അപ്രതീക്ഷിതമായ ചില ജീവിത ഘട്ടങ്ങളിൽ നമുക്കെല്ലാവർക്കും സംഭവിക്കുന്ന ഒന്നാണ് നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം. അത്തരം സന്ദർഭങ്ങളിൽ സ്വയം നിയന്ത്രിച്ചു നിർത്താനാവാതെ നമ്മളിൽ പലരും മറ്റുള്ളവരുടെ മേൽ അസഭ്യവർഷങ്ങൾ ചൊരിയുകയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്യാറുണ്ട്. കണ്ണിൽ കണ്ടതെല്ലാം വാരി വലിച്ചെറിഞ്ഞ് ഒച്ചപ്പാടും ബഹളവുമുണ്ടാക്കി പിന്നെ കുറച്ചു കഴിഞ്ഞ് ഒന്ന് തണുത്തു കഴിയുമ്പോൾ പറഞ്ഞതിനെ പറ്റിയോർത്ത് പശ്ചാത്തപിക്കുന്നവരും കുറവല്ല.
എങ്കിലും ചില സാഹചര്യങ്ങളിൽ ഉണ്ടായ കോപത്തെ നിയന്ത്രിച്ചു നിർത്തേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ അത് ജീവിത ബന്ധങ്ങൾക്കിടയിൽ വീണ്ടും വിളക്കിച്ചേർക്കാൻ കഴിയാത്ത വിധത്തിൽ വിള്ളൽ വീഴ്ത്താൻ ഇടയുണ്ട്. അനിയന്ത്രിതമായി ഉണ്ടാവുന്ന കോപത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
1.ഒന്ന് തിരിഞ്ഞു നടക്കാം
ദേഷ്യമുള്ള ഘട്ടത്തിൽ അപ്രതീക്ഷിതവും മോശപ്പെട്ടതുമായ കാര്യങ്ങൾ മറ്റുള്ളവർക്ക് മുമ്പിൽ ചെയ്യുന്നതിനു വഴിവെക്കുന്നതിനേക്കാൾ മികച്ചതായിരിക്കും ഈയൊരു പ്രവർത്തി. മുന്നിലുള്ള ദുർഘടമായ സാഹചര്യത്തെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ലളിതമായ കാര്യങ്ങളിൽ ഒന്നാണിത്. സ്വയം ശാന്തമാകാനായി ഒന്ന് പുറത്തേക്ക് നടക്കാനായി പോവുക.
2.ദീർഘ നിശ്വാസം എടുക്കുക
നമ്മുടെ ഞരമ്പുകളെ ശാന്തമാക്കാനായി ആഴത്തിലുള്ള ശ്വസന രീതി വളരെയധികം സഹായിക്കും. ഇത് ശരീരത്തിലെ ഓക്സിജൻ വിതരണം മെച്ചപ്പെടുത്തിക്കൊണ്ട് ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുകയും നല്ല ചിന്തകളെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. മനസ്സിൽ കോപവും വിഷമവും മതിക്കുന്ന ഘട്ടങ്ങളിലെല്ലാം ഒന്ന് ശാന്തമായി ദീർഘനിശ്വാസം എടുക്കുന്നത് ശീലമാക്കുക.
3.വ്യായാമം
കഠിനമായ വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയെ വഴിതിരിച്ചുവിടാൻ മാത്രമല്ല, എൻഡോർഫിൻ എന്ന ‘ഫീൽ-ഗുഡ്’ ഹോർമോണുകളെ പുറപ്പെടുവിക്കാനും സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ അമിത വികാരങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിയുകയും, ആക്രമണ മനോഭാവങ്ങൾ കുറയുകയും ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ദേഷ്യത്തെ ഒഴിവാക്കാനായി ഒരു പഞ്ചിംഗ് ബാഗ് രീതി ഉപയോഗപ്രദമാക്കാം.
4. എഴുതുക
ദേഷ്യവും കോപവും നമ്മുടെ മനസ്സിനെ മദിക്കുന്ന സമയങ്ങളിൽ മനസ്സറിഞ്ഞ് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. എങ്കിലും ഒന്നു പരിശ്രമമെടുത്ത് കൊണ്ട് വികാരങ്ങൾ ഒരു കടലാസിൽ അല്ലെങ്കിൽ ഒരു ഡിജിറ്റൽ മാർഗത്തിലേക്ക് പകർത്തി എഴുതാൻ ശ്രമിക്കുന്ന വഴി മികച്ച ആശ്വാസം നൽകാൻ സഹായിക്കും. പെട്ടെന്നുണ്ടാവുന്ന കോപത്തിൻ്റെ ലക്ഷണങ്ങളെ ഇത് നിയന്ത്രിച്ചു നിർത്തുകയും ചെയ്യും.
5.ധ്യാനത്തിലോ യോഗയിലോ ഏർപ്പെടുക
ധ്യാനവും യോഗയും നമ്മുടെ മനസ്സിനെ ശാന്തമാക്കുന്നതിനുള്ള ഏറ്റവും മികച്ച പോംവഴികൾ ആണ്. ഇത് കൂടാതെ, ദിവസവും പതിവായി ധ്യാനിക്കുകയോ യോഗ ചെയ്യുകയോ ചെയ്യുന്ന ശീലം വളർത്തിയെടുക്കുകയാണെങ്കിൽ പൊതുവേ ജീവിത സാഹചര്യങ്ങളെ കൂടുതൽ തന്മയത്തത്തോടെയും ശാന്തമായും കൈകാര്യം ചെയ്യാൻ സാധിക്കും.
6.ദേഷ്യമുള്ളപ്പോൾ മദ്യപിക്കുന്ന ശീലം ഒഴിവാക്കുക
മദ്യപാനം വികാരങ്ങളെ ചൂടുപിടിപ്പിക്കുന്നു. ഉണ്ടായിപ്പോയ അസ്വസ്ഥതകളെ പ്രതി മദ്യപിക്കുന്ന ഒരു വ്യക്തിക്ക് യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതവരെ കൂടുതൽ ആക്രമണാസക്തരാക്കുന്നു. അതുകൂടാതെ മദ്യപിച്ചു കഴിഞ്ഞാൽ വളരെ ചെറിയ കാര്യങ്ങൾക്കുപോലും ഒരാൾ കൂടുതൽ അസ്വസ്ഥരാകാനും അക്രമാസക്തരാകാനും സാധ്യതയുണ്ട്.
7.ക്രിയാത്മക മാർഗങ്ങളിലൂടെ കോപത്തെ പുറത്ത് വിടുക
ചിത്രംവര, പെയിന്റിംഗ് അല്ലെങ്കിൽ കളറിംഗ് തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിനെ ശാന്തമാക്കുന്ന പ്രവർത്തികൾ ആണ്. മാത്രമല്ല കോപത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുകയും ചെയ്യും.
8.ശരിയായ ഉറക്കം നേടുക
മനസ്സിൽ നിന്ന് എന്തെങ്കിലും വിഷമം ഉണ്ടായാൽ നമ്മുടെ ഉറക്കം നഷ്ടപ്പെടുന്നത് സാധാരണയാണ്. ഉറക്കമില്ലാത്ത അവസ്ഥ ക്ഷീണിച്ചു തളർന്ന മനസ്സിലേക്കും ശരീരത്തിലേക്കുമൊക്കെ നയിക്കുകയും ചെയ്യും. ഈ സന്ദർഭത്തിൽ നന്നായി ഒന്നുറങ്ങാൻ പരിശ്രമിക്കുന്നത് കോപത്തിന്റെ പരിധി കുറയ്‌ക്കാൻ വഴിയൊരുക്കുന്ന കാര്യമാണ്. അതിനാൽ തന്നെ കുറഞ്ഞത് 7-8 മണിക്കൂർ നിണ്ട ഉറക്കം നേടിയെടുക്കുന്നതിന് മുൻഗണന നൽകുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ കോപത്തെ കുറച്ചെങ്കിലും നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്. എന്നിരുന്നാലും സാഹചര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് കണ്ടാൽ പ്രൊഫഷണൽ സഹായം തേടേണ്ടതാണ്.