മഴക്കാലം രോഗങ്ങളുടെയും കൂടി കാലമാണെന്ന് പറയാതെ വയ്യ. കാരണം ജലദോഷം, ചുമ എന്നിവ മുതല്‍ വൈറല്‍ പനി, സാംക്രമിക രോഗങ്ങള്‍ എന്നിവ വരെ തലയുയര്‍ത്തുന്ന കാലമാണിത്. ഇത്തരം അസുഖങ്ങള്‍ എല്ലാവരേയും ബാധിക്കുമെങ്കിലും പ്രമേഹ രോഗികള്‍ക്ക്, പ്രത്യേകിച്ച് ഈ സീസണില്‍ കൂടുതല്‍ ശ്രദ്ധയും സുരക്ഷാ മുന്‍കരുതലുകളും എടുക്കേണ്ടത് പ്രധാനമാണ്.
രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കാരണം പ്രമേഹമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി അല്‍പം ദുര്‍ബലമായിരിക്കാം. അതിനാല്‍, പ്രമേഹരോഗികള്‍ എടുക്കേണ്ട പ്രതിരോധ പരിചരണത്തിന്റെ തോതും കൂടുതലാണ്. മഴക്കാലത്ത് പ്രമേഹരോഗികള്‍ ആരോഗ്യത്തോടെയിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് നോക്കാം.
1.ജലാംശം നിലനിര്‍ത്തുക
വേനല്‍ക്കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താപനില കുറയുന്നതിനാല്‍, മഴക്കാലത്ത് പലപ്പോഴും ദാഹം തോന്നണമെന്നില്ല. മാത്രമല്ല, വെള്ളം കുടിക്കാന്‍ എളുപ്പത്തില്‍ മറക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. പഞ്ചസാര ഉള്ളതിനാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങളോ പാക്ക് ചെയ്ത ജ്യൂസുകളോ കുടിക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ തയാറാക്കിയ ജ്യൂസുകള്‍ കഴിക്കുക, തേങ്ങാവെള്ളവും നല്ലതാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിനായി ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ഒരു ദിവസം 10-14 ഗ്ലാസ് വെള്ളം കുടിക്കുക.
2.ശുചിത്വം
മഴക്കാലത്ത് പരിസരങ്ങള്‍ മലിനമായതും വൃത്തികെട്ടതുമായതിനാല്‍ അണുബാധയും ബാക്ടീരിയയും അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നു. കൊതുക് ബാധിത പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
3.വ്യക്തിശുചിത്വം പാലിക്കുക
മണ്‍സൂണ്‍ കാലം ബാക്ടീരിയ, വൈറസ് തുടങ്ങി നിരവധി സൂക്ഷ്മാണുക്കളെ വളര്‍ത്തുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ പതിവായി ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അണുബാധ തടയാന്‍ കൈകള്‍ ഏപ്പോഴും വൃത്തിയാക്കുക. കൂടാതെ, നഖങ്ങള്‍ അണുക്കളുടെ ഒരു വാസകേന്ദ്രമായതില്‍ അവ മുറിച്ച് വൃത്തിയാക്കുക. മഴക്കാലത്ത് പ്രമേഹരോഗികള്‍ ചെറുചൂടുള്ള വെള്ളത്തില്‍ മാത്രം കുളിക്കുക.

4.നനച്ചിലോടെ നില്‍ക്കരുത്
മഴയില്‍ നനഞ്ഞാല്‍ വസ്ത്രങ്ങളും പാദരക്ഷകളുമെല്ലാം വരണ്ടതാക്കാന്‍ ശ്രദ്ധിക്കുക. പ്രമേഹ രോഗികള്‍ കാലുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ എല്ലായ്‌പ്പോഴും പാദങ്ങള്‍ വൃത്തിയായി വരണ്ടതാക്കുക. കാലുകള്‍ നനച്ചിലോടെ നിലനിര്‍ത്തുന്നത് പ്രമേഹരോഗികള്‍ക്ക് ആന്തരിക നാഡിക്ക് പ്രശ്‌നങ്ങളുണ്ടാക്കും.
5.പഴങ്ങളും പച്ചക്കറികളും ശ്രദ്ധിക്കുക
അസംസ്‌കൃത ഭക്ഷണത്തിലുടനീളം സൂക്ഷ്മാണുക്കള്‍ ഉള്ളതിനാല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനു മുമ്പ് നന്നായി കഴുകുക. കുറച്ച് വിനാഗിരി വെള്ളത്തിലോ, ചെറുനാരങ്ങാനീര് കലര്‍ത്തിയ ചെറുചൂടുള്ള വെള്ളത്തിലോ മുക്കിവയ്ക്കുക
6.പുറത്ത് നിന്ന് ഭക്ഷണം ഒഴിവാക്കുക
മഴക്കാലത്ത് കഴിയുന്നതും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് അണുബാധയുടെ സാധ്യത കുറയ്ക്കുകയും ഭക്ഷ്യവിഷബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. പകരം, വീട്ടില്‍ വേവിച്ച് തയാറാക്കിയ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിന്റെ ശുചിത്വം, ഗുണമേന്മ, പോഷകമൂല്യം എന്നിവ ഇതിലൂടെ ഉറപ്പിക്കാം.
7.പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക
മഴക്കാലത്ത് വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. അത് സ്വാഭാവികമായും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പ്രമേഹ രോഗികളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
8.കൈ കഴുകുക
മഴക്കാലത്ത് പ്രമേഹ രോഗികള്‍ ഇടയ്ക്കിടെ കൈ കഴുകുന്നത് ഒരു ശീലമാക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുക. കൈകള്‍ വൃത്തിയാക്കാന്‍ ആന്റിസെപ്റ്റിക് സോപ്പും ഹാന്‍ഡ് വാഷും ഉപയോഗിക്കുക.
9.പാദസംരക്ഷണം
മഴക്കാലത്ത് നഗ്‌നപാദനായി നടക്കുന്നത് ഒഴിവാക്കുക. സ്ലിപ്പറുകള്‍ ഇട്ട് പുറത്ത് കൂടുതല്‍ ദൂരം പോകുന്നത് ഒഴിവാക്കുക. കാല്‍വിരലുകളുടെ നഖം ശ്രദ്ധിക്കുക. കാല്‍വിരലുകളിലെ അണുബാധ മഴക്കാലത്ത് വളരെ സാധാരണമാണ്. പ്രമേഹ രോഗികള്‍ക്ക് കാലിൽ അണുബാധ വന്നാൽ അത് കൂടുതൽ സങ്കീർണ്ണതയിലേക്ക് നയിക്കും.
10.വ്യായാമം
മഴക്കാലമായാലും വ്യായാമങ്ങള്‍ മുടക്കാതിരിക്കുക. അതിനായി പുറത്തിറങ്ങണമെന്നില്ല, വീട്ടിനുള്ളില്‍ തന്നെ ലഘുവായ വ്യായാമങ്ങള്‍ പരിശീലിക്കുക. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാന്‍ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
11.നേത്രസംരക്ഷണം
മണ്‍സൂണ്‍ കാലത്ത് നേത്ര അണുബാധകള്‍ വര്‍ദ്ധിക്കുന്നു. വായുവിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ മഴക്കാലത്ത് വൈറല്‍, ബാക്ടീരിയ നേത്ര അണുബാധകള്‍ സാധാരണയാണ്. അതിനാല്‍, പ്രമേഹമുള്ളവര്‍ കണ്ണിന് അധിക പരിചരണം നല്‍കാന്‍ ശ്രദ്ധിക്കണം. മഴക്കാല സീസണില്‍ ഉണ്ടാകുന്ന സാധാരണ പ്രശ്‌നങ്ങളാണ് കണ്‍ജക്റ്റിവിറ്റിസ്, വരണ്ട കണ്ണുകള്‍, കോര്‍ണിയ അള്‍സര്‍ എന്നിവ. വൃത്തിഹീനമായ കൈയ്യോടെ ഒരിക്കലും കണ്ണില്‍ സ്പര്‍ശിക്കാതിരിക്കുക.
കടുത്ത ചൂടിൽ നിന്ന് ഒരു ആശ്വാസവുമായിട്ടാണ് മഴക്കാലം വന്നെത്തുന്നത് എങ്കിലും, ഇത് ദീർഘകാല രോഗങ്ങളുടെ ഒരു പരമ്പരയും മുന്നോട്ട് വയ്ക്കുന്നു. അതിനാൽ സ്വയം പരിരക്ഷിക്കാൻ വേണ്ടി മികച്ച പ്രതിരോധശക്തി ഉണ്ടാക്കിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉള്ളവർ.