Nammude Arogyam
Covid-19

കൊവിഡ് രോഗമുക്തിക്ക് ശേഷം നിർബന്ധമായും ചെയ്യേണ്ട ടെസ്റ്റുകൾ ഏതൊക്കെ?

കൊവിഡ് ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ നാം കാണുന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും തുടങ്ങി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പ്രാണവായു ലഭിക്കാതെ മനുഷ്യര്‍ മരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ വര്‍ദ്ധിച്ചുവരുന്ന രോഗമുക്തി നമുക്ക് ആശ്വാസം നല്‍കുന്ന ഒന്ന് തന്നെയാണ്.

ആനുപാതികമല്ലാത്ത രീതിയില്‍ അണുബാധ വ്യാപിച്ച് കൊണ്ടിരിക്കുകയാണെങ്കിലും, സുഖം പ്രാപിച്ച രോഗികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതിനെക്കുറിച്ചും മറ്റും ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരിക്കണം. കൂടുതല്‍ ഗുരുതരമായ അണുബാധകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍, രോഗികള്‍ അവരുടെ ആരോഗ്യം നിരീക്ഷിക്കുന്നതും അപകടസാധ്യത ഒഴിവാക്കുന്നതും നിര്‍ണായകമാണ്. അതുകൊണ്ടാണ് രോഗബാധ ഉണ്ടായി മാറിയതിന് ശേഷം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പറയുന്നത്. എന്തൊക്കെയാണ് ഒരു കൊവിഡ് രോഗമുക്തി നേടിയ ആള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ഒരു കൊവിഡ് രോഗമുക്തി നേടിയ ആള്‍ പോസ്റ്റ്-കോവിഡ് പരിശോധന നടത്തണം. നമ്മുടെ രോഗപ്രതിരോധ ശേഷി വൈറസിനെ പ്രതിരോധിക്കാന്‍ വളരെയധികം പ്രതിരോധം തീര്‍ക്കുന്നുണ്ട്. എന്നിരുന്നാലും, രോഗമുക്തി നേടിയതിന് ശേഷവും ചില പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവുന്നുണ്ട്. കൂടാതെ, ശരീരത്തിലെ പല സുപ്രധാന അവയവങ്ങളെയും COVID വൈറസ് ബാധിക്കും, ഇത് നേരിട്ട് അല്ലെങ്കിലും രോഗപ്രതിരോധ സംവിധാനത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അഭാവം കാണിക്കുകയാണെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. എന്തൊക്കെയാണ് പോസ്റ്റ് കൊവിഡ് പരിശോധനകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

1.ആന്റിബോഡി പരിശോധനകള്‍

അണുബാധയെ പ്രതിരോധിച്ചതിന് ശേഷം, ശരീരം ഭാവിയില്‍ ഉണ്ടാകുന്ന അണുബാധകളെ തടയുന്ന സഹായകരമായ ആന്റിബോഡികള്‍ ശരീരം ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍ ആന്റിബോഡികളുടെ പ്രതിരോധം നിര്‍ണ്ണയിക്കുന്നത് എത്രമാത്രം രോഗപ്രതിരോധ ശേഷിയുള്ളവരാണെന്നതിനെക്കുറിച്ച് മികച്ച ധാരണ നേടാന്‍ സഹായിക്കും, മാത്രമല്ല ഇത് പലപ്പോഴും പ്ലാസ്മ ഡൊണേഷന് സഹായകമാകും.

പ്ലാസ്മ ദാനം ചെയ്യുകയാണെങ്കില്‍ രോഗമുക്തി നേടിയ വ്യക്തിയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സാധാരണഗതിയില്‍, ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിന് ശരീരത്തിന് ഒരാഴ്ചയോ രണ്ടാഴ്ചയോ സമയമെടുക്കും, അതിനാല്‍ വൈറസില്‍ നിന്ന് മുക്തരാകുന്നത് വരെ കാത്തിരിക്കുക. പ്ലാസ്മ ദാനം ചെയ്യുകയാണെങ്കില്‍, രോഗമുക്തിക്ക് ശേഷം ഒരു മാസത്തിനുള്ളില്‍ ഒരു പരിശോധന നടത്തുക, ഇത് ഡൊണേഷന് അനുയോജ്യമായ സമയം കൂടിയാണ്. അതുകൊണ്ട് രോഗമുക്തി നേടിയെന്ന് ഉറപ്പായതിന് ശേഷം നടത്തേണ്ട പരിശോധനകള്‍ ഒരു കാരണവശാലും വിട്ടുപോവരുത്.

2.ബ്ലഡ് കൗണ്ട് (സിബിസി) പരിശോധനകള്‍

നമ്മുടെ ശരീരത്തിലെ വിവിധതരം രക്താണുക്കളെ (ആര്‍ബിസി, ഡബ്ല്യുബിസി, പ്ലേറ്റ്ലെറ്റ് തുടങ്ങിയവ) അളക്കുന്ന ഒരു അടിസ്ഥാന പരിശോധനയാണ് സിബിസി പരിശോധനകള്‍, കൂടാതെ കൊവിഡ് രോഗമുക്തി നേടിയ ആളാണെങ്കില്‍ ശരീരം രോഗത്തോട് എങ്ങനെ പ്രതിരോധിച്ചു എന്നുള്ളതെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത്തരം പരിശോധനകളിലൂടെയാണ്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി മനസ്സിലാക്കുന്നതിനും രോഗബാധക്കുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കുന്നതിനും സഹായിക്കുന്നു.

3.ഗ്ലൂക്കോസ്, കൊളസ്‌ട്രോള്‍ പരിശോധനകള്‍

ശരീരത്തില്‍ വീക്കം, രക്തം കട്ടപിടിക്കല്‍ എന്നിവയ്ക്ക് പലപ്പോഴും രോഗബാധക്ക് ശേഷം സാധ്യതയുള്ളതിനാല്‍, ചില ആളുകള്‍ രക്തത്തിലെ ഗ്ലൂക്കോസും രക്തസമ്മര്‍ദ്ദത്തിന്റെ അളവും ഉള്‍പ്പെടെയുള്ള സുപ്രധാന പരാമീറ്ററുകളില്‍ ഏറ്റക്കുറച്ചിലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. COVID പോസിറ്റീവ് ആയ രോഗികളോട് രോഗമുക്തിക്ക് ശേഷവും ഇത്തരം കാര്യങ്ങള്‍ അതീവഗൗരവത്തോടെ കാണണം എന്നു പറയുന്നതും അതുകൊണ്ട് തന്നെയാണ്. ഓരോ അവസ്ഥയിലും രോഗത്തേക്കാള്‍ രോഗമുക്തി നേടിയതിന് ശേഷമാണ് ശ്രദ്ധിക്കേണ്ടത് എന്നത് തന്നെയാണ് പ്രധാനം.

4.പ്രമേഹം, കൊളസ്‌ട്രോള്‍ പരിശോധനകള്‍

ടൈപ്പ് -1, ടൈപ്പ് -2 പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിത ശൈലീ രോഗാവസ്ഥകള്‍ ഉണ്ടെങ്കിലോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലോ രോഗമുക്തിക്ക് ശേഷം പതിവ് മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തേണ്ടതാണ്. ഉദാഹരണത്തിന്, പല COVID രോഗികള്‍ക്കും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മാറിക്കൊണ്ടിരിക്കും (സാധാരണയേക്കാള്‍ ഉയര്‍ന്നതും താഴ്ന്നതുമാണ്). രോഗമുക്തിക്ക് ശേഷവും മരുന്നുകളുടെ ഉപയോഗത്തിലും ഡോക്ടറുടെ ഉപദേശം ആവശ്യമായി വന്നേക്കാം. പതിവ് പരിശോധനകള്‍ നടത്തുന്നതോടൊപ്പം തന്നെ രോഗത്തെക്കുറിച്ച് കൃത്യമായി തിരിച്ചറിയുന്നതിനും ശ്രദ്ധിക്കുക.

5.ന്യൂറോ ഫംഗ്ഷന്‍ ടെസ്റ്റുകള്‍

പല രോഗികളിലും സുഖം പ്രാപിച്ച് ആഴ്ചകളും മാസങ്ങളും കഴിഞ്ഞ് ന്യൂറോളജിക്കല്‍, സൈക്കോളജിക്കല്‍ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ഇത് ദൈനംദിന ആരോഗ്യത്തെ ബാധിക്കും. ഈ ലക്ഷണങ്ങളാകട്ടെ ഇപ്പോള്‍ ആശങ്കാജനകമാണ്. രോഗമുക്തിക്ക് ശേഷം മസ്തിഷ്‌കത്തിന്റെയും ന്യൂറോളജിക്കല്‍ ഫംഗ്ഷന്‍ ടെസ്റ്റുകളുടെയും പ്രാധാന്യം കൂടുതല്‍ മെഡിക്കല്‍ വിദഗ്ധര്‍ ഊന്നിപ്പറയുന്നുണ്ട്. കോവിഡ് രോഗമുക്തിക്ക് ശേഷം ഓര്‍മ്മക്കുറവ്, ഉത്കണ്ഠ, തലകറക്കം, ക്ഷീണം തുടങ്ങിയ COVID ന്റെ നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങളും പരിശോധിക്കണം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് അപകടസാധ്യത കൂടുതലുള്ളതിനാല്‍ മുന്‍ഗണനാ പരിശോധനയും ആവശ്യമാണ്.

6.വിറ്റാമിന്‍ ഡി പരിശോധന

രോഗപ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. രോഗമുക്തി സമയത്ത് വിറ്റാമിന്‍ ഡി നല്‍കുന്നത് നിര്‍ണായകമാകുമെന്നും രോഗം മാറുന്നത് വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍, വിറ്റാമിന്‍-ഡി ടെസ്റ്റ് പോലുള്ള ഒരു അവശ്യ പരിശോധന നടത്തുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുകയും കൃത്യമായി ശാരീരികാരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

7.സ്‌കാനിംഗ്

രോഗത്തിന്റെ തീവ്രത കണ്ടെത്തുന്നതിലെ കൃത്യതയ്ക്കായി എച്ച്ആര്‍സിടി സ്‌കാനിംങുകള്‍ പലപ്പോഴും നടത്താറുണ്ട്. COVID-19 മൂലമുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങള്‍ ഇത്തരം സ്‌കാനിംങുകളില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. COVID ന് ശേഷം മിക്ക ആളുകളുടെയും ശ്വാസകോശം സുഖം പ്രാപിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍, ഉയര്‍ന്ന തോതിലുള്ള വൈറസിന്റെ പ്രവേശനവും വൈറല്‍ അണുബാധയും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഗമമുക്തി ലഭിച്ചതിന് ശേഷവും ആവര്‍ത്തിച്ചുള്ള സിടി സ്‌കാനുകളും ശ്വാസകോശ പ്രവര്‍ത്തന പരിശോധനകളും നടത്തേണ്ടത് അത്യാവശ്യമാണ്.

ശരീരം എത്രത്തോളം വൈറസിനെ പ്രതിരോധിച്ചു എന്നും ശരീരത്തെ ഏതൊക്കെ രീതിയില്‍ ഇത് ബാധിച്ചു എന്നും ആണ് ആദ്യം മനസ്സിലാക്കേണ്ടത്. കഠിനമായ അണുബാധയിലൂടെ കടന്നുപോയോ എന്ന് പരിശോധിക്കുന്നതിന് പരിശോധനകളും സ്‌കാനുകളും വളരെ അത്യാവശ്യമാണ്. വൈറസ് ശ്വാസകോശം ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളെ ആഴത്തില്‍ സ്വാധീനിക്കുമെന്ന് കൂടുതല്‍ തെളിവുകള്‍ ഉള്ളതിനാല്‍ പോസ്റ്റ് കൊവിഡ് ടെസ്റ്റുകള്‍ നടത്തേണ്ടത് അത്യാവശ്യം തന്നെയാണ്.

Related posts