അല്‍പം പ്രായമാകുമ്പോള്‍ പലരേയും അലട്ടുന്ന ഒന്നാണ് അറിയാതെ മൂത്രം പോകല്‍. ഇത് എപ്പോഴുമുള്ളതല്ലാതെ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമയ്ക്കുമ്പോഴുമെല്ലാം ഇത്തരം പ്രശ്‌നം അനുഭവപ്പെടുന്നവരുമുണ്ട്. ഇത് സ്ത്രീകള്‍ക്കാണ് കൂടുതല്‍ അനുഭവപ്പെടുക. യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗതിയില്‍ ഒരാള്‍ക്ക് 8-9 തവണ മൂത്രശങ്കയുണ്ടാകും. ഇതില്‍ കൂടുതല്‍ തവണ മൂത്രമൊഴിയ്‌ക്കേണ്ടി വരുന്നതിനും തുമ്മുമ്പോഴും മറ്റും ഈ പ്രശ്‌നമുണ്ടാകുന്നതിനും യൂറിനറി ഇന്‍കോണ്ടിനന്‍സ് എന്നു പറയാം. ഇത് പ്രധാനമായും മൂന്നു തരമുണ്ട്. സ്‌ട്രെസ് ഇന്‍കോണ്ടിനെന്‍സ്, അര്‍ജ് ഇന്‍കോണ്ടിനെന്‍സ്, ഓവര്‍ ഫ്‌ളോ ഇന്‍കോണ്ടിനെന്‍സ് എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ ഇതു വരുന്നു.
പ്രസവശേഷം പല സ്തീകളിലും ഈ പ്രശ്‌നം അനുഭവപ്പെടുന്നത് പൊതുവെ കാണാറുണ്ട്. പ്രസവശേഷം ഈ പ്രശ്‌നത്തിന് പ്രത്യേക കാരണങ്ങളുമുണ്ട്. പ്രസവത്തിന് നീണ്ട സമയം പിടിയ്ക്കുന്നത്, പ്രസവശേഷം മസിലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, ഭാരം കൂടിയ കുഞ്ഞ് എന്നിവയെല്ലാം തന്നെ പ്രസവശേഷം വരുന്ന ഈ അവസ്ഥയ്ക്ക് കാരണമാകാം. ഇത് സ്‌ട്രെസ് ഇന്‍കോണ്ടിനെന്‍സ് എന്ന പേരില്‍ അറിയപ്പെടുന്നു. വയറിലുണ്ടാകുന്ന സ്‌ട്രെസ് കാരണം വരുന്ന ഒന്നാണിത്. സ്ത്രീകളില്‍ ഇത് കൂടുതലായി കണ്ടു വരുന്നു.
അര്‍ജ് ഇന്‍കോണ്ടിനെന്‍സ് എന്ന രണ്ടാം വിഭാഗം പ്രായമായവരില്‍ കണ്ടു വരുന്ന ഒന്നാണ്. യൂറിനറി ബ്ലാഡര്‍ നിയന്ത്രണം കുറയുന്നതിനാലും ഇതിന്റെ അമിതമായ പ്രവര്‍ത്തനത്താലും ബാത്‌റൂമില്‍ എത്തുന്നതിന് മുന്‍പേ തന്നെ മൂത്രം പോകുന്ന അവസ്ഥയാണിത്. യൂറിനറി ഇന്‍ഫെക്ഷനുകള്‍, സൈക്യാട്രിക് പ്രശ്‌നങ്ങള്‍, പ്രമേഹം തുടങ്ങി പല കാരണങ്ങളാലും മരുന്നു കഴിയ്ക്കുന്നവര്‍ക്ക് ഇത് പൊതുവേ കണ്ടു വരാറുള്ള ഒന്നാണ്.
ഓവര്‍ ഫ്‌ളോ ഇന്‍കോണ്ടിനെന്‍സ് എന്നതുമുണ്ട്. യൂറിനറി ബ്ലാഡര്‍ നിറഞ്ഞാലും മൂത്രം ഒഴിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇതിന് കാരണമാകുന്നത്. ഇതോടെ മൂത്രം ലീക്കായി പോകുന്നു. മൂത്രസഞ്ചിയുടെ പേശികളിലുണ്ടാകുന്ന ബലക്കുറവ്, പ്രസവം, മരുന്നുകള്‍ തുടങ്ങിയ പല കാരണങ്ങളാലും ഇതുണ്ടാകാം. പ്രായധിക്യം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മരുന്നുകളിലൂടെ നിയന്ത്രണം അല്‍പം ബുദ്ധിമുട്ടാണെങ്കിലും അല്ലാത്ത പല കാരണങ്ങളാലുമുണ്ടാകുന്നതിന് ചികിത്സാവിധികളുണ്ട്. ഇതിന് ചികിത്സ തേടുന്നത് ഗുണം നല്‍കും.
ഇതിനായി ചെയ്യാവുന്ന ചില പരിഹാര വഴികളുമുണ്ട്. കൃത്യമായി മൂത്രവിസര്‍ജനത്തിന് സമയം വച്ച് ആ സമയം മൂത്രസഞ്ചി കാലിയാക്കുക. അതായത് മൂത്രശങ്ക വരാന്‍ നില്‍ക്കേണ്ടതില്ലെന്നര്‍ത്ഥം. ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്തുന്നത് ഒഴിവാക്കുക. മൂത്രമൊഴിയ്ക്കാന്‍ തോന്നുമ്പോള്‍ തന്നെ പോകാന്‍ നോക്കുക. രാത്രി ഉറങ്ങാന്‍ നേരം വെള്ളം കുടിയ്ക്കുന്നത് കഴിവതും ഒഴിവാക്കാന്‍ നോക്കുക. ഇതിനായി ഫിസിയോതെറാപ്പി ചികിത്സകള്‍ ഏറെ ഗുണകരമാണ്. മൂത്രസഞ്ചി നിയന്ത്രണം പരിശീലിയ്ക്കുക, കെഗെല്‍സ് വ്യായാമങ്ങള്‍ ഫലപ്രദമാണ്. പെല്‍വിക് ഫ്‌ളോര്‍ ട്രെയിനിംഗും ഫലപ്രദമാണ്.