യാത്രകളിൽ ചർദ്ദിയും, ഓക്കാനവും തോന്നാത്തവരുണ്ടോ?
ദീർഘ ദൂര യാത്ര ബസിലാണങ്കിൽ പറയുകയേ വേണ്ട.. അവശനായ ആ അവസ്ഥ ആലോചിച്ചിട്ട് ഇനി യാത്രയേ വേണ്ട എന്ന് തീരുമാനിച്ചവരുണ്ടാകാം. .
ചിലർക്ക് മനംപിരട്ടൽ മാത്രമാകും അനുഭവപ്പെടുക. മറ്റ് ചിലർക്ക് ഇതിനോടൊപ്പം തളർച്ചയും, തലവേദനയും, ഛർദ്ദിയും, വയറുവേദനയും, ഒക്കെ അനുഭവപ്പെടുന്നതും കാണാറുണ്ട്. മോഷന്‍ സിക്‌നസ്സുകൾ (motion sickness) എന്ന ശാസ്ത്രീയ നാമത്തിലാണ് ഇവയൊക്കെ അറിയപ്പെടുന്നത്. എങ്ങനെയാണ് ഒരാളുടെ ശരീരത്തിൽ ഇത് ഉണ്ടാവുന്നത് എന്ന് നമുക്ക് ഒന്ന് നോക്കാം.
മനുഷ്യശരീരത്തിലെ പ്രധാന ഇന്ദ്രിയങ്ങളായ കണ്ണും ചെവിയും കൂട്ടുചേർന്നുകൊണ്ട് തലച്ചോറിലുണ്ടാക്കുന്ന ചെറിയൊരു കൺഫ്യൂഷനാണ് ഇതുണ്ടാകാനുള്ള കാരണം. ഉദാഹരണത്തിന് നമ്മൾ ഇപ്പോഴൊരു കാറിൽ സഞ്ചരിക്കുകയാണെന്ന് കരുതുക ഈ സമയത്ത് നമ്മുടെ ചെവി തലച്ചോറിന് നല്‍കുന്ന സന്ദേശം കാര്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്നായിരിക്കും. ഇതേസമയം നമ്മുടെ കണ്ണുകൾ കാറിനുള്ളിലെ ഏതെങ്കിലുമൊരു ഭാഗത്തോ, അല്ലെങ്കിൽ നമ്മുടെ കൈയ്യിലിരിക്കുന്ന ഏതെങ്കിലും വസ്തുവിലോ, ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുകള്‍ തലച്ചോറിനോട് പറയും. “ഇതെല്ലാം നിശ്ചലാവസ്ഥയിലാണ്…” എന്ന്! തലച്ചോറില്‍ എത്തുന്ന ഈ രണ്ട് സന്ദേശങ്ങളും പരസ്പരവിരുദ്ധമായതിനാൽ ഇതിൽ ഏതെങ്കിലുമൊന്ന് തനിക്ക് തോന്നുന്ന വിഭ്രാന്തിയാണന്ന് തലച്ചോറിന് വിശ്വസിക്കേണ്ടി വരുന്നു. ശരീരത്തിനുള്ളിൽ ഏതെങ്കിലും തരത്തിൽ വിഷം കടന്നുകൂടിയതിനാലായിരിക്കാം തനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന മിഥ്യാധാരണയിൽ എത്തിച്ചേരുന്ന തലച്ചോറ് ഇതിനെ പുറന്തള്ളാനായി കണ്ടെത്തുന്ന മാർഗ്ഗമാണ് ഈ ഛർദ്ദിയും മനംപുരട്ടലുമൊക്കെ.
എല്ലാംകൂടി ചേർത്ത് ചുരുക്കിപ്പറഞ്ഞാൽ മസ്തിഷ്കത്തെ കബളിപ്പിക്കാനായി നമ്മുടെ ശരീരം വച്ച ചെറിയൊരു പണിക്ക് തലച്ചോറ് തിരിച്ചൊരു മറുപണി കൊടുക്കുന്നു. അത്രയേ ഉള്ളൂ!
അതുകൊണ്ട് ഓരോ യാത്രയ്ക്കിടയിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാനായി യാത്രയ്ക്ക് മുന്നേ തന്നെ ഇതിൽ നിന്നും രക്ഷപെടാനുള്ള ചില പൊടിക്കൈവിദ്യകൾ നമുക്ക് വശമാക്കി വയ്ക്കാം. യാത്ര ചെയ്യുമ്പോൾ ഉണ്ടാകാനിടയുള്ള ശരീരത്തിന്റെ അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കാനായി നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാമെന്നു നോക്കാം?
യാത്ര ചെയ്യുമ്പോഴും അതിന് തൊട്ടുമുമ്പും കഴിക്കുന്ന ആഹാരക്രമങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തിയാൽ ഒരു പരിധിവരെ നമുക്ക് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. കട്ടി കൂടിയതും, എരിവുള്ളതും കൊഴുപ്പ് നിറഞ്ഞതുമായ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കാൻ ശ്രമിക്കാം. മിതമായി ആഹാരം കഴിച്ച ശേഷം മാത്രം യാത്ര ചെയ്യാം.
നിങ്ങൾ യാത്ര ചെയ്യുന്ന ഭാഗത്തിന്റെ എതിര്‍ ദിശയിലേക്ക് നോക്കി ഇരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ നോക്കിയിരിക്കുമ്പോൾ കണ്ണുകൾ വീണ്ടും വീണ്ടും നിശ്ചലമാകാൻ അനുവദിക്കുയാണ് ചെയ്യുന്നത്.
സ്വന്തം വാഹനത്തിലാണ് യാത്ര ചെയ്യുന്നതെങ്കിൽ യാത്രയ്ക്കിടയിൽ പലപ്പോഴും ഇടവേളകള്‍ എടുക്കാൻ ശ്രമിക്കാം. നിങ്ങൾ ഒരു ദൂര യാത്ര ചെയ്യുന്നവരാണെങ്കിൽ പോകുന്ന വഴിയിൽ ഇടയ്ക്കൊക്കെ യാത്രയ്ക്ക് ഒരു വിരാമമിട്ടു ഇറങ്ങി അൽപ നേരം വിശ്രമിച്ച് കൈകാലുകൾ നിവർത്തിയ ശേഷം യാത്ര തുടരാം.
യാത്രയ്ക്കിടയിൽ ഇയർഫോൺ ഉപയോഗിച്ചുകൊണ്ട് പാട്ടുകൾ കേൾക്കുന്നതു വഴി കണ്ണുകളിൽ നിന്നും തലച്ചോറിലെക്കുള്ള ആശയവിനിമയത്തെ ഒരു പരിധി വരെ വഴിതിരിച്ചു വിടാൻ സഹായിക്കും. അതുകൊണ്ട് പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കാം.
യാത്രയ്ക്കിടയിൽ ഇടയ്ക്കിടയ്ക്ക് കണ്ണടച്ചിരിക്കാം.. സാധിക്കുമെങ്കിൽ യാത്രകൾക്കിടയിൽ കുറച്ചു നേരം ഉറങ്ങുകയും ചെയ്യാം. യാത്രയ്ക്കിടയിൽ ഉള്ള ഉറക്കം നിങ്ങളെ കൂടുതൽ ഉന്മേഷവാൻ ആക്കും എന്നതിലുപരി മുകളിൽ പറഞ്ഞ തലച്ചോറിന്റെ മറുപണിയുടെ കണക്ഷൻ തന്നെ ഇല്ലാതാക്കാൻ കഴിയും. അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ ഉറങ്ങാൻ കഴിയുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നങ്ങളും ഉണ്ടാകാൻ ഒട്ടും തന്നെ സാധ്യതയില്ല.
ജനാലകൾ തുറന്നിട്ടുകൊണ്ട് യാത്ര ചെയ്യുന്നത് വഴി ആവശ്യമായ ശുദ്ധവായു ശ്വസിക്കാൻ നിങ്ങൾക്ക് സാധിക്കും. ഛർദ്ദിക്കാനുള്ള തോന്നലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ ഇതുവഴി സാധ്യമാകുന്നു.
നാരങ്ങ, ഇഞ്ചി, പുതിനയില തുടങ്ങിയവയിൽ ഏതെങ്കിലുമൊക്കെ നമ്മുടെ യാത്രകളിൽ എപ്പോഴും കരുതാം. ഛർദ്ദിക്കാൻ തോന്നുമ്പോൾ ഇതിന്റെ ഏതെങ്കിലും മണം എടുക്കുന്നത് ഛർദ്ദിക്കാൻ ഉള്ള തോന്നലിനെ എടുത്ത് മാറ്റും.
ഇത്തരം പ്രശ്‌നമുള്ളവരില്‍ നിന്നും അകന്നിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങളെകുറിച്ച് പറയുന്നതും കേള്‍ക്കുന്നതും ഒക്കെ നിങ്ങളിലും അസ്വസ്ഥതകൾ ഉളവാക്കാൻ സാധ്യതയുണ്ട്.
ചലിക്കാത്ത വസ്‌തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഒരേ ബിന്ദുവില്‍ തന്നെ നോക്കി നിൽക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കുക.
ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് വഴിയും യാത്രകളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അയഞ്ഞ വസ്‌ത്രങ്ങൾ ഉപയോഗിക്കുന്നതുവഴി യാത്രയിൽ ചൂട് അനുഭവപ്പെടാൻ ഉള്ള സാധ്യത കുറയുകയും ചെയ്യും
ഇതിനേക്കാളൊക്കെ ഉപരിയായി ചെയ്യുന്ന ഓരോ യാത്രയും ഹൃദ്യമായി ആസ്വദിക്കാൻ ശ്രമിക്കുക. ആത്മവിശ്വാസമുള്ള ഒരു മനസ്സിന് ശരീരത്തിന്റെ അസ്വസ്ഥതകളെ എളുപ്പത്തിൽ കീഴടക്കാനാകും
അപ്പോൾ ഇനി യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി. ഛർദ്ദിയും മനം പിരട്ടലും ഒന്നും പിന്നെ ഈ വഴിക്ക് വരില്ല.