Nammude Arogyam
Covid-19

ആവശ്യത്തിന് മതിട്ടോ സാനിറ്റൈസർ ഉപയോഗം

സാനിറ്റൈസറോ, അതെന്താ സാധനം ? ഈ ചോദ്യം പോലെ തന്നെ സാനിറ്റൈസർ എന്ന പദം പോലും ആദ്യമായിട്ടായിരിക്കും ചിലരെങ്കിലും കേട്ടിരിക്കുക. കൊറോണ വൈറസ് ഉറഞ്ഞ് തുള്ളൽ തുടങ്ങിയ ശേഷമാണ് ഈ പറയുന്ന സാനിറ്റൈസറും, മാസ്കുമൊക്കെ നമ്മുടെ വീടുകളിലെത്തിയത്. ഈ രണ്ടു പേരും അതിഥികളായിട്ടാണ് ആദ്യം വന്നതെങ്കിലും, ഇപ്പോൾ നമ്മുടെ വീട്ടിലെ അംഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.

കൊറോണ വൈറസ് അതിൻ്റെ ഉഗ്രരൂപം പൂണ്ട ഈ സമയത്ത് പുറത്ത് പോകുമ്പോൾ കയ്യിൽ മാസ്കും, സാനിറ്റൈസറും കരുതാത്തവരായിട്ട് വളരെ ചുരുക്കം ആളുകളെ ഉണ്ടാകൂ (പണി കിട്ടുമ്പോൾ പഠിക്കും). പുറത്ത് പോകുമ്പോൾ വസ്ത്രത്തിന് അനുയോജ്യമായ നിറത്തിൽ മാസ്ക് ധരിക്കുന്നവർ മുതൽ പെർഫ്യൂമിന് പകരം സാനിറ്റൈസർ പെർഫ്യൂമായിട്ട് ഉപയോഗിക്കുന്നവർ വരെ നമ്മുക്കിടയിലുണ്ട് (ചിലരെങ്കിലുമുണ്ട് കേട്ടോ). ഇതെല്ലാം തന്നെ ചെയ്യുമ്പോഴും എല്ലാവരുടെയും മനസ്സിൽ ഒറ്റ ലക്ഷ്യമേയുള്ളൂ, പണ്ട് ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച പോലെ കൊറോണ വൈറസിനെയും ഓടിക്കണമെന്ന്. എന്നാൽ കൊറോണ വൈറസിനെ ഇന്നല്ലെങ്കിൽ നാളെത്തന്നെ ഓടിക്കണം, എന്ന് കരുതി കയ്യിലുള്ള സാനിറ്റൈസർ കൂടുതൽ ഉപയോഗിച്ചാലുണ്ടല്ലോ പുറകെ വരും പണികൾ (അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ). അതായത് സാനിറ്റൈസറിൻ്റെ അധിക ഉപയോഗം മറ്റു ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സാരം.

വൈറസിൻ്റെ വ്യാപനം തടയുന്നതിനായി സാനിറ്റൈസറുകളുടെ ഉപയോഗം ഏറ്റവും സഹായകമാണെന്ന കാര്യം നമുക്കറിയാം. രോഗകാരികളായ അണുക്കളെയും ബാക്ടീരിയകളെയും ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിൽ ഇവ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ സാനിറ്റൈസറിൻ്റെ അമിത ഉപയോഗം നമ്മുടെ ചർമത്തിലെ നല്ല ബാക്ടീരിയകളെ നശിപ്പിച്ചു കളയുന്നതിന് കാരണമാകുന്നു. അത് എങ്ങനെയെന്ന് നോക്കാം.

സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാനിറ്റൈസറിൻ്റെ അമിത ഉപയോഗം ചർമത്തിലെ നല്ല ബാക്ടീരിയകളെ കൂടി നശിപ്പിച്ചു കളയുന്നതിന് കാരണമാകുന്നു. അത് ചർമ്മ വീക്കം പോലുള്ള കഠിനമായ പ്രശ്‌നങ്ങൾക്ക് കാരണമായി മാറിയേക്കാമെന്ന് പറയപ്പെടുന്നുണ്ട്. ചർമത്തിലെ വരൾച്ച, പൊള്ളൽ, തിണർപ്പ്, ചുവന്ന പാടുകൾ എന്നിവയടക്കമുള്ള പ്രശ്‌നങ്ങൾ സാനിറ്റൈസറിൻ്റെ അമിത ഉപയോഗം കാരണം നിരവധി ആളുകൾക്ക് ഉണ്ടാവുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

സാനിറ്റൈസറിൻ്റെ അമിത ഉപയോഗത്തിലൂടെ നമ്മുടെ ചർമ്മത്തിൽ അസാധാരണമായി എന്തെങ്കിലും ഉണ്ടായാൽ, അതിൽ നിന്നും രക്ഷ നേടാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും ആദ്യം അറിയേണ്ട കാര്യം സ്പിരിറ്റ് അടങ്ങിയതും, സ്പിരിറ്റ് അടങ്ങാത്തതുമായ സാനിറ്റൈസറുകൾ ഇന്ന് ലഭ്യമാണ്. ഇവ രണ്ടും മികച്ച ഫലങ്ങൾ നൽകുന്നതുമാണ്.

പരിമിതമായ അളവിൽ സാനിറ്റൈസർ ഉപയോഗിച്ചാലും അണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതിൽ ഇത് ശരിക്കും ഫലപ്രദമാണ്. എന്നാൽ ഓരോ തവണയും സാനിറ്റൈസർ എടുക്കുന്ന അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. സാനിറ്റൈസർ അമിതമായാൽ, ചർമ്മത്തെ എളുപ്പത്തിൽ നശിപ്പിച്ചു കളയും. ഇത് പലപ്പോഴും ചർമരോഗങ്ങൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു.

ലഭ്യമായ സാനിറ്റൈസറുകളിൽ അനാവശ്യ രാസമാലിന്യത്തിന്റെ സാന്നിധ്യം അമിതമായി ഉണ്ടാവുകയാണെങ്കിൽ അത് ഭയാനകമായ രീതിയിൽ ചർമത്തെ ബാധിക്കുന്നതാണ്. ചർമ്മത്തിന്റെ ഘടന ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഓരോരുത്തരിലും സാനിറ്റൈസറുകളിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളുടെ ഘടനയനുസരിച്ച് വ്യത്യസ്ത പ്രതികരണ ലക്ഷണങ്ങൾ പ്രകടമാകുന്നു.

സാനിറ്റൈസറിൻ്റെ അമിത ഉപയോഗത്തിലൂടെ നമ്മുടെ ചർമ്മത്തിൽ അസാധാരണമായി എന്തെങ്കിലും ഉണ്ടായാൽ, അതിൽ നിന്നും രക്ഷ നേടാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാനിറ്റൈസർ ഒരു ദിവസം തന്നെ പലതവണ തുടർച്ചയായി ഉപയോഗിച്ചാൽ, നമ്മുടെ ചർമ്മം വളരെ പെട്ടെന്ന് തന്നെ അതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. അത്തരം സന്ദർഭങ്ങളിൽ കുറച്ചു നേരത്തേക്ക് സാനിറ്റൈസർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടുവൈദ്യങ്ങൾ എന്നോണം, ഈ സമയം ഏതെങ്കിലും നല്ല മോയ്‌സ്ചുറൈസറുകളോ ചർമ്മ ഓയിൽമെൻ്റുകളോ പ്രയോഗിക്കാം. ഇത് ചർമ്മത്തിന് ശാന്തഗുണങ്ങൾ പകർന്നുകൊണ്ട് ചർമ്മത്തെ സാന്ത്വനപെടുത്താൻ വഴിയൊരുക്കും. അക്വാപോറിൻ അടങ്ങിയ മോയ്‌സ്ചുറൈസറുകൾ രാത്രിയിൽ ചർമ്മത്തിന് ഉപയോഗിക്കുന്നത് നല്ലതാണ്.

ചൊറിച്ചിൽ അല്ലെങ്കിൽ വരണ്ട ചർമ്മത്തിൻ്റെ ലക്ഷണങ്ങളാൽ കഷ്ടപ്പെടുന്ന നേരത്ത്, മോയ്‌സ്ചുറൈസറുകളുടെ ഉപയോഗം ഒരു പരിധിവരെ അവ കുറക്കാൻ സഹായിക്കും. സാനിറ്റൈസർ ഉപയോഗിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇത്തരം മോയ്‌സ്ചുറൈസറുകൾ ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇവയുടെ ഉപയോഗം വരണ്ട ചർമ്മത്തിന്റെ സാധ്യത ഇല്ലാതാക്കുന്നു. ചൊറിച്ചിൽ, വീക്കം, സോറിയാസിസ് എന്നിവ പോലുള്ള പ്രശ്‌നങ്ങളെ ഇത് ചെറുത്തു നിർത്തുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ ഘടന അനുസരിച്ച് സാനിറ്റൈസർ അലർജി ലക്ഷണങ്ങൾ ഉണ്ടാവുന്നത് തടയുന്നതിന് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതിനെ പറ്റി ആലോചിക്കുക. സോപ്പ് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് കൊണ്ട് തന്നെ സാനിറ്റൈസർ അലർജിയുള്ളവർക്ക് ഏതെങ്കിലുമൊരു ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ചും കൈകൾ വൃത്തിയാക്കാം.

വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചിട്ടും ചർമ്മത്തിലെ അലർജി കൂടുകയാണെങ്കിൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

Related posts