Nammude Arogyam
General

കണ്ണിനെ ബാധിക്കുന്ന മയോകൈമിയയെക്കുറിച്ചറിയാം

നമ്മുടെ ശരീരം തന്നെ പലപ്പോഴും പല തരത്തിലെ രോഗ സൂചനകളും പ്രശ്‌നങ്ങളുമെല്ലാം നമ്മെ മുന്‍കൂട്ടി അറിയിക്കും. അത് പലപ്പോഴായി പല അടയാളങ്ങളായി ശരീരത്തില്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാന്‍ നമുക്കു സാധിയ്ക്കാതെ വരുന്നതാണ് പ്രശ്‌നം. പലപ്പോഴും ആരോഗ്യാവസ്ഥ മോശമാകുന്നത് വരെ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ തിരിച്ചറിയപ്പെടാതെയും ഇരിക്കാറുണ്ട്. ഇത്തരത്തില്‍ ഒന്നാണ് കണ്ണു തുടിയ്ക്കുന്നത്. ഇതില്‍ എന്താണ് ഇത്ര വലിയ കാര്യം എന്ന് പലര്‍ക്കും തോന്നിയേക്കാം. പലരും ഇത് വിശ്വാസ സംബന്ധമായ കാര്യവുമായി ബന്ധപ്പെടുത്തി പറയുന്നതുമാണ്. എന്നാല്‍ കണ്ണു തുടിയ്ക്കുന്നത് ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണെന്ന് എത്ര പേർക്കറിയാം?

കണ്ണു തുടിയ്ക്കുന്നതിന് സ്‌ട്രെസ്, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമായി വരുന്നുണ്ട്. ഇത് അല്‍പസമയത്തേക്ക് നീണ്ടു നിന്ന ശേഷം തനിയെത്തന്നെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് ദീര്‍ഘമായ സമയത്തേക്ക്, ഒരുപക്ഷേ രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരേ തുടര്‍ച്ചയായി കണ്ടേക്കാം. മയോകൈമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.

പ്രധാനമായും വിറ്റാമിന്‍ ബി12ന്റെ കുറവ് കാരണമാണ്‌ മയോകൈമിയ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ ഉണ്ടാകുന്നത്. നാഡീ സംബന്ധമായ പ്രശ്‌നങ്ങളാണ് പ്രധാനമായും മയോകൈമിയക്കു കാരണമാകുന്നത്. വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലാണ് വിറ്റാമിന്‍ ബി12 കുറവ് ഏറെയും കാണുന്നത്. കാരണം, പ്രധാനമായും മാംസാഹാരത്തിലൂടെയാണ് വിറ്റാമിന്‍ ബി12 നമ്മുടെ ശരീരത്തിലെത്തുന്നത്. നാഡീ ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിന്‍ ബി 12 ഏറെ അത്യാവശ്യമായ ഘടകമാണ്. അതിനാല്‍ തന്നെ വൈറ്റമിന്‍ ബി 12 കുറയുമ്പോള്‍ അത് നെര്‍വ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇതാണ് കണ്ണു തുടിയ്ക്കാന്‍ കാരണമാകുന്നത്.

അതുപോലെ തന്നെ വൈറ്റമിന്‍ ഡിയുടെ കുറവും പരോക്ഷമായി കണ്ണില്‍ ഈ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇലക്ട്രോളൈറ്റുകളും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമാണ്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറിന്‍, ഫോസ്‌ഫേറ്റ് എന്നിവയെല്ലാം ഇലക്ട്രോളൈറ്റുകളാണ്.നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയും പേശികളില്‍ തുടിപ്പും വേദനയും ഉണ്ടാകാന്‍ കാരണമാകാറുണ്ട്. ഇക്കാര്യം കണ്ണിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. ഇവയുടെ കുറവും ഇതിനാല്‍ തന്നെ കണ്ണു തുടിയ്ക്കാന്‍ ഇടയാക്കുന്നു.

അമിതമായി മദ്യം കഴിയ്ക്കുക, കഫീന്‍ ഉപയോഗം കൂടുക എന്നിവയെല്ലാം തന്നെ മയോകൈമിയ എന്ന ഈ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. അസാധാരണമായ തരത്തില്‍ കണ്ണില്‍ തുടിപ്പ് അനുഭവപ്പെടുന്ന പക്ഷം മെഡിക്കല്‍ സഹായം തേടുന്നതാണ് നല്ലത്. ഇതിലൂടെ കണ്ണിലെ തുടിപ്പിനു പുറകിലെ വ്യക്തമായ കാരണം, കണ്ടെത്താന്‍ സാധിയ്ക്കും.

Related posts