കുഞ്ഞുങ്ങളെ വളർത്തുന്നത് ഒരു മാതാപിതാക്കൾക്കും ഒരു പഠനം തന്നെയാണ്. ഒരു കുഞ്ഞുണ്ടാകുമ്പോൾ തന്നെ അവരെ വളർത്തുവാനും, നയിക്കുവാനും ഉള്ള പക്വത മാതാപിതാക്കൾക്ക് ഉണ്ടാകണമെന്നില്ല. ഓരോ ദിവസവും നമ്മൾ ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ മാതാപിതാക്കൾക്കും ഈ കാലഘട്ടം സ്നേഹം, സഹിഷ്ണുത, മനസ്സിലാക്കൽ എന്നിവ ആവശ്യപ്പെടുന്ന ഒരു യാത്രയാണ് . ചിലപ്പോൾ കുട്ടികളുടെ തെറ്റായ പെരുമാറ്റം കണ്ടാൽ മാതാപിതാക്കൾക്ക് കോപം വരാം. പലരും “ഒന്ന് അടിച്ചാൽ പഠിക്കും” എന്ന് കരുതി ശിക്ഷ നൽകാറുണ്ട്. പക്ഷേ, കുഞ്ഞിനെ അടിക്കുന്നത് ഒരു പരിഹാരമല്ല — മറിച്ച് കുട്ടിയുടെ മനസ്സിനും ശരീരത്തിനും ദോഷം ചെയ്യുന്ന പ്രവൃത്തിയാണ്.
കുഞ്ഞ് മാതാപിതാക്കളെ സ്നേഹത്തോടെ നോക്കേണ്ടവരാണ്. എന്നാൽ, അടിയേറ്റ് വളർന്ന കുട്ടികൾക്ക് മാതാപിതാക്കളോടുള്ള വിശ്വാസം കുറയാം. അവർ പലപ്പോഴും ഭയത്തോടെയും ഉണർന്നിരിക്കുന്ന ആശങ്കയോടെയും പെരുമാറും. പഠനങ്ങളും കാണിക്കുന്നത്, ശാരീരിക ശിക്ഷ ലഭിക്കുന്ന കുട്ടികൾക്ക് ആവലാതികൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ , നിയന്ത്രണാതീതമായ ദേഷ്യം പോലുള്ള പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്.

അടിയേറ്റ് കുഞ്ഞ് “ശരി-തെറ്റ്” മനസ്സിലാക്കുന്നതിന് പകരം, “അടിയേറ്റ് രക്ഷപ്പെടുക” എന്ന രീതിയിലേക്ക് മാറും. അതായത്, പെരുമാറ്റം മാറ്റാൻ ഉള്ള യഥാർത്ഥ കാരണങ്ങൾ മനസിലാക്കാൻ കഴിയാതെ ശിക്ഷ ഒഴിവാക്കാൻ മാത്രം ശ്രമിക്കും. ഇതുകൊണ്ട് വലിയ കാലയളവിൽ നല്ല ഹാബിറ്സ് വളരുവാൻ പ്രയാസമാകും.
കുട്ടികൾ നമ്മിൽ നിന്നും പഠിക്കുന്നു. അവർ അക്രമം കണ്ടാൽ, അത് പ്രശ്നപരിഹാര മാർഗമാണെന്ന് കരുതാൻ തുടങ്ങും. അതിനാൽ, ശാരീരിക ശിക്ഷ അനുഭവിച്ചവർക്ക് മുതിരുമ്പോൾ ദേഷ്യം , അനാവശ്യ വാശി, ബന്ധങ്ങൾക്കിടയിലെ പ്രശ്നമാണ് എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
കുഞ്ഞിന്റെ ശീലങ്ങൾ മെച്ചപ്പെടുത്താൻ നല്ല മാർഗങ്ങൾ
- കുഞ്ഞ് എന്താണ് തെറ്റ് ചെയ്തതെന്ന് സമാധാനത്തിൽ പറഞ്ഞുതരുക.
- നല്ല പെരുമാറ്റം കണ്ടാൽ ചെറിയ പ്രശംസ, സമ്മാനം, ഒരു ഹഗ് എന്നിവ നൽകുക.
- വീട്ടിൽ എന്താണ് ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതും വ്യക്തമാക്കുക.
- ശീലങ്ങൾ ഒരു രാത്രി കൊണ്ട് മാറില്ല. സഹിഷ്ണുതയാണ് വിജയത്തിന്റെ ചാവി.
- മാതാപിതാക്കളുടെ പെരുമാറ്റം കുട്ടികൾ നേരിട്ട് പകർത്തും.
കുഞ്ഞിന്റെ മനസ്സ് ഒരു വിരിയാൻ നിൽക്കുന്ന പൂവാണെന്ന് കരുതുക. അത് അടിച്ച് തുറക്കാൻ കഴിയില്ല, സ്നേഹത്തോടെ മാത്രം വിരിയിക്കാം. നമ്മൾ സ്വയം കുട്ടികൾക്ക് ഒരു മാതൃക ആകാൻ ശ്രമിക്കുക. കുട്ടികൾക്ക് അച്ചടക്കം മാത്രമല്ല, ആത്മവിശ്വാസവും ജീവിതത്തിൽ വിജയിക്കാൻ വേണ്ട കഴിവുകളും ലഭിക്കും.