Nammude Arogyam
Covid-19Woman

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമോ?

കോവിഡ് മഹാമാരി ഉഗ്രരൂപം പ്രാപിച്ചിരിക്കുന്ന ഈ ഒരു സമയത്ത്, രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കുക എന്നുള്ളത് മാത്രമാണ് പോംവഴി. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് പല വിധത്തിലുള്ള തെറ്റായ ധാരണകളും നിലനിൽക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭിണികള്‍ക്കും സുരക്ഷിതമായ രീതിയില്‍ തന്നെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

കോവിഡ് -19 നെതിരെ ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും, വാക്‌സിനുകള്‍ അവര്‍ക്ക് സുരക്ഷിതമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ഗര്‍ഭിണികളും കോവിന്‍ പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയോ അല്ലെങ്കില്‍ കൊവിഡ് 19 വാക്‌സിനേഷന്‍ സെന്ററില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയോ വേണം. ഇപ്പോള്‍ നല്‍കി വരുന്ന വാക്‌സിനുകള്‍ സുരക്ഷിതമാണ് എന്നുള്ളത് കൊണ്ട് തന്നെ മറ്റ് വ്യക്തികളെ പോലെ ഗര്‍ഭിണികള്‍ക്കും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വാക്‌സിന്‍ നല്‍കാവുന്നതാണ്. ഇത് ഗര്‍ഭത്തിന് യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കില്ല എന്നുള്ളതാണ് സത്യം. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗര്‍ഭധാരണം, COVID-19 അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ല. എങ്കിലും മിക്ക ഗര്‍ഭിണികളും പലപ്പോഴും സ്ഥിരമായ ആശുപത്രി സന്ദര്‍ശനത്തിലൂടെ രോഗത്തിലേക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ഗര്‍ഭിണിയായ സ്ത്രീയെ ബാധിക്കുന്നത് പോലെ തന്നെ ഗര്‍ഭസ്ഥശിശുവിനേയും ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ COVID-19 പരിരക്ഷക്കായി ഇവര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് പ്രധാനമാണ്, COVID-19 നെതിരെ വാക്‌സിനേഷന്‍ എടുക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഇവര്‍ സ്വീകരിക്കേണ്ടതാണ്. അതിനാല്‍ ഗര്‍ഭിണിയായ സ്ത്രീ COVID-19 വാക്‌സിന്‍ എടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു.

രോഗം ബാധിച്ച മിക്ക സ്ത്രീകളും ആശുപത്രിയില്‍ പ്രവേശിക്കാതെ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, പെട്ടെന്ന് ആരോഗ്യത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ വിവിധ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗലക്ഷണമുള്ള ഗര്‍ഭിണികള്‍ക്ക് രോഗസാധ്യത രൂക്ഷമാകുന്നതിനും അത് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത കൂടുതലാണ്. രോഗാവസ്ഥ കഠിനമെങ്കില്‍ മറ്റെല്ലാ രോഗികളെയും പോലെ, ഗര്‍ഭിണികള്‍ക്കും ആശുപത്രിയില്‍ പ്രവേശനം ആവശ്യമാണ്. എന്നാല്‍ ആദ്യം മുതലേ എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ അവസ്ഥകളുള്ള ഗര്‍ഭിണികള്‍ക്ക് ഉദാഹരണമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം, 35 വയസ്സിനു മുകളിലുള്ള പ്രായം എന്നിവയുള്ളവരില്‍ COVID-19 മൂലം കടുത്ത അസുഖത്തിന് സാധ്യത കൂടുതലാണ്.

COVID-19 പോസിറ്റീവ് അമ്മമാരുടെ നവജാതശിശുക്കളില്‍ ഭൂരിഭാഗവും (96 ശതമാനത്തിലധികം) ജനിക്കുമ്പോള്‍ ആരോഗ്യവാന്‍മാരായിരിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, ഗര്‍ഭകാലത്തെ COVID-19 അണുബാധകള്‍ മാസമെത്താതെയുള്ള പ്രസവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും, കുഞ്ഞിന്റെ ഭാരം 2.5 കിലോഗ്രാമില്‍ കുറവായിരിക്കാം. ഇത് കൂടാതെ ചില അപൂര്‍വ സാഹചര്യങ്ങളില്‍, കുഞ്ഞ് ജനിക്കുന്നതിനുമുമ്പ് മരണപ്പെടുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. അതുകൊണ്ട് തന്നെ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി വാക്‌സിന്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

35 വയസ്സിനു മുകളില്‍ പ്രായമുള്ള, അമിതവണ്ണമുള്ള, പ്രമേഹം അല്ലെങ്കില്‍ ഉയര്‍ന്ന ബിപി പോലുള്ള അസുഖമുള്ള ഗര്‍ഭിണികള്‍ എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. കാരണം കോവിഡ് -19 അണുബാധയ്ക്ക് ശേഷം സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. നിലവില്‍ ഗര്‍ഭകാലത്ത് ഒരു സ്ത്രീക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടെങ്കില്‍, പ്രസവശേഷം ഉടന്‍ തന്നെ അവര്‍ക്ക് കുത്തിവയ്പ് നല്‍കണം. ഇത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. എപ്പോഴാണ് കൊവിഡ് ബാധിതയായത്, ഏത് മാസമാണ് വാക്‌സിന്‍ എടുക്കേണ്ടത് ന്നെതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

ഏതൊരു മരുന്നിനെയും പോലെ, കൊവിഡ് വാക്‌സിനും സാധാരണയായി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയ ശേഷം, ഗര്‍ഭിണിയായ സ്ത്രീക്ക് നേരിയ പനി, കുത്തിവയ്പ്പ് സ്ഥലത്ത് വേദന അല്ലെങ്കില്‍ 1-3 ദിവസം ശാരീരികമായ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടാം. എന്നാല്‍ ഇത് ഒരു ദീര്‍ഘകാല പാര്‍ശ്വഫലം ഉണ്ടാക്കുന്ന ഒന്നല്ല എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

പക്ഷേ വളരെ അപൂര്‍വമായി (1-5 ലക്ഷത്തില്‍ ഒരാള്‍ എന്ന തോതില്‍), ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ കഴിഞ്ഞ് 20 ദിവസത്തിനുള്ളില്‍ ചില അസാധാരണ ലക്ഷണങ്ങള്‍ അനുഭവപ്പെടാം, അത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ശ്വാസതടസ്സം, നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തോടുകൂടിയോ അല്ലാതെയോ ഉള്ള വയറുവേദന, കൈകാലുകളില്‍ വേദന അല്ലെങ്കില്‍ നീര്‍വീക്കം, ചെറിയ രക്തസ്രാവം അല്ലെങ്കില്‍ കുത്തിവയ്പ്പ് എടുത്ത ചര്‍മ്മത്തില്‍ വ്രണം, കൈകാലുകളുടെ ബലഹീനത/പക്ഷാഘാതം, ഛര്‍ദ്ദി, കഠിനവും സ്ഥിരവുമായ തലവേദന, വ്യക്തമായ കാരണങ്ങളില്ലാതെ നിരന്തരമായ ഛര്‍ദ്ദി, കാഴ്ച മങ്ങല്‍ കണ്ണുകളില്‍ വേദന. എന്നിവയാണ് അവ. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായി മാത്രം കണ്ട് വരുന്ന ലക്ഷണങ്ങളാണ്.

ഇത് കൂടാതെ വാക്‌സിന്‍ എടുത്ത ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് ബാധ പകരാതെ നമ്മുടെ പ്രിയപ്പെട്ടവരെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി ഇരട്ട മാസ്‌ക് ധരിക്കുക, പതിവായി കൈകഴുകുന്നത് പരിശീലിക്കുക, ശാരീരിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്രയും ചെയ്താല്‍ ഈ മഹാമാരിയെ നമുക്ക് ലോകത്ത് നിന്ന് തുടച്ച് നീക്കാന്‍ സാധിക്കും എന്ന് നിസംശയം പറയാം.

Related posts