ഈ അടുത്ത കാലത്തായി വൈറൽ പനി വളരെ വേഗത്തിലാണ് കൂടി കൊണ്ടിരിക്കുന്നത്. പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഈ വൈറൽ പനി കഴിഞ്ഞാലും ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. മാസങ്ങളോളം ക്ഷീണം നിലനിൽക്കുന്നത് വൈറൽ പനിയുടെ പ്രധാന പ്രശ്നം. ഇത് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ മാസങ്ങളോളം ഈ ലക്ഷണങ്ങൾ നീണ്ടു നിന്നാൽ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം.
പനി കഴിഞ്ഞ് ഓരോ വ്യക്തികളിലും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പനി കഴിഞ്ഞാലും കൃത്യമായി റെസ്റ്റ് എടുക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികൾക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിൻ്റുകൾ മുറുകുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലാണ്. വൈറസ് ശരീരത്തിൽ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്നങ്ങൾ എന്നാൽ ഇത് കൂടുതൽ നാൾ വരെ നീണ്ടു നിന്നാൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം.
ചില കാര്യങ്ങളിൽ സ്വയം ചികിത്സ അത്ര നല്ലതല്ല. ചിലർക്ക് കൃത്യമായ പരിചരണവും അതുപോലെ നീണ്ട നാളത്തെ ചികിത്സയുമുണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ മാറുകയുള്ളൂ. എന്നാൽ മറ്റ് ചിലർക്ക് നന്നായി റെസ്റ്റ് എടുത്താൽ ഈ പ്രശ്നം തനിയെ മാറും. പോഷക ഗുണങ്ങളുള്ള ഭക്ഷണവും അതുപോലെ വൈറ്റമിനുകളും കഴിക്കുന്നത് ഒരു പരിധി വരെ ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സഹായിക്കാറുണ്ട്.
പനി മാറിയാലും കുറച്ച് ദിവസങ്ങൾ കൂടി കൃത്യമായ പരിചരണം ഉറപ്പ് വരുത്തണം. രാത്രിയിൽ ഏഴ് മുതൽ ഒൻപത് മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങാൻ ശ്രമിക്കുക. അതുപോലെ ഇടയ്ക്ക് ക്ഷീണം തോന്നുമ്പോഴും ഉറങ്ങുന്നത് നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നത് ഈ പ്രശ്നത്തെ ഒഴിവാക്കാൻ സഹായിക്കും. പകൽ സമയത്ത് ചെറിയ വ്യായാമങ്ങളിലും ഏർപ്പെടാം. അമിതമായ എണ്ണമയമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി പോഷക ഗുണമുള്ള ബാലൻസണ്ട് ഡയറ്റ് കഴിക്കുക.
ഒരു വ്യക്തികളിലും റിക്കവറി പിരീഡ് വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിക്ക് അവരുടെ രോഗനിർണയം എത്ര വേഗത്തിൽ കണ്ടെത്താൻ സാധിക്കുന്നത് അത്രയും വേഗത്തിൽ സുഖം പ്രാപിക്കുന്ന സമയം മെച്ചപ്പെടുമെന്ന് 2017 ലെ ഒരു പഠനത്തിൽ പറയുന്നുണ്ട്. പോസ്റ്റ്-വൈറൽ സിൻഡ്രോം താൽക്കാലികമാണ്. ഇത് ഇഫക്റ്റുകൾ നീണ്ടുനിൽക്കുമെങ്കിലും, പലർക്കും ഈ ലക്ഷണങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ തനിയെ മാറുന്നതാണ് കാണപ്പെടുന്നത്. ചില സന്ദർഭങ്ങളിൽ, രോഗലക്ഷണങ്ങൾ വളരെക്കാലം നീണ്ടുനിൽക്കും. അത് ചിലപ്പോൾ നിരവധി മാസങ്ങൾ വരെ പോയേക്കാം