Nammude Arogyam
Covid-19

കൊറോണ ബാധിച്ചോ എന്ന് സ്വയം എങ്ങിനെ മനസ്സിലാക്കാം പ്രാഥമികമായി എന്തൊക്കെ ചെയ്യണം. അറിയേണ്ടതെല്ലാം …

വിരലിലെണ്ണാവുന്ന കൊറോണ കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത് കൊണ്ടിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ 1000-ത്തിലധികം കേസുകളാണ് ദിനവും റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. സംസ്ഥാനം സമൂഹ വ്യാപനത്തിലെത്തിയിരിക്കുന്നു എന്നതിന്റെ സൂചന തന്നെയാണിത്.

ഇനിയും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാൽ നമുക്ക് ഒരുക്കിയ ചികിത്സായിടങ്ങൾ തികയാതെ വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക്, നമ്മുടെ വീടുകളിൽ തന്നെ സ്വയം ഐസൊലേറ്റാകേണ്ടതായും, അതിനെ തരണം ചെയ്യേണ്ടതായും വരും.

മുകളിൽപ്പറഞ്ഞ സാഹചര്യമുണ്ടായാൽ നമ്മൾ അതിനെ എങ്ങനെയാണ് തരണം ചെയ്യേണ്ടത് എന്തൊക്കെയാണ് സ്വയം ചെയ്യേണ്ടത് എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്

1.എല്ലാ ദിവസവും നമ്മുടെ ശരീരത്തിൻ്റെ താപനില അളക്കുക – താപനില 101 ഡിഗ്രിക്ക് മുകളിലാണെങ്കിൽ പാരസെറ്റാമോൾ ഗുളികയുടെ 650mg-യുടെയോ,500mg -യുടെയോ ഗുളിക 6 മണിക്കൂർ ഇടവിട്ട് കഴിക്കുക. കൊച്ചു കുട്ടികളാണെങ്കിൽ ഫോണിലെങ്കിലും ഡോക്ടറോട് ചോദിച്ച് ഡോസേജ് മനസ്സിലാക്കി കൊടുക്കുക. ഡോക്ടറെ കിട്ടാത്ത സാഹചര്യത്തിൽ മാത്രം കുട്ടിയുടെ തൂക്കത്തിനനുസരിച്ച് 15 mg/kg എന്ന അളവിൽ കൊടുക്കുക.

2.വയറിളക്കം ഉണ്ടാവുകയാണെങ്കിൽ ORS (ഓറൽ ഡീഹൈഡ്രേഷൻ സാൾട്ട്) പാക്കറ്റ് വാങ്ങി 1L വെള്ളത്തിൽ കലക്കി കുടിക്കുക. ORS വാങ്ങാൻ ഫർമസിയിൽ പോകാൻ സാധിക്കില്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 6 സ്പൂൺ പഞ്ചസാരയും അര സ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കി ചേർത്ത ലായനി ഉണ്ടാക്കി കുടിക്കാവുന്നതാണ്. എത്ര വെള്ളം കുടിക്കാൻ പറ്റുമോ അത്രയും കുടിക്കുക. നിർജലീകരണം വന്ന് കൂടുതൽ ഗുരുതരമാകാതിരിക്കാൻ വേണ്ടിയാണിത്.

3.വരണ്ട ചുമയോ, ചുമയോ ഉണ്ടായാൽ 3 നേരം നന്നായിട്ട് ഒരു 10 മിനുട്ട് ആവി പിടിക്കുക. ആവി പിടിക്കുന്ന വെള്ളത്തിൽ ഒരു മരുന്നും ചേർക്കേണ്ടതില്ല. കഫം അലിഞ്ഞ് പോകുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. കഫം ശരിയായി അലിഞ്ഞ് പോയില്ലെങ്കിൽ ശ്വാസതടസ്സം ഉണ്ടാകുന്നതാണ്. ഇത് കൂടുതൽ സങ്കീർണ്ണതയിലേക്ക് നയിക്കുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സങ്കീർണ്ണതകൾ ഉണ്ടായാൽ വൈദ്യസഹായം തേടേണ്ടതാണ്.

വൈദ്യസഹായം തേടേണ്ടത് എപ്പോഴാണ്

1.പൾസ് നിരക്ക് നോക്കുക- പൾസ് നിരക്ക് ഒരു മിനിറ്റിൽ 125-ന് മുകളിൽ ആണെങ്കിൽ ഹോസ്പിറ്റലിൽ പോകേണ്ടതാണ്. കൈപ്പത്തിക്ക് താഴെ തള്ളവിരലിനു താഴെയുള്ള കൈയ്യിന്റെ ഭാഗത്ത് തൊട്ട് പൾസ് റേറ്റ് നോക്കാവുന്നതാണ്.

2.നമ്മൾ കിടക്കുമ്പോൾ വയർ എത്ര തവണ പൊങ്ങുന്നു എന്ന് ശ്രദ്ധിക്കുക. ഒരു മിനുട്ടിൽ 30ന് മുകളിൽ പൊങ്ങുന്നുണ്ടെങ്കിൽ വളരെ അപകടകരമാണ്. ഉടന് വൈദ്യസഹായം തേടണം.

3.നമ്മുടെ കൈപ്പത്തിക്ക് ഉൾഭാഗത്തുള്ള തൊലിയുടെ പുറം വിരൽ കൊണ്ടോ നഖം കൊണ്ടോ നന്നായിട്ട് അമർത്തുക. അന്നേരം അവിടെ വെള്ള നിറമായിരിക്കും. കൈയ്യെടുക്കുമ്പോൾ വീണ്ടും പഴയ രൂപത്തിലാകും. ഇങ്ങനെ പഴയ രൂപത്തിലാകാൻ എടുക്കുന്ന സമയം 2 സെക്കൻഡിൽ കൂടുതലാണെങ്കിൽ അതിനർത്ഥം നമ്മുടെ ”ക്യാപ്പിലറി റി ഫിൽ” സമയം കൂടുതൽ സങ്കീർണ്ണമാകുന്നു എന്നാണ്. ഇത് നമ്മുടെ ബി.പി കുറയുന്നതിന്റെ ലക്ഷണമാണ്. ഉടൻ ഹോസ്പിറ്റലിൽ എത്തുക.

4.സ്വബോധം നഷ്ടപ്പെടുക. അതായത് അബോധാവസ്ഥയിലാകുക, ഉറക്കം കൂടുതൽ, പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക.

5.നമ്മുടെ തൊലിയുടെ അറ്റം പ്രത്യേകിച്ച് മൂക്ക്, കയ്യ്, കാൽ, നാക്ക്, ചെവി തുടങ്ങിയ ഭാഗങ്ങൾ നീല നിറമായാൽ അത് വളരെയധികം അപകടകരമാണ്. ഈ സാഹചര്യത്തിലും വൈദ്യസഹായം തേടേണ്ടതാണ്.

ഇവയിൽ ഏതെങ്കിലും ഒന്ന് ഉണ്ടായാൽ നിർബന്ധമായും ഹോസ്പിറ്റലിലേക്ക് പോകേണ്ടതാണ്.

ഹോസ്പിറ്റലിൽ പോകാതെ സ്വയം ഐസൊലേറ്റാവുകയാണെങ്കിൽ

1.ദിവസവും 3Lവെള്ളം കുടിക്കുക- നമ്മുടെ ശരീരത്തിലെ വിഷപദാർത്ഥങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

2.സമീകൃതാഹാരം കഴിക്കുക – അതായത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങൾ 65%, കൊഴുപ്പടങ്ങിയ ആഹാരങ്ങൾ 15%, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ 20% തുടങ്ങിയവ കഴിക്കുക. ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഊർജ്ജം നൽകാൻ സഹായിക്കും.

3.വൈറ്റമിൻ C, D, A അടങ്ങിയ ആഹാരങ്ങൾ കഴിക്കുക.

C – ചെറിയ പുളിപ്പുള്ള എല്ലാ ഫ്രൂട്ട്സുകളും (പപ്പായ, ഓറഞ്ച്, പേരക്ക, മുസമ്പി തുടങ്ങിയവ)

A- ക്യാരറ്റ്, ബീറ്റ്റൂട്ട്, പാൽ, മുട്ട തുടങ്ങിയവ

D-വെയിൽ കൊള്ളുക (11am – 3pm ഇടയിലുള്ളത്.10 മിനുട്ടിൽ കൂടുതൽ നേരം വെയിലത്ത് നിൽക്കരുത്.), കൊഴുപ്പുള്ള മത്സ്യം കഴിക്കുക.

4.ചെറിയ വ്യായാമം ചെയ്യുക. ഇത് ശരീരത്തിലെ രക്തോട്ടം കൂട്ടുന്നു. ഇത് ശരീരത്തിലെ രക്തം കട്ടയാകുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.

5.നന്നായി ഉറങ്ങുക. കഴിവതും 8 മണിക്കൂർ ഉറങ്ങുക. കാരണം ഉറങ്ങുമ്പോൾ സൈറ്റോകൈൻസ് എന്ന കെമിക്കൽ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ അനുപാതത്തിൽ ആകുന്നു.

ഒഴിവാക്കേണ്ട കാര്യങ്ങൾ

1.പുകവലി നിർത്തുക. പുകവലിക്കുന്നവർക്ക് കോവിഡ് വന്നാൽ ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്.

2.മദ്യപാനം ഒഴിവാക്കുക- ഇത് പല തരത്തിലുള്ള സങ്കീർണ്ണതകൾക്ക് കാരണമാകുന്നു.

3.ജങ്ക് ഫുഡ്സ് ഒഴിവാക്കുക- ഇത് ദഹനത്തെ ബാധിക്കുന്നു.

4.സമ്മർദം കുറക്കുക – സമ്മർദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ ഉണ്ടാക്കുന്നു. ഇത് നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുന്നു.

5.മധുര പാനീയങ്ങൾ ഒഴിവാക്കുക- രക്തോട്ടത്തിന്റെ വേഗത കുറക്കുന്നു, ഷുഗറിന്റെ അളവ് കൂട്ടുന്നു. ഇത് പ്രതിരോധശേഷി കുറക്കാനും പലവിധ സങ്കീർണ്ണതകൾക്കും കാരണമാകുന്നു.

മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു കോവിഡ് രോഗി സ്വയം ഐസൊലേറ്റ് ചെയ്യപ്പെടേണ്ട സാഹചര്യം ഉണ്ടായാൽ ശ്രദ്ധിക്കേണ്ടതും, ചെയ്യേണ്ടതും, ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ്.

സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട് എന്ന ഭയമല്ല, മറിച്ച് രോഗം വരാതിരിക്കാനുള്ള ജാഗ്രതയാണ് നമ്മളിൽ ഓരോരുത്തരിലും വേണ്ടത്. ഒരു നാൾ കൊറോണയുമായുള്ള യുദ്ധത്തിൽ നാം പൊരുതി വിജയിക്കുക തന്നെ ചെയ്യും.

Related posts