Nammude Arogyam
General

നല്ല ആരോഗ്യത്തിനായ് ബഹുമുഖ ഗുണങ്ങളുള്ള റാഗി ശീലമാക്കൂ

ഇന്ന് സൂപ്പർമാർക്കറ്റുകളിലും ഹെൽത്ത് സ്റ്റോറുകളിലും റാഗി ഉൽപ്പന്നങ്ങൾ നിറഞ്ഞിരിക്കുന്നതായി കാണാൻ സാധിക്കും. റാഗി ബിസ്കറ്റ്, റാഗി ബ്രെഡ്, റാഗി ധാന്യങ്ങൾ, റാഗി നൂഡിൽസ്, അങ്ങിനെ പല തരത്തിൽ റാഗി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. റാഗി ഉൽ‌പ്പന്നങ്ങൾ‌ കഴിക്കാൻ‌ അൽ‌പം കട്ടി കൂടിയതാണെങ്കിലും അവ എല്ലാവർക്കും ആരോഗ്യകരമാണ്.

പഞ്ഞപ്പുല്ല്, മുത്താറി എന്ന പേരുകളിലൊക്കെ അറിയപ്പെടുന്ന റാഗിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധ തരം മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ, അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടുതൽ പൊട്ടാസ്യം, ഫോളേറ്റുകൾ, പ്രോട്ടീൻ എന്നിവയുടെ സാന്നിധ്യം കാരണം, ശരീരത്തിൽ നിന്ന് അനാവശ്യമായ കൊഴുപ്പ് നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ് റാഗി. ഇവ കൂടാതെ റാഗിയുടെ മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

റാഗിയിൽ അടങ്ങിയിട്ടുള്ള ധാതുക്കളും വിറ്റാമിനുകളും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാഗിയിൽ കാണപ്പെടുന്ന മഗ്നീഷ്യം ക്രമേണ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും, അതിനാൽ ടൈപ്പ് 2 പ്രമേഹത്തിൽ കാണപ്പെടുന്ന ഇൻസുലിൻ പ്രതിരോധത്തെ ഇത് ചെറുക്കുന്നു.

ഇതുകൂടാതെ, ദഹനവ്യവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നല്ല അളവിലുള്ള ഡയറ്ററി ഫൈബറും റാഗിലുയിണ്ട്, ഇത് ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ, ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. കാർബോഹൈഡ്രേറ്റിന്റെ ദഹനവും ആഗിരണവും കുറയ്ക്കാനും ഫൈബർ സഹായിക്കുന്നു.

ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് ഉള്ളതിനാൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന സൂക്ഷ്മ പോഷകങ്ങളായ പോളിഫെനോൾസും റാഗിയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 10 മുതൽ 20 ഗ്രാം റാഗി ദിവസവും അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ അവയുടെ ഗുണങ്ങൾ ലഭിക്കും.

റാഗിക്ക് ബഹുമുഖ ഗുണങ്ങളാണ് ഉള്ളത്. അതിനാൽ ദിവസം മുഴുവൻ ഊർജ്ജസ്വലമായി തുടരാൻ ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്താം.

Related posts