ഗര്‍ഭകാലം എന്നത് പല സ്ത്രീകളിലും ശാരീരികവും മാനസികവുമായ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയം തന്നെയാണ്. പല കാര്യങ്ങളിലും അതീവ ശ്രദ്ധ നല്‍കുന്നതിന് പല അമ്മമാരും ശ്രദ്ധിക്കുന്നു. കഴിക്കുന്ന ഭക്ഷണവും കിടത്തവും ഇരുന്നെഴുന്നേല്‍ക്കുന്നതും എല്ലാം വളരെയധികം ശ്രദ്ധ വേണ്ട ഒരു സമയം തന്നെയാണ്. എന്നാല്‍ പല സ്ത്രീകളും ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ കഴിക്കുന്ന ഭക്ഷണം വരെ രണ്ട് പേര്‍ക്കുള്ളതായി മാറ്റുന്നു. ഇത് ചെറിയ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ ഒന്നാണ് ശരീരഭാരം ഒരുപാട് വര്‍ദ്ധിക്കും എന്നത്. സാധാരണ ഗര്‍ഭകാലത്ത്, ഗര്‍ഭിണികള്‍ക്ക് ശരീരഭാരം വർധിക്കുമെങ്കിലും അത് എത്രത്തോളം വര്‍ദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.
അമ്മമാര്‍ കുഞ്ഞിന്റെ വളര്‍ച്ചക്കും വികാസത്തിനും വേണ്ടി ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കാരണം എത്ര കഴിക്കണം, എങ്ങനെ കഴിക്കണം അത് ശരീരഭാരം എത്രത്തോളം കൂട്ടുന്നു, ആരോഗ്യകരമായ ശരീരഭാരം എത്ര എന്നതിനെക്കുറിച്ചൊന്നും പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ച് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് നോക്കാം.
ഗര്‍ഭകാലത്ത് ആരോഗ്യത്തോടെയിരിക്കുക എന്നത് അമ്മയ്ക്കും കുഞ്ഞിനും അത്യന്താപേക്ഷിതമായ കാര്യമാണ്. അമ്മയില്‍ നിന്നാണ് കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ പോഷകങ്ങളും മറ്റും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് എല്ലാ അമ്മമാരും അറിഞ്ഞിരിക്കണം. ഒരു സ്ത്രീക്ക് വേണ്ടത്ര ശരീരഭാരം ഗര്‍ഭകാലത്തിന്റെ ഓരോ അവസ്ഥയിലും ഇല്ലെങ്കില്‍ അത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. അതേ സമയം, ഒരു സ്ത്രീ അമിതഭാരത്തിലേക്ക് കടന്നാലും ഇതേ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എപ്പോഴും തന്റെ ഗര്‍ഭധാരണത്തിന് മുന്‍പുള്ളതിനേക്കാള്‍ 11 കിലോ മുതല്‍ 15 കിലോഗ്രാം വരെ ഭാരം വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭധാരണത്തിനു മുമ്പ് ഭാരം കുറവാണെങ്കില്‍, കുറഞ്ഞത് 12.5 കിലോ മുതല്‍ 18 കിലോഗ്രാം വരെ ഭാരം വയ്ക്കണം. എന്നാല്‍ ഗര്‍ഭിണിയാവുന്നതിന് മുന്‍പ് അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള വ്യക്തിയാണെങ്കില്‍ അവര്‍ 6.8 കിലോഗ്രാം മുതല്‍ 11 കിലോഗ്രാം വരെ മാത്രമേ ഭാരം വര്‍ദ്ധിപ്പിക്കാവൂ.
പലപ്പോഴും മുകളില്‍ പറഞ്ഞ കണക്കനുസരിച്ച് ഉള്ളതിനേക്കാള്‍ ഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍ അത് പലപ്പോഴും അല്‍പം ഗുരുതരമായ അവസ്ഥ ഉണ്ടാക്കുന്നു. പലപ്പോഴും ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ചില ഭക്ഷണങ്ങളോട് താല്‍പ്പര്യം അല്‍പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും അമിതഭാരത്തിലേക്ക് എത്തിച്ചേക്കാം. അനാരോഗ്യകരമായ ചില ഭക്ഷണശീലങ്ങളും ഈ സമയം ഉണ്ടായേക്കാം. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഗര്‍ഭകാലം മുഴുവന്‍ ആക്ടീവ് ആയി ഇരിക്കുന്നതിനും ഓരോരുത്തരും ശ്രദ്ധിക്കണം. ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് അവളുടെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനും അനാരോഗ്യകരമായ ശരീരഭാരം ഒഴിവാക്കാനും കഴിയും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ഇവ പൂര്‍ണമായും ഒഴിവാക്കേണ്ടതിന് ശ്രദ്ധിക്കണം. പകരം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കോണ്‍സിറപ്പ്, പഞ്ചസാര അടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ കഴിക്കരുത്. മധുരപാനീയങ്ങള്‍ ഒഴിവാക്കി കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. കുക്കീസ്, കേക്ക്, ചിപ്സ്, മിഠായി, ഐസ്‌ക്രീം തുടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നു.
പാചക എണ്ണകള്‍, വെണ്ണ, ഗ്രേവി, സോസുകള്‍, മയോണൈസ്, സാധാരണ സാലഡ് ഡ്രെസ്സിംഗുകള്‍, പുളിച്ച വെണ്ണ, ക്രീം ചീസ് തുടങ്ങിയ കൊഴുപ്പ് അടങ്ങിയ വസ്തുക്കള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇതിനെല്ലാം പകരം കലോറി കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കാതിരിക്കുന്നതിന് വേണ്ടി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.
ഗര്‍ഭകാലത്തെ ആദ്യ ട്രൈമസ്റ്ററിന് ശേഷം മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ വ്യായാമം ചെയ്യാന്‍ ആരംഭിക്കാവുന്നതാണ്. പലപ്പോഴും സ്ത്രീകളില്‍ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ കാരണം ക്ഷീണം പലപ്പോഴും ഉണ്ടാവുന്നു. ഇത് അകറ്റുന്നതിന് വേണ്ടി കൃത്യമായ വ്യായാമവും മറ്റും ചെയ്യാവുന്നതാണ്. എന്നാല്‍ ഇതെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. തീവ്രത കുറഞ്ഞ മിതമായ വ്യായാമമാണ് ചെയ്യേണ്ടത്.
ഗര്‍ഭകാലത്ത് എന്ത് കാര്യം ചെയ്യുന്നതിന് മുന്‍പും കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പിന്നീട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഗര്‍ഭകാലം ഓരോ സ്ത്രീകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഓരോ സ്ത്രീകളിലും ഗര്‍ഭാവസ്ഥയില്‍ പല തരത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം. അതിനാല്‍ ഗൂഗിള്‍ തിരഞ്ഞ് ഇതിനൊന്നും പരിഹാരം കാണാന്‍ നില്‍ക്കാതെ കൃത്യമായി ഡോക്ടറെ സന്ദര്‍ശിക്കുന്നതിനും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും ശ്രദ്ധിക്കുക.