Nammude Arogyam
Covid-19

എങ്ങനെയാണ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട ശരിയായ രീതി?

കൊവിഡ് ഭീതി പടര്‍ത്തി പരക്കുകയാണ്. കൊവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ രക്തത്തില്‍ ഓക്‌സിജന്‍ കുറയുകയെന്നതാണ്. 94ല്‍ കുറവായി ഓക്‌സിജന്‍ അളവ് എത്തിയാല്‍ അടിയന്തിര ശ്രദ്ധ വേണം. ഇതിനായി നാം ചെയ്യേണ്ടത് ഓക്‌സിമീറ്റര്‍ എന്ന ഉപകരണം വാങ്ങി പരിശോധന നടത്തുകയെന്നതാണ്. ഇത് കുറഞ്ഞാല്‍ പെട്ടെന്നു തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിയ്ക്കണം. ഇതു പോലെ കൃത്യമായ രീതിയില്‍ ഓക്‌സിമീറ്റര്‍ ഉപയോഗവും അറിയണം.

ചിലര്‍ക്ക് ഹ്യാപ്പി ഹൈപ്പോക്‌സിയ എന്ന അവസ്ഥയുണ്ടാകും. അതായത് പെട്ടെന്നു തന്നെ ഓക്‌സിജന്‍ വേണ്ട രീതിയിലും കുറയുന്ന അവസ്ഥ. അതേ സമയം അതിനായി പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും തന്നെ ശരീരം കാണിയ്ക്കുകയും ചെയ്യില്ല. അപകടകമാണ് ആ അവസ്ഥ. ഓക്‌സിമീറ്ററുണ്ടെങ്കില്‍ നാം ഇത്തരം അവസ്ഥയിലെത്തുന്നത് തിരിച്ചറിയാന്‍ സാധിയ്ക്കും. ഓക്‌സിമീറ്റര്‍ കൃത്യമായ അളവ് സൂചിപ്പിയ്ക്കുവാന്‍ അത് കൃത്യമായ രീതിയില്‍ പരിശോധിയ്‌ക്കേണ്ടതും ആവശ്യമാണ്. ഇത് വലതു കയ്യിലാണ്, പ്രത്യേകിച്ചും നടുവിരലിലാണ് പരിശോധിയ്‌ക്കേണ്ടത്.

5 മിനിറ്റ് വിശ്രമിച്ച ശേഷം ഓക്‌സിമീറ്റര്‍ കൊണ്ട് അളവെടുക്കുക. ഇതു പോലെ 30 സെക്കന്റെങ്കിലും ഓക്‌സിമീറ്റര്‍ കയ്യില്‍ വച്ച് കിട്ടുന്ന അളവു വേണം കണക്കാക്കാന്‍. വിരലില്‍ നെയില്‍ പോളിഷോ, മയിലാഞ്ചിയോ ഉണ്ടെങ്കില്‍ ഇത് നീക്കി വേണം, ഓക്‌സിജന്‍ തോത് പരിശോധിയ്ക്കാന്‍. എന്നാലേ കൃത്യ കണക്ക് ലഭിയ്ക്കൂ. കയ്യിന് വിറയലുണ്ടെങ്കിലോ വിയര്‍പ്പുണ്ടെങ്കിലോ ഇതു നീക്കിയ, മാറിയ ശേഷം വേണം, ഓക്‌സിമീറ്റര്‍ കൊണ്ട് പരിശോധന നടത്താന്‍. ഓക്‌സിജന്റെ അളവ് 94ല്‍ കുറവെന്നു തോന്നിയാല്‍ മുറിയില്‍ എഴുന്നേറ്റ് 5-6 മിനിറ്റു നടക്കുക. വീണ്ടും പരിശോധിയ്ക്കുക. അപ്പോളും കുറവാണെങ്കില്‍ ആശുപത്രി സഹായം തേടുക.

ഓക്‌സിജന്‍ തോതു കുറവെങ്കില്‍ ന്യൂമോണിയ പോലുളള അവസ്ഥകളിലേയ്ക്ക് പോകാതിരിയ്ക്കാൻ നമുക്കു വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ആവി പിടിയ്ക്കുകയെന്നത്. പാകത്തിന് വെള്ളം ചൂടാക്കി ഇരു മൂക്കിലും ആവി പിടിയ്ക്കുക. ഇത് കൊറോണയെ കൊല്ലാനോ ഓക്‌സിജന്‍ കൂടാനോ അല്ല. കഫക്കെട്ട് കുറയ്ക്കും. ഇതിലൂടെ ശ്വസനം കുറച്ചു കൂടി എളുപ്പമാകും. കൊവിഡ് ന്യൂമോണിയ പോലുള്ള അവസ്ഥകളിലേയ്ക്കു കടക്കാതിരിയ്ക്കാനും ഇത്തരം ടെക്‌നിക്കുകള്‍ നല്ലതാണ്.

അടുത്തതായി ചെയ്യേണ്ട ഒന്നാണ് പ്രോണിംഗ് എന്നത്. കമഴ്ന്നു കിടന്ന്, അര മണിക്കൂര്‍ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യണം. പിന്നീട് ഇരു വശങ്ങളിലേയ്ക്കും മാറി മാറി കിടക്കണം. പിന്നീട് എഴുന്നേറ്റ് ഇരിയ്ക്കാം. വീണ്ടും മുകളില്‍ പറഞ്ഞ രീതിയില്‍ കമഴ്ന്നും ചരിഞ്ഞുമെല്ലാം കിടക്കാം. ഇത് ഓക്‌സിജന്‍ തോത് കൂടാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ മറ്റൊന്നാണ് കപ്പിംഗ് ടെക്‌നിക്. ഇതിനായി കൈ അല്‍പം കുമ്പിള്‍ പൊസിഷനിലാക്കി പിടിയ്ക്കണം. അധികം കുമ്പിളാക്കേണ്ടതില്ല. ഇരു കൈകളും ഇങ്ങനെ പിടിച്ച് നെഞ്ചില്‍ മാറി മാറി തട്ടുക. ഇതും ഒരു പരിധി വരെ നമ്മുടെ ലംഗ്‌സിനെ സഹായിക്കുന്ന ടെക്‌നിക്കാണ്. ഓക്‌സിജന്‍ അളവ് കൂടാനും ലംഗ്‌സ് അപകടത്തിലേയ്ക്കു പോകുന്നത് ഒഴിവാക്കാനും ഇത് നല്ലതാണ്. രോഗമില്ലാത്തവര്‍ക്കു വരെ ലംഗ്‌സ് ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രയോഗിയ്ക്കാവുന്ന വിദ്യകളാണിത്.

Related posts