പരീക്ഷകൾ അവസാനിപ്പിച്ച് അവധിക്കാലത്തെ വരവേൽക്കുമ്പോൾ കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വേനൽക്കാലത്താണ് എന്ന് നിസ്സംശയം പറയാം. എന്നാൽ വേനൽക്കാലത്തിന്റെ എല്ലാ സന്തോഷത്തോടും ഉല്ലാസത്തോടും കൂടി മൂന്ന് മാസത്തെ വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ വരുന്നു, ഒപ്പം അലർജികളും. വേനൽക്കാലത്ത് കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ അലർജികളിൽ ഒന്നാണ് കൺജങ്ക്റ്റിവിറ്റിസ്.
കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത വെളുത്ത ഭാഗമാണ് കൻജൻങ്ക്ടൈവ. ഇതിനുണ്ടാകുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ക്റ്റിവിറ്റിസ്. ചെങ്കണ്ണ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുമൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അങ്ങനെയാണ് കണ്ണിന് ചുവന്ന നിറമുണ്ടാകുന്നത്. മദ്രാസ് ഐ., പിങ്ക് ഐ. എന്നും ഇത് അറിയപ്പെടുന്നു. വെെറസും ബാക്ടീരിയയും മൂലം ചെങ്കണ്ണ് ഉണ്ടാകാറുണ്ട്. എന്നാൽ പൊതുവേ വെെറസ് മൂലമാണ് ഈ രോഗം കൂടുതലും ഉണ്ടാകുന്നത്.
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് കൺജങ്ക്റ്റിവിറ്റിസ് എന്ന ചെങ്കണ്ണ് ഉണ്ടാക്കുന്നത്. അണുബാധ ബാക്ടീരിയയോ വൈറസോ മൂലമാകാം. കൂടതലും വൈറൽ കൺജങ്ക്റ്റിവിറ്റിസ് ആണ് ഇപ്പോൾ കാണുന്നത്.
കണ്ണിൽ ചുവപ്പുനിറം, കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും. കൺപോളകളിൽ വീക്കവും തടിപ്പും. തുറക്കാൻപറ്റാത്തവിധം കണ്ണിൽ പീളകെട്ടുക. പ്രകാശംതട്ടുമ്പോൾ കണ്ണിൽ അസ്വസ്ഥത. കണ്ണിൽ കരടുപോയതുപോലെ തോന്നൽ തുടങ്ങിയവയാണ് കൺജങ്ക്റ്റിവിറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ.
കൈകൊണ്ട് കണ്ണുകൾ തൊടുന്നത് ഒഴിവാക്കുക, രോഗംബാധിച്ച ആളുകളുമായി ശാരീരിക അകലംപാലിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, രോഗി ഉപയോഗിച്ച തൂവാല, ടവൽ, സോപ്പ്, മൊബൈൽഫോൺ, പേന, പേപ്പർ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ രോഗത്തെ പരമാവധി പ്രധിരോധിക്കാവുന്നതാണ്
രോഗം പൂർണമായി ഭേദമാകാൻ ഏഴുമുതൽ 10 ദിവസംവരെയെടുക്കും. ഈസമയത്ത് കണ്ണിന് ആയാസം നൽകുന്ന പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണം. വേഗംപടരുന്ന നേത്രരോഗമാണെങ്കിലും കൃത്യമായ ചികിത്സയിലൂടെ രോഗത്തെ തടയാനാകും. മറ്റുചില നേത്രരോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ സ്വയംചികിത്സ പാടില്ല.