കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിലെ ജനങ്ങളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇത് നിരവധി പേരുടെ ജീവന്‍ അപഹരിക്കുകയും ധാരാളം പേരെ അപകടത്തിലാക്കുകയും ചെയ്തു. ആദ്യ തരംഗത്തില്‍ നിന്ന് വിഭിന്നമായി ഇപ്പോള്‍ മുതിര്‍ന്നവരെ മാത്രമല്ല യുവതലമുറയെയും വൈറസ് ബാധിക്കുകയും ചെയ്തു. മൂന്നാമത്തെ തരംഗം ജനങ്ങളെ ഭയപ്പെടുത്തുന്നത് തുടരുകയാണെങ്കിലും, വൈറസ് ബാധിച്ച ഒരു വ്യക്തി ശാശ്വത പ്രതിരോധശേഷി വളര്‍ത്തിയെടുക്കുന്നുണ്ടോ അല്ലെങ്കില്‍ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ഒരു വ്യക്തിക്ക് ഒരു രോഗം ബാധിച്ച് സുഖപ്പെട്ടുകഴിഞ്ഞശേഷവും അതേ രോഗം വീണ്ടും വികസിപ്പിക്കുമ്പോള്‍ അതിനെ റീ ഇന്‍ഫെക്ഷന്‍ എന്ന് പറയുന്നു. മുന്‍കാല ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍, വൈറസുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ വീണ്ടും അതേ വ്യക്തിയില്‍ രോഗത്തിന് കാരണമാകും. എന്നിരുന്നാലും, കോവിഡ് റീ ഇന്‍ഫെക്ഷനെക്കുറിച്ച് പറയുമ്പോള്‍, ശാസ്ത്രജ്ഞര്‍ ഇനിയും ശക്തമായ നിഗമനത്തിലെത്തിയിട്ടില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ പഠനമനുസരിച്ച് റീ ഇന്‍ഫെക്ഷന്‍ എന്നത്, കോവിഡ് നെഗറ്റീവ് ആയ ഒരു വ്യക്തി രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അതായത് 102 ദിവസത്തെ ഇടവേളയില്‍ വൈറസ് പോസിറ്റീവ് ആകുന്നതാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നേരത്തെ നടത്തിയ ഗവേഷണത്തില്‍ 1300 പരിശോധിച്ചതില്‍ 58 പേര്‍ക്കും വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യത കണ്ടെത്തി. അതായത് 4.5% രോഗികളില്‍ റീഇന്‍ഫെക്ഷന്‍ സംഭവിക്കുന്നുവെന്ന്. 58 പേരിലും പോസിറ്റീവ് ഫലങ്ങള്‍ 102 ദിവസങ്ങള്‍ക്കുള്ളില്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും, ഇതിനായുള്ള കൂടുതല്‍ പഠനം നടന്നുകൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച ഒരാള്‍ക്ക് രോഗത്തിനെതിരെ സ്ഥിരമായ പ്രതിരോധശേഷി വികസിപ്പിക്കുന്നുണ്ടോ എന്നുതിനെക്കുറിച്ചും നിലവില്‍ റിപോര്‍ട്ടുകള്‍ വന്നിട്ടില്ല.
കോവിഡില്‍ നിന്ന് കരകയറുന്ന ആളുകള്‍ ഒരു നിശ്ചിത സമയത്തേക്ക് വൈറസിനെതിരെ പ്രതിരോധശേഷി വളര്‍ത്തുന്നുവെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള പഠനങ്ങം പറയുന്നത് രോഗപ്രതിരോധ കോശങ്ങളും പ്രോട്ടീനുകളും രോഗകാരിയെ വീണ്ടും കണ്ടുമുട്ടിയാല്‍ തിരിച്ചറിയാനും നശിപ്പിക്കാനും പഠിക്കുന്നുവെന്നും രോഗത്തില്‍ നിന്ന് സംരക്ഷിക്കുകയും രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നുവെന്നുമാണ്. എന്നിരുന്നാലും, പ്രതിരോധശേഷി എത്രത്തോളം നിലനില്‍ക്കുമെന്നത് സംശയത്തിന്റെ നിഴലിലാണ്.
സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, നേരിയ കോവിഡ് അണുബാധയില്‍ നിന്ന് മുക്തരായി മാസങ്ങള്‍ പിന്നിട്ടവരിലും അവരുടെ ശരീരത്തില്‍ രോഗപ്രതിരോധ കോശങ്ങള്‍ ആന്റിബോഡികള്‍ പുറന്തള്ളുന്നുവെന്നാണ്. പഠനത്തിനിടയില്‍, അണുബാധയ്ക്ക് 11 മാസത്തിനു ശേഷവും ആളുകളില്‍ ആന്റിബോഡി സെല്ലുകള്‍ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് മുക്തരായ രോഗികളില്‍ 10 മാസം വരെ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷിയുണ്ടാകുമെന്നും ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് (യു.സി.എല്‍) ഗവേഷകരുടെ ഒരു സംഘം നടത്തിയ പഠനമനുസരിച്ച്, അണുബാധയ്ക്ക് ശേഷം 10 മാസം വരെ രോഗം വരാനുള്ള സാധ്യത കുറയുമെന്നാണ്.
വൈറസ് സാമ്പിളിന്റെ ജീനോം വിശകലനത്തിന്റെ സഹായത്തോടെ മാത്രമേ റീ ഇന്‍ഫെക്ഷന്‍ കേസുകള്‍ സ്ഥിരീകരിക്കാന്‍ കഴിയൂ. വൈറസ് പരിവര്‍ത്തനം ചെയ്യുന്നത് തുടരുന്നതിനാല്‍, രണ്ട് സാമ്പിളുകളുടെയും ജീനോം സീക്വന്‍സുകള്‍ ചില വ്യത്യാസങ്ങള്‍ കാണിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കോവിഡ് റീ ഇന്‍ഫെക്ഷനെക്കുറിച്ച് ശാസ്ത്രീയ ചര്‍ച്ച തുടരുകയാണെങ്കിലും, അനുമാനങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്. കോവിഡ് മുക്തരായവരാണെങ്കിലും, വൈറസില്‍ നിന്ന് പൂര്‍ണമായി പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാവില്ല. എപ്പോഴും ഒരു കാരിയറാകാം. അതിനാല്‍, കോവിഡ് വൈറസിന്റെ പ്രവചനാതീതത കണക്കിലെടുത്ത്, എല്ലാ മുന്‍കരുതല്‍ നടപടികളും തുടരുക.