Nammude Arogyam
Covid-19

ഹാൻഡ് സാനിറ്റൈസറുകൾ കാറിൽ വെച്ചാൽ പൊട്ടിത്തെറിക്കുമോ ?

മാസ്കും ഹാൻഡ് സാനിറ്റയ്‌സറുമെല്ലാം ഇപ്പോൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ആൽക്കഹോളുള്ള ഹാൻഡ് സാനിറ്റയ്‌സറുകളുമായാണ് മിക്കവാറും ആളുകൾ ഇപ്പോൾ പുറത്തിറങ്ങുന്നത് തന്നെ. കൂടുതൽ പേരുടെയും ബാഗുകളിലും കാറുകളിലുമെല്ലാം ഹാൻഡ് സാനിറ്റയ്‌സറുകൾ കാണും.

ഇതിനിടയിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റയ്‌സറുകൾ കാറിൽ സൂക്ഷിക്കുകയാണെങ്കിൽ അത് പൊട്ടിത്തെറിക്കും എന്ന ഒരു വിശദീകരണത്തോടെ  കാറിനുള്ളിൽ എന്തോ പൊട്ടിത്തെറിച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വളരെ തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായ ഒരു വാർത്തയാണിത്.

സ്പിരിറ്റ് അടങ്ങിയിട്ടുള്ള ഹാൻഡ് സാനിറ്റൈസറുകൾ തീ പിടിക്കുന്നവയാണോ?

ഹാൻഡ് സാനിറ്റയ്‌സറുകളിൽ ഈഥൈൽ ആൽക്കഹോൾ (സ്പിരിറ്റിൽ അടങ്ങിയിട്ടുള്ള രാസവസ്തു) അടങ്ങിയിട്ടുണ്ട്. സാനിറ്റൈസറിലെ സ്പിരിറ്റിൻ്റെ ഫ്ലാഷ് പോയിൻറ് (തീ പിടിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ താപനില) വെറും 21ഡിഗ്രി സെൽഷ്യസാണ്. സാധാരണ ഒരു ദിവസം തന്നെ നമ്മുടെ നാട്ടിൽ അതിനേക്കാൾ കൂടിയ താപനിലയുണ്ടാകും. അതിനാൽ തുറന്ന രീതിയിൽ സാനിറ്റൈസർ സൂക്ഷിക്കുകയാണെങ്കിൽ, അന്തരീക്ഷത്തിലെ ചൂട് മൂലം ഇത് പെട്ടെന്ന് തന്നെ ബാഷ്പീകരിക്കപ്പെടും. സാധാരണ ഊഷ്മാവിൽ പെട്ടെന്ന്  ബാഷ്പീകരിക്കപ്പെടുന്ന ഈഥൈൽ ആൽക്കഹോൾ ഒരു തീ പിടിക്കുന്ന പദാർത്ഥമാണെന്നത് വാസ്തവമാണ്. എന്നാലും ഇതുമായി ബന്ധപ്പെട്ട തീപിടുത്തങ്ങൾ വളരെ അപൂർവമാണ്.

എന്നിരുന്നാലും ഹാൻഡ് സാനിറ്റയ്‌സറുകൾ വലിയ അളവിൽ സംഭരിക്കുമ്പോഴും ഹാൻഡ് സാനിറ്റയ്‌സറുകളുടെ ബൾക്ക് ഡിസ്പെൻസറുകൾ സ്ഥാപിക്കക്കുമ്പോഴും വളരെയധികം സൂക്ഷിക്കണം.

സാധാരണഗതിയിൽ ഹാൻഡ് സാനിറ്റൈസറുകൾക്ക് കത്തിപ്പിടിക്കണമെങ്കിൽ കടുത്ത ചൂട് വേണം. ഏകദേശം 700 ഡിഗ്രി ഫാരൻഹീറ്റിൽ വരെ ചൂടായാൽ മാത്രമേ ഇവ കത്തിപിടിക്കുകയുള്ളു. സാധാരണ ഒരു ഉച്ചദിവസം നിങ്ങളുടെ കാറിനുള്ളിൽ അനുഭവപ്പെടുന്ന ചൂടിൽ ഹാൻഡ് സാനിറ്റയ്‌സറുകൾ തീ പിടിക്കാനുള്ള സാധ്യത തീരെ കുറവാണ്. എന്നാലും തീ പിടിക്കുന്ന തരം പദാർഥമായതു കൊണ്ട് ഹാൻഡ് സാനിറ്റയ്‌സറുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ  ശ്രദ്ധിക്കുന്നത് നല്ലതാണ്.

സാനിറ്റയ്‌സറുകൾ അടങ്ങിയ കുപ്പികൾ തുറന്ന് വയ്ക്കരുത്. തുറന്ന് വെച്ചാൽ പെട്ടെന്ന് ഇവ ബാഷ്പീകരിക്കപ്പെടും എന്ന് മാത്രമല്ല, അങ്ങിനെയുണ്ടാകുന്ന വാതകം എളുപ്പത്തിൽ കത്തിപിടിക്കാവുന്നതാണ്. കാറിലും മറ്റും ഇവ തുറന്നു വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ചൂടുള്ള ഒരു ദിവസം കാറിൽ ഇവ തുറന്ന് സൂക്ഷിക്കുകയും, അതേ  കാറിലിരുന്ന് സിഗരറ്റിന് തീ കൊടുക്കയും ചെയ്യുന്നത് പോലെയുള്ള സാഹചര്യമുണ്ടായാൽ ഇത് വളരെ അപകടകരമാകാവുന്നതാണ്. അത്കൊണ്ട് കാറിലും മറ്റും സൂക്ഷിക്കുന്ന സാനിറ്റൈസറുകൾ നന്നായി അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഒരുതരത്തിലുള്ള ചോർച്ചയും ഇവയ്ക്കുണ്ടാകരുത്.

സാനിറ്റൈസറുകൾ തണുപ്പുള്ളതും നല്ല  വായുസഞ്ചാരമുള്ളതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ചോർച്ച ഇല്ലാതെ നന്നായി അടച്ച ബോട്ടിലുകൾ നേരെ തന്നെ വെയ്ക്കാനും ശ്രദ്ധിക്കണം. സാധാരണഗതിയിൽ ഇവ ഒരിക്കലും സ്വമേധയാ പൊട്ടിത്തെറിക്കില്ല. എന്നാലും അധിക മുൻകരുതൽ എന്ന നിലയ്ക്ക് നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലങ്ങളിലും ഇവ വെയ്ക്കാതിരിക്കാം.

Related posts