രാവിലെ എഴുന്നേറ്റാല്‍ തല കറക്കമെന്നത് പലരും പരാതി പറയുന്നത് കേള്‍ക്കാം. എന്നാല്‍ പലര്‍ക്കും ഇതിന്റെ കാരണവും അറിയില്ല. ചിലര്‍ക്ക് ഇതിനൊപ്പം നടക്കുമ്പോള്‍ ബാലന്‍സ് പോകുന്നതും കാണാറുണ്ട്. ബിപി അടക്കമുള്ള പല രോഗങ്ങള്‍ക്കും തല കറക്കം പ്രധാന ലക്ഷണമാണ്. ചെവി സംബന്ധമായ പല പ്രശ്‌നങ്ങളും ഇത്തരം തല കറക്കത്തിന് കാരണമാകുന്നു. ചെവിക്കായം പോലുള്ള അവസ്ഥകള്‍ വരെ ചിലപ്പോള്‍ ഇത്തരം തല കറക്കത്തിന് കാരണമാകുന്നു. ചെവിയുടെ ഉള്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാര്‍ ഭാഗം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
പനിയെത്തുടര്‍ന്നുണ്ടാകുന്ന നീര്‍വീക്കം വെസ്റ്റിബുലാര്‍ നാഡിയെ ബാധിച്ച് തലകറക്കം ഉണ്ടാകാം. ഇതിന് കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. കേള്‍വിയെ ബാധിക്കുന്നില്ലെങ്കിലും തലചുറ്റലും ബാലന്‍സ് നഷ്ടപ്പെടലും നില്‍ക്കാം. കുറേ നാള്‍ നീണ്ടു നിന്നെന്നും വരാം. തലച്ചോറിലെ തകരാര്‍ മൂലം തലകറക്കമുണ്ടാകുമ്പോള്‍ കേള്‍വിക്കുറവ്, ചെവിക്കുള്ളിലെ മുഴക്കം തുടങ്ങിയ മററു പല ലക്ഷണങ്ങള്‍ കൂടി കണ്ടു വരുന്നു.
തലകറക്കത്തിനുള്ള ഒരു പ്രധാന കാരണമാണ് വെർട്ടിഗോ. വെര്‍ട്ടിഗോ എന്ന അവസ്ഥ പലരേയും അലട്ടുന്ന ഒന്നാണ്. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണിത്. തലകറക്കത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ് പൊസിഷണല്‍ വെര്‍ട്ടിഗോ. തല ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുമ്പോഴോ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോഴോ ഒക്കെ തലകറക്കം ഉണ്ടാകാം. തല കറക്കത്തിനൊപ്പം ശരീരത്തിന്റെ ബാലന്‍സ് കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. തലചുറ്റല്‍, ബാലന്‍സ് കിട്ടാതെ വരിക, ഒരു വശത്തേക്ക് വീഴുക, ഓക്കാനം, ഛര്‍ദ്ദി, കണ്ണിന് മങ്ങല്‍, ചെവിയില്‍ ഒരു തരം മുഴക്കം, തലവേദന എന്നിവയെല്ലാം തന്നെ ഇതിനൊപ്പം ഉണ്ടാകാം. നിശ്ചിത ഇടവേളകളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുവെങ്കില്‍ അത് വെര്‍ടിഗോയുടെ ലക്ഷണമാണ്. സാധാരണമായി ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുകയാണ് പതിവ്.

തല കറക്കവും ബാലന്‍സ് പോകുന്നതു കാരണവും വരുന്ന പ്രധാന പ്രശ്‌നമാണ് വീഴുകയെന്നത്. വീഴ്ചയുണ്ടാക്കാതെ ശ്രദ്ധിക്കണം. പ്രായമേറിയവരിലാണ് ഇത്തരം വീഴ്ചകള്‍ കൂടുതലായി കാണപ്പെടുന്നത്. കിടക്കയില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുകയും പെട്ടെന്ന് ഒരു വശത്തേക്ക് ചരിയുകയുമരുത്. ചാടിയെഴുന്നേല്‍ക്കുന്നതും നല്ലതല്ല. ശരീരത്തിന്, ബ്രെയിന് അതിനുളള സമയം നല്‍കിയ ശേഷം എഴുന്നേല്‍ക്കുക.കട്ടിലില്‍ കുറേനേരം ഇരുന്നതിനുശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ.രക്തസമ്മര്‍ദം നിയന്ത്രിക്കാനും, ഉറക്കക്കുറവിനും മരുന്ന് കഴിക്കുന്നവര്‍ സാവധാനം മാത്രം എഴുന്നേല്‍ക്കുകയും ബാലന്‍സ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
ബാലന്‍സ് നഷ്ടപ്പെടുന്നതിന് പരിഹാരമായി ചെയ്യാവുന്ന ചില വ്യായാമങ്ങളുണ്ട്. ഇവ ചെയ്യുന്നത് ഒരു പരിധി വരെ ഗുണം നല്‍കും. കൈകാലുകള്‍ക്കും കഴുത്തിനും വഴക്കവും ബലവും നല്‍കുന്ന വ്യായാമങ്ങളിലേര്‍പ്പെടുന്നതും ബാലന്‍സ് നഷ്ടപ്പെടുന്നതിന് പരിഹാരമായി സഹായിക്കും. സ്റ്റൂളില്‍ ഇരുന്നും എഴുന്നേറ്റും ചെയ്യുന്ന വ്യായാമം, കണ്ണിനും തലച്ചോറിനും ചെയ്യാവുന്ന വ്യായാമം, അതായത് കണ്ണുകള്‍ ചലിപ്പിച്ചു ചെയ്യാവുന്ന വ്യായാമങ്ങള്‍ എന്നിവ ബാലന്‍സ് തെറ്റാതിരിക്കാന്‍ സഹായിക്കും.
സാധാരണ ഇത്തരം അവസ്ഥകൾ ഒന്നോ , രണ്ടോ ദിവസത്തിനുള്ളിൽ മാറി വരാറുണ്ട്. എന്നാൽ ചിലരിൽ ഇത്തരം അവസ്ഥകൾ ദീർഘകാലം നീണ്ടു നിന്നെന്നും വരാം. അത്തരം അവസ്ഥകളിൽ വൈദ്യ സഹായം ഉറപ്പാക്കേണ്ടതാണ്.