കൊവിഡ് ഭേദമായവരിൽ ബ്ലാക്ക്, വൈറ്റ് ഫംഗസുകൾ ബാധിക്കുന്നത് ജനങ്ങളിൽ തികഞ്ഞ അരക്ഷിതാവസ്‌ഥ സൃഷ്ടിച്ച സാഹചര്യത്തിലാണ് കൂടുതൽ അപകടഭീതി പരത്തി യെല്ലോ ഫംഗസും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലാണ് രാജ്യത്താദ്യമായി യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചത്. സാധാരണ ഉരഗ വർഗ്ഗങ്ങളിലാണ് ഈ രോഗം കണ്ടുവരാറുള്ളത്. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവ ഏകദേശം 8000 ൽ അധികം പേരെ ബാധിക്കുകയും മരണ സംഖ്യ കൂടുന്ന സാഹചര്യവും രൂക്ഷമാകുമ്പോൾ പുതുതായി തിരിച്ചറിഞ്ഞ യെല്ലോ ഫംഗസ് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്.
മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമാണ് യെല്ലോ ഫംഗസ് അണുബാധ. ഇത് ബാധിക്കുന്നതോടെ ശരീരത്തിലെ ആന്തരികവായവങ്ങളെ വലിയ തോതിൽ ബാധിക്കുന്നു. ആന്തരിക രക്തസ്രാവമുണ്ടാകാൻ കാരണമാകുന്നതിനാൽ ഇത് മരണസംഖ്യ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
മറ്റ് രണ്ട് അണുബാധകളും പുറമേ നിന്ന് ശരീരത്തിലേയ്ക്ക് കയറുന്നുവെങ്കിൽ യെല്ലോ ഫംഗസ് ശരീരത്തിന് അകത്തു തന്നെയാണ് രൂപം കൊള്ളുന്നത്. ശേഷം ഇത് മറ്റ് അവയവങ്ങളെ ഗുരുതരമായി ബാധിക്കുന്നു. ഈ രോഗം ബാധിച്ചവരിൽ മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കും. തുടക്കത്തിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ പല അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കും. ഇത് അക്യൂട്ട് നെക്രോസിസ് പോലുള്ള ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
വ്യക്തി ശുചിത്വമില്ലായ്മയാണ് ഈ അണുബാധയുടെ പ്രധാന കാരണം. മലിനമായ സാഹചര്യങ്ങളിൽ ഇടപഴകുന്നതും വൃത്തിഹീനമായ ആഹാര സാധനങ്ങൾ കഴിക്കുന്നതും യെല്ലോ ഫംഗസ് ബാധിയ്ക്കാൻ കാരണമാകും. ഇത് കൂടാതെ സ്റ്റിറോയിഡുകൾ, ആന്റി ബാക്റ്റീരിയൽ മരുന്നുകൾ എന്നിവയുടെ അമിത ഉപയോഗം, ഒക്സിജൻ എടുക്കുന്നതിലെ വീഴ്ച എന്നിവ കാരണവും ഈ ഫംഗസ് ബാധ ഉണ്ടാകും. അതായത് രോഗപ്രതിരോധ ശേഷി കുറയാൻ കാരണമാകുന്ന മരുന്നുകൾ കഴിക്കുന്നവരിൽ ഈ അണുബാധ വളരെ വേഗം പിടിപെടും.
യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങൾ
1.അസാധാരണമായ അലസത
2.ക്ഷീണം
3.ശരീരത്തിന് പൊതുവെ വലിയ മന്ദത അനുഭവപ്പെടുക തുടങ്ങിയ അവസ്ഥ
4.ദഹന പ്രശ്നങ്ങൾ
5.വിശപ്പ് കുറവ്
6.പെട്ടെന്നുള്ള ഭാരക്കുറവ്
7.കണ്ണുകളിലെ ചുവന്ന നിറം
8.കാഴ്ച മങ്ങൽ
9.മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുക
10.ചെറിയ പോറലുകൾ പോലും പഴുക്കുന്ന അവസ്ഥ
നേരത്തെ കണ്ടെത്തിയ ബ്ലാക്ക്, വൈറ്റ് ഫംഗസുകൾ പോലെ തന്നെ യെല്ലോ ഫംഗസും പുതിയതല്ല. എന്നാൽ, അപൂർവമായി മാത്രം കണ്ടുവരുന്നതാണ്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞാല്‍ യെല്ലോ ഫംഗസ് ചികിത്സിക്കാവുന്നതാണ്. യെല്ലോ ഫംഗസ് ചികിത്സയില്‍ ആന്റി ഫംഗസ് മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ്പ് നടത്താവുന്നതാണ്. ഇത് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വരെ ഒരു കേസ്സ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നുള്ളതും ഒരു തരത്തില്‍ ആശ്വാസകരമായ കാര്യമാണ്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളൊന്നും അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, രണ്ട് മാസം മുമ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫംഗസ് കേസുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയുടെ കാര്യത്തില്‍, ലക്ഷണങ്ങള്‍ പുറമേ പെട്ടെന്ന് തന്നെ പ്രകടമാവുന്നു. മുഖത്തെ വീക്കം, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നിരുന്നാലും, യെല്ലോ ഫംഗസ് അണുബാധ ആന്തരികമായി ആരംഭിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇനി മുതല്‍ ശരീര ക്ഷീണം, വിശപ്പ് കുറയുക, ശരീരഭാരം കുറയ്ക്കുക തുടങ്ങിയ ലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ വൈദ്യചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് വളരെയധികം ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.