Nammude Arogyam
Covid-19General

മണ്‍സൂണ്‍ കാല രോഗങ്ങൾക്കും, കോവിഡിനും ഒരേ രോഗ ലക്ഷണങ്ങളാണോ?

മണ്‍സൂണ്‍ കാലം ശക്തിപ്രാപിച്ച സമയമാണിത്. കോവിഡിനൊപ്പം പലതരം രോഗങ്ങളെയും അതിനാല്‍ കരുതിയിരിക്കേണ്ടതുണ്ട്. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ഡെങ്കി, ടൈഫോയ്ഡ് എന്നിവയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന വായുവിലൂടെയുള്ള അണുബാധകളും മറ്റും ഏറെ വര്‍ധിക്കുന്ന കാലം കൂടിയാണിത്. നിലവില്‍, കോവിഡിന്റെ ഭീഷണി നില നില്‍ക്കുന്ന ഈ കാലത്ത് മഴക്കാല രോഗങ്ങള്‍ പിടിപെട്ടാലും പലരിലും അത് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് പല മണ്‍സൂണ്‍ രോഗങ്ങളും കാണിക്കുന്നത്.

ഈ രോഗങ്ങളുടെ സാമ്യത ഉള്ളതിനാല്‍, ആളുകളെ ഇത്തരം അസുഖം പിടിപെടുമ്പോള്‍ അത് കൊറോണ വൈറസാണോ അതോ നിരുപദ്രവകരമായ ചുമയോ വയറിളക്കമോ മറ്റ് പനിയോ ആണെന്ന ആശയക്കുഴപ്പത്തിലായേക്കാം. സാധാരണ മണ്‍സൂണ്‍ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, കോവിഡും മറ്റ് രോഗങ്ങളും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണെന്ന് നോക്കാം.

1.ഡെങ്കി ബാധിച്ചാല്‍-സാധാരണയായി ഡെങ്കി ബാധിച്ചാലുള്ള ലക്ഷളങ്ങളാണ് പെട്ടെന്നുള്ള ഉയര്‍ന്ന പനി, ഓക്കാനം, ഛര്‍ദ്ദി, കഠിനമായ ശരീരവേദന, പ്ലേറ്റ്ലെറ്റിന്റെ എണ്ണത്തില്‍ കുറവ്, വേദന (കണ്ണ് വേദന – സാധാരണയായി കണ്ണിനു പിന്നില്‍, പേശി അല്ലെങ്കില്‍ അസ്ഥി വേദന), തിണര്‍പ്പ്.

2.ചിക്കുന്‍ഗുനിയ ബാധിച്ചാല്‍-ഉയര്‍ന്ന പനി, കടുത്ത ശരീരവേദന, ക്ഷീണം, ജലദോഷം, ചര്‍മ്മ ചുണങ്ങ്, കടുത്ത സന്ധി വേദന, പേശി, സന്ധി, അല്ലെങ്കില്‍ അസ്ഥി വേദന), വേദന (അടിവയര്‍, കണ്ണുകള്‍ക്ക് പുറകില്‍)

3.മലേറിയ ബാധിച്ചാല്‍-ഉയര്‍ന്ന പനി (ദിവസേന അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസം), കഠിനമായ ശരീരവേദന, ശരീരത്തില്‍ തണുപ്പ്, വിയര്‍പ്പ്, വിറയല്‍ അല്ലെങ്കില്‍ വിയര്‍പ്പ്, വയറിളക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ആശയക്കുഴപ്പം. കൂടാതെ മഞ്ഞപ്പിത്തവും വരാം.

4.വൈറല്‍ പനി ബാധിച്ചാല്‍-പനി, ക്ഷീണം, പേശി വേദന, ശരീര വേദന, സന്ധി വേദന, ബലഹീനത, ശരീരത്തില്‍ കുളിര്, തലകറക്കം, വിയര്‍പ്പ്, നിര്‍ജ്ജലീകരണം, വിശപ്പ് കുറവ്

5.എലിപ്പനി ബാധിച്ചാല്‍-കുളിരോടെയുള്ള ഉയര്‍ന്ന ഗ്രേഡ് പനി, കണ്ണിന് ചുവപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, മഞ്ഞപ്പിത്തം.ഇതൊക്കെയാണ് എലിപ്പനി ബാധിച്ചാല്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

മേല്‍പറഞ്ഞ അസുഖങ്ങളില്‍ ഉള്‍പ്പെടുന്ന ചില ലക്ഷണങ്ങള്‍ കോവിഡ് ബാധിച്ചാലും കണ്ടേക്കാം. പനി, വരണ്ട ചുമ, ചര്‍മ്മത്തില്‍ ചുണങ്ങ്, വിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറം മാറല്‍, വേദന, ശ്വാസം മുട്ടല്‍, ക്ഷീണം, ചെങ്കണ്ണ്, തലവേദന, രുചിയും ഗന്ധവും നഷ്ടപ്പെടല്‍, വയറിളക്കം, തൊണ്ടവേദന, നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചില്‍ സമ്മര്‍ദ്ദംഎന്നിവയാണ് കോവിഡ് ലക്ഷണങ്ങള്‍.

ഒരു വ്യക്തിക്ക് മണ്‍സൂണ്‍ രോഗങ്ങള്‍ എന്തെങ്കിലും ബാധിക്കുമ്പോള്‍, അവര്‍ അറിയാതെ തന്നെ മറ്റുള്ളവരിലേക്ക് എളുപ്പത്തില്‍ പകർത്താന്‍ കഴിയുന്ന തരത്തിലുള്ള ബാക്ടീരിയകളെയും വൈറസുകളെയും പുറത്തുവിടുന്നു. കൈകള്‍, വായ, മൂക്ക് എന്നിവയിലൂടെ മറ്റൊരാളുടെ ശരീരത്തിലേക്ക് ഈ ബാക്ടീരിയകള്‍ പ്രവേശിക്കും. അസിംപ്റ്റമാറ്റിക് അണുബാധയിലേക്ക് ബാക്ടീരിയ മാറാന്‍ ഏകദേശം 16-48 മണിക്കൂര്‍ എടുക്കും. അതിനാല്‍ സാമൂഹിക അകലം പാലിക്കുകയോ രോഗബാധിതനായ വ്യക്തിയോട് അടുത്ത് ഇടപഴകുകയോ ചെയ്യാതിരിക്കുക. മാസ്‌ക് ധരിക്കുക, കൈ ശുചിത്വം പാലിക്കുക എന്നിവയും പ്രധാനമാണ്, പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത്.

മഴക്കാല രോഗ മുന്‍കരുതലുകള്‍

1.വീടും പരിസരവും കൊതുക് വരാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.

2.കൊതുക് പ്രതിരോധത്തിനായി പുറത്തേക്കിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

3.വൈറല്‍ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.

4.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

5.വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക.

6.വീട് നന്നായി വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക.

7.ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ നന്നായി കഴുകുക.

8.കൈ കഴുകാതെ മൂക്കിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

രോഗങ്ങളെ ഓര്‍ത്ത് വിഷമിക്കേണ്ട കാരണമൊന്നുമില്ല, എന്നാല്‍ ശ്രദ്ധ ആവശ്യമാണ്. ജാഗ്രത പാലിക്കുകയാണെങ്കില്‍ മഴക്കാലം ആസ്വദിക്കാം. അതിനായി ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക. എന്നിരുന്നാലും, ശരീരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍, പ്രത്യേകിച്ച് മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. ചെറിയ കാലതാമസം പോലും ചിലപ്പോള്‍ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന കാര്യം മറക്കരുത്. കൂടാതെ, സ്വയം മരുന്ന് കഴിക്കുകയും ചെയ്യരുത്.

Related posts