രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുക് അല്ലെങ്കില്‍ കൊഴുപ്പ് പോലെയുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. മാംസം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിലും ഇവ കാണപ്പെടുന്നു. മനുഷ്യശരീരത്തില്‍ വിറ്റാമിന്‍ ഡി, ഹോര്‍മോണുകള്‍, പിത്തരസം എന്നിവ ഉല്‍പാദിപ്പിക്കുന്നതില്‍ കൊളസ്‌ട്രോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന കൊഴുപ്പുകളെ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ കോശങ്ങളുടെ ഒരു പ്രധാന ഭാഗമാണ് കൊളസ്‌ട്രോള്‍. ഇത് കോശ സ്തരങ്ങള്‍ക്ക് ശക്തിയും വഴക്കവും നല്‍കുന്നു.
സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്താനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു. വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിനും കൊളസ്‌ട്രോള്‍ ഗുണം ചെയ്യുന്നു. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും ശരീരത്തിന് ആവശ്യമായ മൊത്തം കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിനു ലഭിക്കുന്നുള്ളു.
2 തരം കൊളസ്ട്രോളുകളുണ്ട്. ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നതാണ് എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍. രക്തത്തില്‍ ഇതിന്റെ അളവ് കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി ആരോഗ്യപരമായ പല അപകടങ്ങള്‍ക്കും കാരണമാകും. ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നതാണ് എച്ച്.ഡി.എല്‍ കൊളസ്‌ട്രോള്‍. ഈ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ സഹായിക്കുന്നു.
ഉദാസീനമായ ജീവിതശൈലിയിലോ അനാരോഗ്യകരമായ ഭക്ഷണശീലത്തിലോ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നത് സാധാരണയായി ശരീരത്തില്‍ ഉണ്ടാകുന്ന ഒന്നാണ്. എന്നാല്‍ ഇത് ദീര്‍ഘകാലം തുടര്‍ന്നാല്‍ ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റു രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഒരു നിശ്ചിത അളവിലുള്ള കൊളസ്‌ട്രോള്‍ ആവശ്യമാണ്. പക്ഷേ ശരീരത്തില്‍ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും. എണ്ണമയമുള്ള ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ദോഷകരമായ ഘടകങ്ങളായി കൊളസ്‌ട്രോളിനെ പലപ്പോഴും കണക്കാക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ 25% മാത്രമേ ഭക്ഷണ സ്രോതസ്സുകളില്‍ നിന്നുള്ളൂ. ബാക്കിയുള്ളവ കരള്‍ ഉത്പാദിപ്പിക്കുന്നു. വാസ്തവത്തില്‍, കൊളസ്‌ട്രോളിന്റെ അമിത ഉപഭോഗം തുലനം ചെയ്യാന്‍ ശരീരം സ്വാഭാവികമായും ഉണ്ടാക്കുന്ന കൊളസ്‌ട്രോളിന്റെ അളവ് കുറച്ചുകൊണ്ട് സഹായിക്കുന്നു. ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ ഉപഭോഗം കുറയുമ്പോള്‍, ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശരീരം കൊളസ്‌ട്രോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ നിലയെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.
മുട്ട, മത്തി, കക്കയിറച്ചി, മറ്റ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന കുറച്ച് ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
1.വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍-കലോറി, ട്രാന്‍സ് ഫാറ്റ്, അമിതമായ ലവണങ്ങള്‍ എന്നിവ അടങ്ങിയ വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളോട് തീര്‍ച്ചയായും നോ പറയണം. കാരണം, ഇവ ശരീരത്തില്‍ എളുപ്പത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ നിറയ്ക്കുന്നവയാണ്. വാസ്തവത്തില്‍, ഈ ഭക്ഷണങ്ങളില്‍ അവശ്യ പോഷകങ്ങള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. മാത്രമല്ല ഇവയുടെ അമിതമായ കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.
2.മധുരപലഹാരങ്ങള്‍-കേക്ക്, ഐസ്‌ക്രീം, പേസ്ട്രി, മിഠായി എന്നിവ പോലുള്ള മധുരപലഹാരങ്ങള്‍ അമിതവണ്ണത്തിനും ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇത് പ്രമേഹം, ഹൃദയ രോഗങ്ങള്‍, മറ്റ് ജീവിതശൈലി വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതും വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പഞ്ചസാര നിറച്ച പലഹാരങ്ങളില്‍ പോഷകങ്ങളും കുറവാണ്. മിക്കവയിലും സീറോ കലോറിയാണ്. അതിനാല്‍ ചീത്ത കൊളസ്‌ട്രോളിന് കാരണമാകുന്ന ഇത്തരം ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.
3.ഫാസ്റ്റ് ഫുഡുകള്‍-ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യപരമായ നിരവധി അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഇവ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍, അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് എന്നിവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഹൃദ്രോഗങ്ങള്‍ അല്ലെങ്കില്‍ ധമനികളുടെ തടസ്സം കുറയ്ക്കുന്നതിന് ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
4.സംസ്‌കരിച്ച മാംസം-റെഡി ടു ഈറ്റ് മാംസങ്ങള്‍ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന ഭക്ഷണസാധനമാണ്. കൂടാതെ, സോസേജുകള്‍, ബേക്കണ്‍ പോലുള്ള സംസ്‌കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ഹൃദ്രോഗ സാധ്യതയും വന്‍കുടല്‍ കാന്‍സര്‍ പോലുള്ള ചില അര്‍ബുദങ്ങളും വര്‍ദ്ധിപ്പിക്കും.
പല ഭക്ഷണങ്ങളിലുള്ള ഭക്ഷ്യനാരുകൾ കൊളസ്ട്രോളിൻ്റെ ആഗിരണം കുറയ്ക്കാറുണ്ട്. അക്കാരണത്താൽ നാരു കൂടിയ, ഓട്സ്, ബാർലി, മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, ഊർജമൂല്യം കുറഞ്ഞ പച്ചക്കറികൾ തുടങ്ങിയവ കൂടുതൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. നട്സിൻ്റെ മിതമായ ഉപയോഗവും ചെറിയ തോതിൽ കൊളസ്ട്രോൾ കുറയ്ക്കും. മുളപ്പിച്ച ഗോതമ്പ്, സോയ ഉത്പന്നങ്ങൾ എന്നിവയും നല്ല താണ്. ആപ്പിൾ, മുന്തിരി, സ്ട്രോബറി, സിട്രസ് ഫ്രൂട്സ് , തുടങ്ങിയ പഴങ്ങളും നല്ലതാണ്. അവയിലടങ്ങിയിട്ടുള്ള പെക്ടിൻ എന്ന സോല്യുബിൾ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. മത്തി, അയല പൊലുള്ള നെയ്യുള്ള മീനുകൾ കഴിക്കാം. അവയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തത്തിലെ ട്രൈഗ്ലിസറൈഡ്സ് കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
നിയന്ത്രിച്ചാൽ നിയന്ത്രണ വിധേയമാക്കാവുന്നതാണ് കോളസ്ട്രോൾ. അതിന് വേണ്ടി ജീവിതശൈലിയിൽ അല്പം വിട്ടുവീഴ്ച്ച ചെയ്താൽ മാത്രം മതി.