Nammude Arogyam
Covid-19General

വർക്ക് ഫ്രം ഹോം നടുവൊടിക്കുന്നോ – ശ്രദ്ധിക്കേണ്ടതെന്തൊക്കെ

കൊറോണ വൈറസ് നമ്മുടെയെല്ലാം ജീവിതത്തിൽ വരുത്തിയത് ചില്ലറ മാറ്റങ്ങളൊന്നുമല്ല. യാത്രകൾ കുറഞ്ഞു, സാമൂഹിക അകലം പാലിച്ചു, മാസ്കും സാനിറ്റൈസറും വീട്ടുകാരായി, ജീവിത തിരക്കിൽപ്പെട്ട് വിവിധയിടങ്ങളിലായിരുന്നവർ ഇപ്പോൾ ഒരുമിച്ചായി തുടങ്ങി അനവധി മാറ്റങ്ങൾ നമ്മളിൽ ഓരോരുത്തരിലും ഉണ്ടായി. മാറിയ ജീവിതശൈലിയുടെ ഭാഗമായി ചിലരിലെങ്കിലും വന്ന മാറ്റമാണ് വർക്ക് ഫ്രം ഹോം. പല വിദേശ രാജ്യങ്ങളിലും ഈ രീതി തുടങ്ങിയിട്ട് നാളുകൾ ഒരുപാടായി. എന്നാല്‍

കൊറോണ വൈറസ് വ്യാപനത്തോടെയാണ് നമ്മുടെ നാട്ടില്‍ ഈ രീതി തുടങ്ങിയത്. ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ജോലികള്‍ വീട്ടിലിരുന്നു തന്നെ മുന്നോട്ടു നീക്കാം.

ചിന്തിക്കുമ്പോള്‍ ഇത് സുഖകരമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല. കാരണം, വര്‍ക്ക് ഫ്രം ഹോം പലവിധ ആരോഗ്യ, മാനസിക അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ഒരിക്കലും ഓഫീസ് അന്തരീക്ഷം പോലെയായിരിക്കില്ല വീട്. ജോലിക്കായി ക്രമീകരിച്ച ഓഫീസ് അന്തരീക്ഷം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ലഭിച്ചെന്നു വരില്ല. വര്‍ക്ക് ഫ്രം ഹോം പലര്‍ക്കും മാനസികമായും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുവെന്ന് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വർക്ക് ഫ്രം ഹോമിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വര്‍ക്ക് ഫ്രം ഹോം ജീവിതശൈലി കൂടുതൽ ബാധിക്കുന്നത് നമ്മുടെ നട്ടെല്ലിനെയാണ്. കാരണം ഒരു കമ്പ്യൂട്ടറിനോ, ലാപ്‌ടോപിനോ മുന്നില്‍ ദിവസവും എട്ടോ ഒന്‍പതോ അതിലധികമോ സമയം ചിലവഴിക്കുന്നു. ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ കൃത്യമായി ക്രമീകരിച്ച ടേബിളും കസേരയുമൊക്കെ ഉപയോഗപ്പെടുത്തി കമ്പ്യൂട്ടറിനു മുന്നില്‍ ജോലി ചെയ്യുന്നു. എന്നാല്‍ വീട്ടില്‍ ജോലി ചെയ്യുന്നതില്‍ പലരും ഇതില്‍ നിന്നൊക്കെ നേരെ എതിരായിട്ടായിരിക്കാം. ശരിയായ രീതിയില്‍ ഇരിക്കാതെയോ കിടന്നിട്ടോ ഒക്കെ ലാപ്‌ടോപ്പിലൂടെ ജോലി ചെയ്യുന്നു. കൃത്യമായ ഇരിപ്പിടം ക്രമീകരിക്കാതെയുള്ള ഈ ദീര്‍ഘനേര ജോലികള്‍ നമ്മുടെ നട്ടെല്ലിനെ സാരമായി ബാധിക്കുന്നു. തെറ്റായ ഇരിപ്പ് നട്ടെല്ലിന്റെ സ്വാഭാവിക വിന്യാസത്തിന് വിരുദ്ധമാണ്. മുന്നോട്ട് ആഞ്ഞിരിക്കുന്നത് ഇടുപ്പില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അത് പോലെ തന്നെ വളരെ നേരം ഇരിക്കുന്നവര്‍ക്ക് അവരുടെ പിന്നിലെ പേശികള്‍, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ഇതെല്ലാം ദീർഘകാല നടുവേദനക്ക് കാരണമാകുന്നു

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയത്ത് പലരും സമയവും കാലവുമൊന്നും നോക്കാതെ പണിയെടുക്കുന്നു. ഇത് പിന്നീട് ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന തുടങ്ങിയവയ്ക്കെല്ലാം കാരണമാകുന്നു. അത് പോലെ തന്നെ ദീർഘനേരമുള്ള ഇത്തരം ജോലി നമ്മുടെ കണ്ണുകളെയും സമ്മർദത്തിലാക്കുന്നു.

വര്‍ക്ക് ഫ്രം ഹോം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഗൗരവമേറിയതാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.

1.കൃത്യമായ ഇരിപ്പിടം-കട്ടിലിലോ നിലത്തോ വച്ച് ലാപ്‌ടോപ്പിനു മുന്നില്‍ ഇരുന്ന് പണിയെടുക്കുന്നതിലും വലുതായി നടുവിനെ തളര്‍ത്തുന്ന മറ്റൊരു കാര്യമില്ല. ജോലികള്‍ ചെയ്യാനായി വീട്ടിലും ഒരു അന്തരീക്ഷം തയാറാക്കിയെടുക്കുക. ഇതിനായി ഒരു മുറിയില്‍ ടേബിളും കസേരയും കൃത്യമായ ലൈറ്റിംഗും സജ്ജീകരിക്കുക. കമ്പ്യൂട്ടറിനോ ലാപ്‌ടോപ്പിനോ മുന്നിലുരുന്ന് പണിയെടുക്കുമ്പോള്‍ നടു നിവര്‍ത്തിയിരിക്കുക. ഇടയ്ക്കിടെ ലഘുവായ സ്‌ട്രെച്ചിംഗുകളും നടത്തുക. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക.

2.ഇടവേളകള്‍ എടുക്കുക-ദീര്‍ഘനേരം ഇരുന്ന് പണിയെടുക്കുന്നതിനിടെ ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക. ഇത് കാലുകളില്‍ രക്തം ഒഴുകാന്‍ അനുവദിക്കുന്നു, അതുവഴി പേശികളുടെ പ്രയാസവും കുറയുന്നു. അതുപോലെ, പുറത്തെയും കഴുത്തിലെയും പേശികളുടെ അസ്വസ്ഥതകള്‍ തീര്‍ക്കാന്‍ പതിവായി പുറം, കഴുത്ത് വ്യായാമങ്ങള്‍ ചെയ്യുക.

3.സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍-കഴുത്ത്, തോളുകള്‍, പുറം എന്നിവയ്ക്കായി ദിനവും അല്‍പനേരം സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക. ഇത് അടിവയറ്റിലെയും പുറകിലെയും നിതംബത്തിലെയും പ്രധാന പേശികളെ ശക്തിപ്പെടുത്തുകയും, പുറത്തെയും കഴുത്തിലെയും പേശികളുടെ അസ്വസ്ഥതകള്‍ തീര്‍ക്കുകയും ചെയ്യുന്നു.

4.നിങ്ങളുടെ ശരീര സിഗ്‌നലുകള്‍ അവഗണിക്കാതിരിക്കുക-മിക്കപ്പോഴും, നീണ്ട നേരം ഇരിക്കുമ്പോള്‍, നമ്മുടെ പുറകില്‍ മരവിപ്പ് അനുഭവപ്പെടുകയോ നട്ടെല്ല് കുത്തുകയോ കഴുത്ത് വേദനിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഉണ്ടായാൽ, ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി നിര്‍ത്തുക, എഴുന്നേല്‍ക്കുക, കുറച്ച് നടക്കുക, കുറച്ച് സ്‌ട്രെച്ചിംഗ് ചെയ്യുക, ആഴത്തില്‍ ശ്വസിക്കുക, കഴുത്തും പേശികളും ചലിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക. നിങ്ങള്‍ ജോലി പുനരാരംഭിക്കുമ്പോള്‍, സാധ്യമെങ്കില്‍ മറ്റൊരു ഇരിക്കുന്ന പൊസിഷന്‍ പരീക്ഷിക്കുക.

നടുവേദന തടയാന്‍

ജീവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നടുവേദന അനുഭവപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും.

1.പുറത്തെ പേശികളെ ആരോഗ്യകരവും വഴക്കമുള്ളതുമായി നിലനിര്‍ത്തുന്നതിന് പതിവായി വ്യായാമം ചെയ്യുക.

2.ദീര്‍ഘനേരം ഇരിക്കുന്നത് ഒഴിവാക്കുക.

3.ഇരിക്കുമ്പോള്‍, നല്ല പൊസിഷനില്‍ ഇരുക്കുക.

4.നട്ടെല്ല് ദീര്‍ഘനേരം മരവിപ്പില്‍ തുടരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. 5.ദിവസവും ആവശ്യത്തിന് ഉറക്കം നേടുക.

6.ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തുക.

Related posts