Nammude Arogyam
General

എത്രയാകണം ഓരോ പ്രായത്തിലും വേണ്ട ബ്ലഡ് പ്രഷര്‍ ലെവല്‍?

ഇന്നത്തെക്കാലത്ത് ഒരു സാധാരണ ആരോഗ്യപ്രശ്‌നമാണ് രക്തസമ്മര്‍ദ്ദം. ഇത് ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ജോലി സമ്മര്‍ദ്ദം, മോശം ജീവിതശൈലി, ഭക്ഷണ ശീലങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ചികിത്സിച്ചില്ലെങ്കില്‍ രക്താതിമര്‍ദ്ദം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും, മറ്റു ഗുരുതര രോഗങ്ങൾക്കും കാരണമാകും.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് ഇത്. ഇന്ത്യക്കാരില്‍ ഏകദേശം 45% ആളുകളും രക്തസമ്മര്‍ദ്ദമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്താതിമര്‍ദ്ദം ഒരു ജീവിതശൈലി രോഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും കുറഞ്ഞ രക്തസമ്മര്‍ദ്ദവും പ്രശ്‌നമുണ്ടാക്കിയേക്കോം. അതിനാല്‍ ഓരോരുത്തരും അവരുടെ രക്തസമ്മര്‍ദ്ദ തോത് കൃത്യമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.

പ്രായപൂര്‍ത്തിയായ മനുഷ്യര്‍ക്ക് 120/80 mm Hg എന്ന നിലയിലുള്ള രക്തസമ്മര്‍ദ്ദ തോതാണ് ഒരു നോര്‍മല്‍ റീഡിംഗ് ആയി കണക്കാക്കുന്നത്. പ്രായത്തിനനുസരിച്ച് ഇതില്‍ അല്‍പം വ്യത്യാസമുണ്ട്. 130/80ന് മുകളിലുള്ള എന്തും ഹൈപ്പര്‍ടെന്‍ഷന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തീര്‍ച്ചയായും ഒരു പ്രശ്‌നമാണ്. സ്ത്രീകളിലും പുരുഷന്മാരിലും രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് വ്യത്യസ്തമാണ്. 18 മുതല്‍ 39 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്ക് 119/70 mm Hg യും, സ്ത്രീകള്‍ക്ക് 110/68 mm Hg യുമാണ്. 40 മുതല്‍ 59 വയസ്സ് വരെയുള്ള പുരുഷന്മാര്‍ക്ക് 124/77 mm Hg യും, സ്ത്രീകള്‍ക്ക് 122/74 mm Hg യുമാണ് അളവ്. 60ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് 133/69 mm Hg യും, സ്ത്രീകള്‍ക്ക് 139/68 mm Hgയുമാണ്.

രക്തസമ്മര്‍ദ്ദം സാധാരണ പരിധിയിലാക്കി നിലനിര്‍ത്തേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക്. ഉദാസീനമായ ജീവിതശൈലി, ഉയര്‍ന്ന സമ്മര്‍ദമുള്ള ജോലികള്‍, ഉയര്‍ന്ന സമ്മര്‍ദ്ദ നില എന്നിവയുള്ള വ്യക്തികള്‍ പലപ്പോഴും രക്താതിമര്‍ദ്ദത്തിന് ഇരയാകുന്നു. ഹൃദ്രോഗങ്ങളും പ്രമേഹവും ഉള്‍പ്പെടെയുള്ള മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇത് വഴിവയ്ക്കുന്നു. ഈ ഘട്ടത്തില്‍ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, ഉയര്‍ന്ന അളവിലുള്ള ഉപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ കുറയ്‌ക്കേണ്ടതുണ്ട്. ലളിതമായ ജീവിതശൈലി മാറ്റത്തിലൂടെയും ചിട്ടയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനാകും. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്.

വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍, ഗാര്‍ഡനിംഗ് അല്ലെങ്കില്‍ സ്റ്റെയര്‍ റണ്ണിംഗ് എന്നിങ്ങനെയുള്ള ചില പതിവ് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. എയ്റോബിക്സ്, കാര്‍ഡിയോ, സൂംബ അല്ലെങ്കില്‍ യോഗ എന്നിവ ചെയ്യുന്നതും ഫലപ്രദമാണ്. ഇത്തരം വ്യായാമം ഏകദേശം 30-40 മിനിറ്റ് ചെയ്താല്‍ത്തന്നെ രക്തസമ്മര്‍ദ്ദം കുറഞ്ഞത് 4-5% വരെ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അമിതവണ്ണവുമുള്ള ആളുകള്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം കുറയ്ക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്താനായി ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കുക

രക്തസമ്മര്‍ദ്ദ പ്രശ്‌നമുള്ളവര്‍ ഉപ്പ്, പഞ്ചസാര, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കുറയ്‌ക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്, ഉയര്‍ന്ന പ്രോട്ടീന്‍, ഉയര്‍ന്ന ഫൈബര്‍ ഭക്ഷണക്രമം നിലനിര്‍ത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. വാഴപ്പഴം, ആപ്രിക്കോട്ട്, ചീര, കരിക്ക് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഗുണം ചെയ്യും. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറവാണെങ്കില്‍ ഉപ്പിന്റെ അളവ് അല്‍പ്പം കൂട്ടേണ്ടി വന്നേക്കാം. ജലാംശം മെച്ചപ്പെടുത്താന്‍ ധാരാളം വെള്ളം കുടിക്കുക. മദ്യവും പുകവലിയും കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കും.

ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയില്‍ സമ്മര്‍ദ്ദം എന്നത് സാധാരണമായി ഒരു കാര്യമാണ്. എന്നിരുന്നാലും മതിയായ ഉറക്കം ലഭിക്കുന്നതിലൂടെയും യോഗ, ശ്വസനവ്യായാമം, ധ്യാനം തുടങ്ങിയ വിശ്രമ വിദ്യകള്‍ പരിശീലിക്കുന്നതിലൂടെയും സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. രക്തസമ്മര്‍ദ്ദം കൂട്ടാന്‍ സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്.

ഹൃദ്രോഗം പോലുള്ള ഏതെങ്കിലും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായി പരിശോധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ കൃത്യമായി രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ കാലക്രമേണ അവസ്ഥ വഷളാകാന്‍ സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നുള്ളതാണ് രക്തസമ്മർദം പിടിച്ച് കെട്ടാനുള്ള ഏക മാർഗം.

Related posts