Nammude Arogyam
General

മൂത്രം പിടിച്ച് വയ്ക്കുന്ന സ്വഭാവമുള്ളവരാണോ? എങ്കിൽ ഇത് വരുത്തുന്ന അപകടങ്ങൾ ചെറുതല്ല…

മൂത്രമൊഴിയ്ക്കാൻ തോന്നുകയെന്നത് സ്വാഭാവികമായി തോന്നുന്ന ഒന്നാണ്. ഇതിന് കാരണമായ പലതും നമ്മുടെ ശരീരത്തിൽ നടക്കുന്നു. മൂത്രസഞ്ചി എന്നത് മസിലുകൾ കൊണ്ട് നിർമിച്ച അറയാണ്. ഇതിൽ മൂത്രം നിറയുമ്പോൾ ഈ സന്ദേശം തലച്ചോറിലെത്തുന്നു. പ്രായമാകുന്നതിന് അനുസരിച്ച് മൂത്രം നിയന്ത്രിച്ച് നിർത്തുന്നതിനും വ്യത്യാസമുണ്ടാകും. സാധാരണ ഗതിയിൽ ഒരാൾക്ക് മൂന്ന് മണിക്കൂറിൽ ഒരിക്കലാണ് മൂത്രമൊഴിയ്ക്കാൻ തോന്നുന്നത്. എന്നാൽ പ്രായം ചെല്ലുന്തോറും ഇതിന്റെ ഇടവേള കുറഞ്ഞും വരുന്നു. ഒരാൾക്ക് 5 മണിക്കൂർ വരെ മൂത്രം പിടിച്ച് വയ്ക്കാൻ സാധിക്കും. എന്നാൽ ചിലപ്പോൾ ചിലർ ഏറിയ നേരം മൂത്രം പിടിച്ച് വയ്ക്കുന്നത് സാധാരണയാണ്. ഇത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കും.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ വൈകീട്ട് വരെ ഇതേ രീതിയിൽ മൂത്രമൊഴിയ്ക്കാതെ ഇരിയ്ക്കുന്നവർ ധാരാളമാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികൾ. സ്ത്രീകളാണ് പുരുഷന്മാരേക്കാൾ ഇതേ രീതിയിൽ മൂത്രം പിടിച്ചു വയ്ക്കുന്നത്. ഇത്തരത്തിൽ മൂത്രം പിടിച്ച് വയ്ക്കുന്നത് കൊണ്ട് വരുന്ന പല പ്രശ്നങ്ങളുമുണ്ട്. ചിലർക്ക് അടിക്കടി വരുന്ന മൂത്രാശയ അണുബാധകൾക്ക് പ്രധാന പ്രശ്നം ഇത്തരത്തിലെ സ്വഭാവമായിരിയ്ക്കും. പ്രത്യേകിച്ചും സ്ത്രീകൾക്കും പെൺകുട്ടികൾക്കും. ഇതിന് പ്രധാനപ്പെട്ട ഒരു കാരണവുമുണ്ട്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീയുടെ മൂത്രനാളിയുടെ നീളം കുറവാണ്. ഇതിനാൽ തന്നെയും ഇൻഫെക്ഷനുകൾക്ക് സാധ്യതയുമുണ്ട്. മൂത്രം ഏറെ നേരം പിടിച്ച് വയ്ക്കുമ്പോൾ ബാക്ടീരിയൽ ഇൻഫെക്ഷനുകൾക്ക് സാധ്യതയേറെയാണ്. ബാക്ടീരിയകൾ വളരുന്നതിന് ഇത് കാരണമാകുന്നു. മൂത്രനാളിയ്ക്ക് നീളം കുറവായതിനാൽ തന്നെയും ഇത്തരത്തിൽ ബാക്ടീരിയകൾ ഏറെ വേഗം സ്ത്രീയുടെ ഉളളിൽ എത്തുകയും ചെയ്യുന്നു. എന്നാൽ പുരുഷന്മാരുടെ മൂത്രനാളിയ്ക്ക് നീളം കൂടുതലായതിനാൽ ഇത്തരത്തിലെ ഇൻഫെക്ഷൻ സാധ്യതകൾ കുറവാണ്. മാത്രമല്ല, ഏറെ നേരം മൂത്രം പിടിച്ച് വയ്ക്കുന്ന സ്വഭാവം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കുറവുമാണ്. ഇതാണ് സ്ത്രീകളിലെ ഇൻഫെക്ഷൻ സാധ്യതകൾ വർദ്ധിപ്പിയ്ക്കുന്നതും.

ഇതു പോലെ മൂത്രം പിടിച്ച് വയ്ക്കുമ്പോഴുണ്ടാകുന്ന മറ്റൊരു അപകടം കൂടിയുണ്ട്. മൂത്രം പിടിച്ച് വയ്ക്കുമ്പോൾ സ്വാഭാവികമായും വെള്ളം കുടിയ്ക്കുന്നതും കുറയും. മൂത്രമൊഴിയ്ക്കണം എന്ന ചിന്തയാൽ ദാഹിച്ചാൽ പോലും വെള്ളം കുടിയ്ക്കാത്തവരുമുണ്ട്. വെള്ളം കുടിയ്ക്കാത്തത് പല ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നു. വെള്ളം ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്. ഇതിനാൽ തന്നെ വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം തന്നെ. മൂത്രമൊഴിയ്ക്കണം എന്ന ചിന്തയാൽ വെള്ളം കുടിയ്ക്കാതിരിയ്ക്കുമ്പോൾ വരുന്ന അപകടങ്ങൾ ഇതെല്ലാമാണ്.

ഏറെ നേരം മൂത്രം പിടിച്ച് വയ്ക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതുമല്ല. ഇത്തരം ശീലം യൂറിനറി ഇൻകോണ്ടിനെൻസ് എന്ന അവസ്ഥ വരുത്താനും ഇട വരുത്തുന്ന ഒന്നാണ്. അതായത് അറിയാതെ മൂത്രം പോകുന്ന അവസ്ഥ. ഇത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിരിയ്ക്കുമ്പോഴുമെല്ലാം ഉണ്ടാകാം. സാധാരണ പ്രായമാകുമ്പോഴുണ്ടാകുന്ന ഈ അവസ്ഥ ചെറുപ്പക്കാരിൽ പോലും വരുന്നതിന് കാരണം ചിലപ്പോൾ ഇതാകാം. മൂത്രസഞ്ചാരം നിയന്ത്രിയ്ക്കുന്ന മസിലുകളുടെ ബലം നഷ്ടപ്പെടുമ്പോഴാണ് ഇതുണ്ടാകുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടുണ്ടാകാമെങ്കിലും ഇത്തരത്തിൽ മൂത്രം പിടിച്ച് വയ്ക്കുന്നത് ഒരു പ്രധാന കാരണം തന്നെയാണ്.

ചില രോഗങ്ങൾ ഉളളവർക്ക് ഇത്തരം ശീലം ഏറെ ആരോഗ്യപ്രശ്നങ്ങൾ വരുത്താറുമുണ്ട്. പ്രോസ്റ്റേറ്റ് എൻലാർജ്മെന്റ്, ന്യൂറോ ജെനിക് ബ്ലാഡർ, കിഡ്നി പ്രശ്നങ്ങൾ, യൂറിനറി റീട്ടെൻഷൻ എന്നിവയുളളവർക്ക് ഇത്തരം ശീലം ഏറെ ദോഷം വരുത്തുകയും ചെയ്യുന്നു. ഗർഭകാലത്ത് ഇത്തരം ശീലമുള്ളവരുണ്ടെങ്കിൽ അണുബാധകൾക്ക് സാധ്യതയേറെയാണ്. ഇത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിയ്ക്കുകയും ചെയ്യുന്നു. ഈ ഭാഗത്തെ മസിലുകൾക്ക് കട്ടി കുറയാനും ഇത് ഒരു കാരണമാകുന്നു.

മുകളിൽ പറഞ്ഞ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ തന്നെ ഇത്തരം ശീലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

Related posts