മലബാറിന്റെ ഭക്ഷണശൈലി രുചിയുടെയും വൈവിധ്യത്തിന്റെയും ആഘോഷമാണ്. ബിരിയാണി, പൊറോട്ട, പത്തിരി, അരിപ്പൊടി വിഭവങ്ങൾ, കഞ്ഞി, കടുക് താളിച്ച കറികൾ, കൂടെ കട്ടിയുള്ള ചായ – ഇതൊന്നും ഇല്ലാതെ ഒരു ദിവസം പോകുമോ? മലയാളികളുടെ ഹൃദയത്തിൽ സ്വന്തം ഇടം കണ്ടെത്തിയ ഈ വിഭവങ്ങൾ ഇഷ്ടംപോലെ ആസ്വദിക്കുമ്പോൾ, അതിന്റെ ആരോഗ്യപരമായ ബാധ്യതകളെ കുറിച്ച് ചിന്തിക്കാറുണ്ടോ? നമ്മുടെ ഭക്ഷണരീതികൾ ആരോഗ്യകരമാണോ?
മലബാറിലെ ഭക്ഷണം ശ്രദ്ധിച്ചാൽ ഒരു പ്രത്യേകത മനസ്സിലാകും – മസാലയും എണ്ണയും കൂടുതലായിരിക്കും. മട്ടൻ, കോഴി, അരിപ്പൊടി കൊണ്ടുള്ള വിഭവങ്ങൾ, വറുത്തതും എണ്ണയിൽ മൂപ്പിച്ചതുമായുള്ള വിഭവങ്ങൾ നമ്മൾ വളരെ അധികം ഉപയോഗിക്കുന്നു. പൊറോട്ടയും മൈദയുമാണ് രാവിലെ മുതൽ രാത്രിവരെ പലരുടെയും പ്രിയപ്പെട്ട ഭക്ഷണം. എന്നാൽ, ഈ ഭക്ഷണത്തിൽ പോഷക മൂല്യത്തെ കുറിച്ച് ചിന്തിച്ചാൽ, മൈദയുടെ അമിത ഉപയോഗം ഫൈബർ കുറവു, ദഹനപ്രശ്‌നങ്ങൾ, വയർവേദന, അമിതഭാരം എന്നിവയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ, ആട്ടാ പൊറോട്ടയിലേക്കോ ഗോതമ്പ് പത്തിരിയിലേക്കോ മാറുക നല്ല ഒരു തീരുമാനം ആകും.

ബിരിയാണി എന്ന് പറയുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ വെള്ളമൂറും. എന്നാൽ അതിന്റെ എണ്ണയും മസാലയും, ചിലപ്പോൾ വളരെയധികം കനമുള്ള അരിയും നമ്മുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉണ്ടാക്കാം. അടിപൊളി രുചിയുള്ളതായിരിക്കുമെങ്കിലും, പതിവായി കഴിക്കുമ്പോൾ അമിത കൊളസ്ട്രോൾ, അസിഡിറ്റി എന്നിവയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കുറച്ച് എണ്ണ, കൂടുതൽ പ്രോട്ടീൻ അടങ്ങിയതും ഫൈബറുള്ളതുമായ ഭക്ഷണങ്ങൾ ചേർത്ത് കഴിക്കുമ്പോൾ ആരോഗ്യവും രുചിയും ഒരുമിച്ച് അനുഭവിക്കാനാകും.
മലബാറിലെ ഒരു വേറിട്ട സവിശേഷത ചായയാണ്. രാവിലെ, ഉച്ച, വൈകിട്ട്, രാത്രിയൊക്കെ ചായ ഇല്ലെങ്കിൽ ഒരു പോരായ്മ തോന്നും. എന്നാൽ, അതിനൊപ്പം അമിത പഞ്ചസാരയും മിൽക്കും ചേർന്നാൽ പ്രമേഹത്തിന് സാധ്യത കൂടും. കുറച്ച് പഞ്ചസാരയോ അല്ലങ്കിൽ പാൽകുറഞ്ഞ ചായയോ ഒന്നോ രണ്ടോ തവണ കഴിക്കുന്നതിൽ വലിയ തെറ്റില്ല.
നമ്മുടെ ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ, അതിന്റെ രുചിയും വൈവിധ്യവും ഇല്ലാതാകാതെ തന്നെ കൂടുതൽ ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാനാകും. മൈദയ്ക്ക് പകരം ഗോതമ്പ്, അമിത എണ്ണയും മറ്റും ഒഴിവാക്കി ചെറുതായി പച്ചക്കറികളും പോഷകാഹാരങ്ങളും ഉൾപ്പെടുത്തുക, ചായയുടെ അളവ് കുറച്ച് ദഹനശേഷിയും ഉറക്കവും ഉറപ്പാക്കുക – ഇത്തരം ചെറിയ കാര്യങ്ങൾ തന്നെ വലിയ ആരോഗ്യ നേട്ടങ്ങൾ നൽകും.
മലബാറിന്റെ ആഹാരശൈലി മാറ്റണമെന്നല്ല, അത് കുറച്ചു കൂടുതൽ ബലൻസ്ഡ് ആക്കണം എന്നതാണ് പ്രധാനമായകാര്യം . ആരോഗ്യമുള്ള ഭക്ഷണവും നല്ലൊരു വ്യായാമവും ചേർത്ത് നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങൾ മനസ്സുറപ്പിച്ച് ആസ്വദിക്കാം!