Nammude Arogyam
General

കാലിലെ നീരിന് പുറകിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍

നമ്മുടെ ശരീരം തന്നെ പലപ്പോഴും പല അസുഖങ്ങളുടേയും ലക്ഷണങ്ങള്‍ തുടക്കത്തിലേ കാണിച്ചു തരുന്ന ഒന്നാണ്. നമുക്ക് ഇതൊന്നും പലപ്പോഴും തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. തുടക്കത്തിലേ കണ്ടെത്തി തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പല രോഗങ്ങളും പരിഹരിയ്ക്കാന്‍ എളുപ്പമാണ്. ഇതിന് കഴിയാതെ വരുമ്പോഴാണ് പല അസുഖങ്ങളും ഗുരുതരമാകുന്നത്. നാം പലപ്പോഴും നമുക്കുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും നിസാരമായി എടുക്കുന്നു. അത് തനിയെ മാറിക്കോളും, ഇതൊന്നും കാര്യമാാക്കേണ്ടതില്ല തുടങ്ങിയ ചിന്താഗതികളാണ് പലപ്പോഴും പല രോഗങ്ങളും മൂര്‍ദ്ധന്യാവസ്ഥിയിലാകാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ ഒന്നാണ് കാലിലെ നീര്. കാലിലെ നീര് അല്‍പം പ്രായമായാല്‍ പലര്‍ക്കുമുണ്ടാകും. ഇതല്ലാതെ ഗര്‍ഭാവസ്ഥയിലും ഇതു കാണാം.

കാലിലെ നീരിന് പുറകിലെ പ്രധാന കാരണം കാലില്‍ വെള്ളം വന്നടിഞ്ഞു കൂടുന്ന അവസ്ഥയാണ്. ഇതിനാകട്ടെ, കാരണങ്ങള്‍ പലതാണ്. എഡിമ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കാലിലെ രക്തക്കുഴലുകള്‍ക്ക് അവയ്ക്കുള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഫ്‌ളൂയിഡ് അടിഞ്ഞു കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് കാലുകള്‍ ഏറെ സമയം തൂക്കിയിട്ടിരുന്നാലുണ്ടാകും. ഗര്‍ഭധാരണാവസ്ഥയില്‍ ഗര്‍ഭിണികളുടെ ശരീരത്തിന്റെ തൂക്കം കൂടുന്നത് ഇത്തരം അവസ്ഥയുണ്ടാക്കുന്ന ഒന്നാണ്. കാലിന് മര്‍ദം വരുന്നതാണ് പ്രധാനമായും കാരണം. ഇതല്ലാതെ ചില ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചന കൂടിയാണിത്. അവ എന്തൊക്കെയെന്ന് നോക്കാം.

1.ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍ ഇതിന് ഒരു കാരണമാകാറുണ്ട്. ഹൃദയത്തിന് വേണ്ട രീതിയില്‍ രക്തം പമ്പു ചെയ്യാന്‍ ആവാത്ത അവസ്ഥയില്‍ കാലില്‍ ദ്രാവകം അടിഞ്ഞു കൂടുന്ന കണ്‍ജെസ്റ്റീവ് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥ.ഇതിനൊപ്പം ചുമ, ക്ഷീണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം. കാലിലെ വെയിനുകളിലെ വാല്‍വുകള്‍ രക്തം ഹൃദയത്തിലേയ്ക്കു പമ്പു ചെയ്യാതിരിയ്ക്കുമ്പോഴാണ് കാലില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്.

2.ത്രോംബോഫ്‌ളെബിറ്റിസ്

ത്രോംബോഫ്‌ളെബിറ്റിസ് എന്ന അവസ്ഥ കാലിലെ നീരിന് കാരണമാകാറുണ്ട്. കാലിലെ ഞരമ്പുകളില്‍ രക്തം കട്ട പിടിച്ച് ലംഗ്‌സിലേയ്ക്ക് കടക്കുന്ന അവസ്ഥയാണിത്. ശ്വാസകോശത്തെ ബാധിയ്ക്കുന്ന പള്‍മണറി എംബോളിസം എന്ന അവസ്ഥയ്ക്ക് ഇതു കാരണമാകുന്നു. ഇത് മരണം വരെ വരുത്താവുന്ന ഗുരുതരമായ ഒരു അവസ്ഥയാണ്. ത്രോംബോഫ്‌ളെബിറ്റിസ് എന്ന അവസ്ഥ കാരണവും കാലില്‍ ഇത്തരത്തില്‍ നീരുണ്ടാകും. ഇത് കാല്‍വണ്ണയിലെ മസിലുകളിലാണ് നീരുണ്ടാക്കുക.

3.വൃക്ക

വൃക്ക അഥവാ കിഡ്‌നികള്‍ക്കുണ്ടാകുന്ന തകരാറു കാരണവും ഇത്തരത്തില്‍ കാലുകളില്‍ നീരുണ്ടാകും. കിഡ്‌നിയ്ക്ക് അനാവശ്യവസ്തുക്കളും അധികം വരുന്ന വെള്ളവുമൊന്നും തന്നെ നീക്കം ചെയ്യാന്‍ സാധിയ്ക്കാതെ വരുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇത് കൈ കാലുകളിലും ദേഹത്തുമെല്ലാം നീരായി വരും. മുഖത്തും ഇതുണ്ടാകും. അമിത ദാഹം, തളര്‍ച്ച, ശ്വാസംമുട്ട്, മുറിവ്, ബ്ലീഡിംഗ് എന്നിവയെല്ലാം തന്നെ ഇതിന്റെ ലക്ഷണമാണ്.

4.സന്ധിവാതം

ഇതൊന്നുമല്ലാതെ സന്ധിവാതം കാരണവുമാകാം. ഇത് ദ്രാവകം കെട്ടിക്കിടുന്നതല്ല. നീരു തന്നെയാണ്. വാതത്തിന്റെ തന്നെ പല വിഭാഗങ്ങളിലും ഈ ലക്ഷണം കണ്ടു വരുന്നു. കൈ കാല്‍ മുട്ടുകളിലെ നീരാണ് ഇതിന് പ്രധാന കാരണമായി വരുന്നത്.

തൈറോയ്ഡ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ഇത്തരം നീരുണ്ടാകാം. ഇതിനു പുറമേ മസില്‍ ഉളുക്ക്, എല്ലിനുണ്ടാകുന്ന മുറിവ് എന്നിവയെല്ലാം കാലില്‍ നീരിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടാവുന്നവയാണ്. കയ്യോ കാലോ ഒടിയുമ്പോഴും ഇത്തരം അവസ്ഥകളുണ്ടാകും.

ഗര്‍ഭിണികളില്‍ കാലിലെ നീര് പൊതുവായ അവസ്ഥയെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് അപകടകരമാകുന്നു. ഇതിനാല്‍ തന്നെ കാരണം കണ്ടെത്തുകയെന്നത് പ്രധാനം. ഗര്‍ഭത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍, അതായത് കുഞ്ഞു വളര്‍ച്ച പൂര്‍ത്തിയാകാറാകുമ്പോള്‍ കുഞ്ഞിന്റെ തൂക്കം കാരണം കൂടുതല്‍ മര്‍ദം കാലിലെ ഞരമ്പുകളിലുണ്ടാകും. ഇത് സര്‍കുലേഷന് തടസമുണ്ടാക്കും. ദ്രാവകം കെട്ടിക്കിടക്കും. നീരായി വരികയും ചെയ്യും. എന്നാല്‍ ഇതിനൊപ്പം ശ്വാസം മുട്ടലും അനുഭവപ്പെട്ടാല്‍ ഇത് പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയാകാം. ഗര്‍ഭ കാലത്തുണ്ടാകുന്ന ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയാണിത്.

കാലിലെ നീര്, നിസാര ആരോഗ്യ പ്രശ്‌നങ്ങളല്ലാതെ ഗുരുതരമായ പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്. അതിനാൽ കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

Related posts