Nammude Arogyam
Covid-19

കോവിഡ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനം

കോവിഡ് വൈറസിനെക്കുറിച്ചുള്ള പുതിയ പഠനഫലം പുറത്തുവിട്ട് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കോവിഡ് 19 ന് കാരണമാകുന്ന വൈറസ് വായുവിലൂടെ സഞ്ചരിക്കുമെന്നും ശ്വസന സമയത്ത് പുറത്തുവിടുന്ന ശ്വാസകോശ സ്രവങ്ങള്‍ വഴി ഇത് പകരാമെന്നും യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നു.

ഈ കണങ്ങളില്‍നിന്ന് ആറടിയോളം അകലത്തില്‍ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ ആറടിക്കപ്പുറത്തേക്കും വൈറസ് എത്താം. എത്ര അകലം കൂടുന്നുവോ, അത്രയും വൈറസ് ഉള്ളിലെത്താനുള്ള സാധ്യത കുറയും. അതിനാല്‍ സാമൂഹിക അകലത്തിന്റെ ആവശ്യകതയ്ക്ക് ഇവിടെ പ്രാധാന്യമേറുന്നു.

വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകള്‍ എന്ന് ‘ലാന്‍സെറ്റ്’ മെഡിക്കല്‍ ജേണലില്‍ വന്ന നിരീക്ഷണത്തെ തള്ളുന്നതാണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ നിര്‍ദ്ദേശം. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതില്‍ പറയുന്നു

ശ്വസന സമയത്ത് ആളുകള്‍ ശ്വസന ദ്രാവകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഉദാഹരണത്തിന് ശ്വസനം, സംസാരം, പാട്ടു പാടല്‍, വ്യായാമം, ചുമ, തുമ്മല്‍ എന്നീ ഘട്ടത്തില്‍ ഒരു സ്‌പെക്ട്രം വലുപ്പത്തിലുട നീളം തുള്ളികളുടെ രൂപത്തില്‍ ശ്വസനകണങ്ങള്‍ പുറത്തെത്തുന്നു. ഇവ സമീപത്തുള്ള പ്രതലങ്ങളില്‍ തങ്ങിനില്‍ക്കുകയോ അല്ലെങ്കില്‍ വായുവില്‍ നിലനില്‍ക്കുകയോ ചെയ്യാം. വലിയ തുള്ളികള്‍ ഏതാനും നിമിഷങ്ങള്‍ മുതല്‍ മിനിറ്റുകള്‍ക്കുള്ളില്‍ വായുവില്‍ നിന്ന് പുറത്തു പോകുമെങ്കിലും, ഏറ്റവും ചെറിയ തുള്ളികളും എയറോസോള്‍ കണങ്ങളും വായുവില്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ തങ്ങിനിന്നേക്കാം.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കണ്ടെത്തിയത് കോവിഡ് വൈറസ് വായുവിലൂടെ പകരുന്നതല്ലെന്നും രോഗബാധിതനായ വ്യക്തിയുടെ ശ്വസന കണങ്ങളിലൂടെ മാത്രമേ പകരൂ എന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെയാണ് വായുവിലൂടെയല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന വിലയിരുത്തല്‍ വിദഗ്ധര്‍ നടത്തിയത്.

വൈറസ് ബാധിച്ച ഒരു വ്യക്തി ദീര്‍ഘനേരം വീടിനുള്ളില്‍ തുടര്‍ന്ന് പുറപ്പെടുവിക്കുന്ന ശ്വാസം വായുവില്‍ വൈറസ് കേന്ദ്രീകരിക്കുന്നതിന് കാരണമാകുമെന്നും യുഎസ് സി.ഡി.സി അഭിപ്രായപ്പെട്ടു. ഇത് ആറടി അകലെയുള്ള ആളുകളെയും വൈറസ് ബാധിക്കുന്നതിന് കാരണമായേക്കാം.

സാമൂഹ്യ അകലം, വ്യക്തിശുചിത്വം, മാസ്‌കുകളുടെ ഉപയോഗം, വീട്ടില്‍ വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, സ്ഥിരമായി ഉപയോഗിക്കുന്ന പ്രതലങ്ങള്‍ വൃത്തിയാക്കുക, തിരക്കേറിയ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈറസ് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Related posts