Nammude Arogyam
Covid-19General

ഓക്സിജൻ കോൺസൻട്രേറ്ററും കോവിഡ് രോഗിയും

രാജ്യത്തും നമ്മുടെ സംസ്ഥാനത്തും കൊറോണവൈറസ് കേസുകൾ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രി കിടക്കയുടെ എണ്ണം കുറയുന്നതും നാം കാണുന്നതാണ്. പലയിടത്തും ഓക്സിജൻ ദൗർലഭ്യമാണ്. ഓക്സിജൻ ലഭിക്കാത്ത മൂലം പലർക്കും ജീവൻ നഷ്ടപ്പെടുന്നു. ഓക്സിജൻ ക്ഷാമത്തെ നേരിടാൻ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എങ്ങനെ സഹായിക്കുന്നു എന്നറിയാം.

കൊറോണ വൈറസിന്റെ ഈ മാരകമായ രണ്ടാം തരംഗ സമയത്ത് ഓക്സിജന്റെ അടിസ്ഥാന ആവശ്യകതയിലേക്ക് ഉറ്റുനോക്കുമ്പോൾ ആദ്യം നൽകുന്ന പരിഗണന ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്കാണ്. ഇന്ത്യയിൽ പുതിയ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഓക്സിജന്റെ അഭാവം കൊണ്ട് കൂടുതൽ രോഗികൾക്ക് അവരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഒക്സിജൻ ലഭ്യതയെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യം തന്നെയാണ്.

മുറിയിൽ നിന്നോ അതല്ലെങ്കിൽ സമീപ പരിസരങ്ങളിൽ നിന്നോ ഓക്സിജൻ സ്വീകരിച്ച് അത് ശുദ്ധീകരിച്ച് രോഗിക്ക് അല്ലെങ്കിൽ ആവശ്യമുള്ള വ്യക്തിക്ക് ഓക്സിജൻ ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ. ആശുപത്രികളിൽ വൈദ്യശാസ്ത്രപരമായി ഉത്ഭവിക്കുന്ന ഓക്സിജനിൽ നിന്ന് വ്യത്യസ്തമായി വ്യാവസായിക യൂണിറ്റുകൾ വഴി സിലിണ്ടറുകളുടെ രൂപത്തിൽ അല്ല ഇത് ലഭിക്കുന്നത്. അതിനാൽ തന്നെ ഇത് റിഫിൽ ചെയ്യേണ്ട ആവശ്യമില്ല.

വിദഗ്ധരും ഡോക്ടർമാരും പറയുന്നതനുസരിച്ച് മാത്രമേ വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാവൂ. വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്.

1.ഒരാൾ ദീർഘനേരം ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, മുറി നന്നായി വായുസഞ്ചാരമുള്ളതാണെന്നും ശുദ്ധവായു നിരന്തരം എത്തുന്നുണ്ടെന്നും ഉറപ്പാക്കണം. അതിനാൽ വാതിലുകളും ജനലുകളും എല്ലായ്‌പ്പോഴും തുറന്നിടണം.

2.ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറുകൾക്കായി കാത്തിരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ഉപകരണം ഉപയോഗിക്കാമെന്ന് ശുപാർശ ചെയ്യുന്നുണ്ട്. ശ്വസനവും ഓക്സിജേഷനും മെച്ചപ്പെടുത്തുന്നതിനുള്ള വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട വിദ്യയാണ് പ്രോണിംഗ്. ഇതും പിന്തുടരാം എന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

3.ഓക്സിജൻ കോൺസെൻട്രേറ്റർ കണക്റ്റു ചെയ്‌തിരിക്കുന്ന ഒരു രോഗി വശങ്ങളിലേക്ക് തിരിഞ്ഞ് പ്രോണിങ് ചെയ്യുേമ്പാൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പോലുള്ള ഒരു മെഷീനിൽ നിന്ന് ഒരാൾക്ക് പരമാവധി ഔട്ട്പുട്ട് ലഭിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.

4.ഗുരുതര അവസ്ഥയിലുള്ള രോഗികൾക്ക് ആശുപത്രിയിലെത്താനുള്ള സമയം നീട്ടിക്കിട്ടാൻ ഇവ ഉപയോഗിക്കാം. പക്ഷേ ആ അവസ്ഥയിൽ അധിക സമയം വൈകിക്കരുത്.

രണ്ട് തരം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിപണിയിൽ ലഭ്യമാണ്, ഒന്ന് പോർട്ടബിൾ യൂണിറ്റ്, രണ്ടാമത്തേത് ഹോം യൂണിറ്റ്. പോർട്ടബിൾ യൂണിറ്റുകൾ, പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വൈദ്യുത സ്രോതസ്സും ആവശ്യമില്ലാത്ത ഒന്നാണ്. അവ ഒപ്പം കൊണ്ടുപോകാനും കഴിയും. ഇത് കൂടുതലും വിട്ടുമാറാത്തതും എന്നാൽ സ്ഥിരവുമായ ശ്വാസകോശ സംബന്ധമായ രോഗികൾക്കാണ് ഉപയോഗിക്കുന്നത്.

അതേസമയം, പ്ലഗ് പോയിൻറ് ആവശ്യമുള്ള ഉപകരണമാണ് ഹോം യൂണിറ്റുകൾ. ഇത് തുടർച്ചയായ ഓക്സിജൻ നൽകുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, കോവിഡ് 19 രോഗികൾക്കായി ശുപാർശ ചെയ്യുന്നത് ഹോം യൂണിറ്റുകളാണ്.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഒ.പി.ഐ പരിശോധിക്കുക (ഓക്സിജൻ പ്യൂരിറ്റി ഇൻഡിക്കേറ്റർ): ഓക്സിജൻ കോൺസെൻട്രേറ്റർ വാങ്ങുമ്പോൾ, അതിന്റെ ഒപിഐ പരിശോധിക്കേണ്ടത് പ്രധാനമാണ്. അതായത് ഓക്സിജൻ പ്യൂരിറ്റി ഇൻഡിക്കേറ്റർ, ഇത് ഓക്സിജന്റെ ശുദ്ധത കാണിക്കുന്നു. ഇത് 87 ശതമാനത്തിൽ താഴെയാകരുതെന്ന് വിദഗ്ദ്ധർ പറയുന്നു.

2.ഓക്സിജൻ കോൺസെൻട്രേറ്ററിെൻറ ശേഷി പരിശോധിക്കുക: 1 എൽപിഎം മുതൽ 10 എൽപിഎം വരെ (ലിറ്റർ പെർ മിനിറ്റ് ) ഓപ്ഷനുകൾ ലഭ്യമാണ്. അവ വാങ്ങേണ്ടത് ഡോക്ടറുടെ ഉപദേശ പ്രകാരമായിരിക്കണം.

ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വില അല്പം കൂടുതലാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഈ അവസരം മുതലെടുക്കുന്ന വില്പനക്കാരുമുണ്ട്. അതിനാൽ ശ്രദ്ധിച്ച് വിശ്വസിക്കാവുന്ന ഇടങ്ങളിൽ നിന്ന് വേണം ഇവ വാങ്ങാൻ.

Related posts