Nammude Arogyam
General

വെള്ളത്തിലൂടെ തലച്ചോറിലെത്തിയേക്കാം മരണത്തിന് കാരണമാവും അമീബ

2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത പനിയും തലവേദനുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയ്ക്ക് മസ്തിഷിക ജ്വരം അഥവാ മെനിഞ്ചൈറ്റിസിനുള്ള ചികിത്സയാണ് ആദ്യം നല്‍കിയത്. കുട്ടി കായലില്‍ കുളിച്ചിരുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അമീബിക് മെനിഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്. പരിശോധനയില്‍ ഈ നിഗമനം ശരിയാണെന്ന് തെളി‍ഞ്ഞു. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്.

അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം നീഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്. വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേക്ക് പടരുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവിന്‍റെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലര്‍ത്തണം.

കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ കടക്കാം. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ഈ അമീബയ്ക്ക് കഴിയും. നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം.

ക്ലോറിനേഷന്‍ മൂലം നശിച്ചുപോകുന്നതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം മൂക്കില്‍ കടന്നാല്‍, അമീബ വെള്ളത്തില്‍ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു.

ഹൈലൈറ്റ്

നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്

കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ കടക്കാം

നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം

രോഗം പകരുന്നത്

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരില്ല. ജലത്തിലൂടെ മൂക്ക് വഴിയാണ് രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്. വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ മൂക്ക് വഴി തലച്ചോറിലും മെനിഞ്ചസിലുമെത്തുന്നു. ചെടി നനയ്ക്കുകയും മറ്റും ചെയ്യുന്ന ഹോസ് ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ജലം മുഖത്തേക്കു ചീറ്റിക്കുന്നതു വഴിയും വരാം.

എങ്ങനെ കണ്ടെത്താം

കടുത്ത പനിയും തലവേദനയുമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം. നട്ടെല്ലിനെയും തലച്ചോറിനെയും പൊതിഞ്ഞുനിൽക്കുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (CFF) പരിശോധിക്കുന്നതിലൂടെ രോഗം കണ്ടെത്താം. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ തന്നെ അമീബയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും.

കാലപരിതി , ചികിത്സ

രോഗാണു ശരീരത്തിൽ പ്രവേശിച്ച് 3 -7 ദിവസം കൊണ്ട് രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങും. രോഗത്തിന് പ്രത്യേക ചികിത്സയില്ല.അതിവേഗം പരിശോധനകൾ പൂർത്തിയാക്കി ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടങ്ങണം.വൈകുംതോറും രക്ഷപെടാനുള്ള സാധ്യത കുറയും.

വരാതെ നോക്കാം

1. നീന്തൽക്കുളങ്ങളും ജലാശയങ്ങളും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക, ക്ലോറിനേറ്റ് ചെയ്യുക.

2. സുരക്ഷിതമല്ലാത്ത ജലാശയങ്ങളിൽ, പ്രത്യേകിച്ചും ഇളംചൂടുള്ളിടങ്ങളിൽ ചാടുന്നതും നീന്തുന്നതും ഒഴിവാക്കുക.

3. സുരക്ഷിതമല്ലാത്ത വെള്ളത്തിൽ നസ്യം പോലുള്ളവ ചെയ്യുകയോ തല മുക്കിവച്ച് മുഖം കഴുകുകയോ അരുത്.

4. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ ചിലരില്‍ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല.

Related posts