനും വളര്‍ച്ചയ്ക്കുമെല്ലാം നല്ലതാണ് ബദാം. കാല്‍സ്യം സമ്പുഷ്ടമായതിനാല്‍ കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ബദാം. പ്രീക്ലാംസിയ എന്നൊരു അവസ്ഥ ചിലപ്പോള്‍ ഗര്‍ഭകാലത്തുണ്ടാകും. കുഞ്ഞിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിയ്ക്കാത്ത അവസ്ഥയാണിത്. ഇതിനുളള നല്ലൊരു പ്രതിവിധി കൂടിയാണ് ഗര്‍ഭകാലത്ത് ബദാം കഴിയ്ക്കുന്നത്.
മുകളിൽ പറഞ്ഞ എല്ലാ ഗുണങ്ങളും ബദാമിൽ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഏത് അവസ്ഥയിലുള്ളവർക്കും ഇത് കഴിക്കാവുന്നതാണ്.