എടിയേ , എൻ്റെ കൊളസ്ട്രോൾ നോക്കി വരാണ്. കുറച്ച് കൂടുതൽ ഉണ്ടെന്നാ ലാബിലെ കുട്ടി പറഞ്ഞത് .
ആണോ , എന്നാൽ നമുക്ക് പോയി ഡോക്ടറിനെ ഒന്ന് കാണിക്ക കുറയാൻ വല്ല മരുന്നും തന്നോളും.അതും പറഞ്ഞ് ഇവിടെ ഇരുന്നിട്ട് എന്താ കാര്യം, വാ പോയി നോക്കാം ചിലപ്പോ മരുന്ന് ഒന്നും വേണ്ടി വരില്ലെങ്കിലോ……..
മുകളിൽ പറഞ്ഞത് എല്ലാവർക്കും ഉള്ള സംശയമാണ്. കൊളസ്ട്രോളിന് മരുന്ന് കുടിക്കണോ ! അതോ മരുന്ന് കുടിക്കണ്ടേ.? അറിയാം അതിനെ കുറിച്ച് കൂടുതലായി.
കൊഴുപ്പ് ഏറിയ ഭക്ഷണം ധാരാളമായി കഴിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്താൽ ശരീരത്തിൽ കൊഴുപ്പ് കൂടും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ (LDL)ഉയരുകയും ചെയ്യും. എന്നാൽ ശരീരത്തിനാവശ്യമായ കൊഴുപ്പിൻ്റെ സിംഹഭാഗവും ശരീരം തന്നെയാണ് നിർമിക്കുന്നത്. പലരിലും ഉയർന്ന കൊഴുപ്പിനു പിന്നിൽ ജനിതകമായ കാരണങ്ങളും ഉണ്ടാകും. അതിനാൽ കൊളസ്ട്രോൾ കുറയ്ക്കാനായി മരുന്ന് കഴിക്കണമെന്ന് ഡോക്ടർ നിർദേശിച്ചാൽ മരുന്ന് കഴിക്കാതിരിക്കരുത്.
രക്തത്തിലെ കൊളസ്ട്രോൾ അളവ് മാത്രം നോക്കിയല്ല ഡോക്ടർ മരുന്ന് നിർദേശിക്കുന്നത്. പുകവലി, അമിത രക്തസമ്മർദം, പ്രായം, ഹൃദ്യോഗപാരമ്പര്യം തുടങ്ങിയ അപായഘടകങ്ങളെ വിലയിരുത്തി വരുന്ന 10 വർഷത്തിനിടയിൽ ഹൃദ്യോഗമോ സ്ട്രോക്കോ വരാനുള്ള സാധ്യത കണക്കാക്കും. രോഗസാധ്യത 10 ശതമാനത്തിലധികമെന്നു കാണുകയും ജീവിതശൈലീ മാറ്റം കൊണ്ടു, കാര്യമായ മാറ്റം കൊളസ്ട്രോൾ നിലയിൽ വരുത്താൻ കഴിയുകയില്ല എന്നും മനസ്സിലാക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്ന് ഡോക്ടർ നിർദേശിക്കുക.റ്റിൻ വിഭാഗത്തിൽ പെട്ട മരുന്നുകളാണ് ഏറ്റവും സാധാരണമായി നൽകുന്നത്. ചീത്ത കൊളസ്ട്രോയ എൽഡിഎൽ കുറയ്ക്കുക എന്നതാണ് ഈ മരുന്നുകളുടെ പ്രധാന ലക്ഷ്യം.പിസിഎസ്കെ – 9 വിഭാഗം മരുന്നുകളും ഇപ്പോൾ പ്രചാരത്തിലുണ്ട്.
ട്രൈക്ലിസറൈഡ്സ് ഏറെ ഉയർന്നു നിൽക്കുന്നവരിൽ അത് കുറക്കാൻ ഫൈബേറ്റ് ഗ്രൂപ്പിൽ ഉൾപ്പെട്ട മരുന്നുകളും സഹായിക്കും. മരുന്നിന് ഒപ്പം ഭക്ഷണനിയന്ത്രണവും വ്യായാമവും കൊണ്ട് കൊളസ്ട്രോൾ ഹിതകരമായ അളവിലേക്ക് എത്തുന്ന, മറ്റ് അപകട ഘടകങ്ങൾ ഇല്ലാത്തവരിൽ 3 മുതൽ 6 മാസക്കാലയിളവിൽ മരുന്ന് നിർത്താൻ കഴിഞ്ഞേക്കും.എന്നാൽ അതിറോസ്ക്ലിറോസിസ് പോലെയുള്ള ധമനീരോഗങ്ങൾ, അമിത രക്തസമ്മർദം, പ്രമേഹം തുടങ്ങിയവ ഉള്ളവരിൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നതാണ് ഉത്തമം. അവരിലും മികച്ച ജീവിതശൈലി കൂടി പിന്തുടർന്നാൽ മരുന്നളവ് കുറച്ച് കൊണ്ടുവരാൻ കഴിയും.