അല്ലാ നമ്മുടെ ഹമീദിന് ഇന്നലെ അറ്റാക്കായിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നാക്കെ പറഞ്ഞു കേട്ടു. പിന്നെ എന്തായി എന്ന് വല്ല വിവരവും ഉണ്ടോ?
ഏയ് പേടിക്കാനൊന്നുമില്ല. അത് നെഞ്ചരിച്ചിലിൻ്റ ആയിരുന്നു.
ഹാ….അപ്പോ നെഞ്ചരിച്ചിൽ ഉണ്ടായാൽ അറ്റാക്ക് വരുമോ?
ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. നമ്മുടെ വായില്‍ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്ന ട്യൂബിലേക്ക് വയറിലെ ആസിഡ് തികട്ടിവരുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. വയറിന്റെ മുകള്‍ഭാഗത്തുനിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടാം. കുനിയുമ്പോഴോ, കിടക്കുമ്പോഴോ ഇത്തരം ആസിഡ് റിഫ്ലക്സ് വളരെ കഠിനമായി മാറുന്നു. നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് പുളിച്ചുതികട്ടല്‍, വായില്‍ പിത്തരസം നിറയുക, നെഞ്ചുവേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം, തൊണ്ടയ്ക്ക് അസ്വസ്ഥത, വയറിന്റെ മേല്‍ഭാഗത്ത് അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം.
ലക്ഷണങ്ങള്‍
ഭക്ഷണം കഴിച്ചതിനുശേഷം നെഞ്ചില്‍ കത്തുന്ന വേദന. സാധാരണയായി നെഞ്ചിരിച്ചില്‍ രാത്രിസമയത്ത് അധികമാകുന്നു. കിടക്കുമ്പോഴോ കുനിയുമ്പോഴോ വേദന വര്‍ധിക്കുന്നു. വായില്‍ കയ്‌പേറിയതോ അല്ലെങ്കില്‍ അസിഡിറ്റി കലര്‍ന്നതോ ആയ രുചി. കഠിനമായ നെഞ്ചെരിച്ചിലോ സമ്മര്‍ദ്ദമോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക. പ്രത്യേകിച്ചും കൈയിലോ താടിയെല്ലിലോ വേദനയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതോ പോലുള്ള അടയാളങ്ങളും ലക്ഷണങ്ങളും കണ്ടാല്‍ ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണവുമായിരിക്കാം.
കാരണങ്ങള്‍
അസിഡിറ്റി ഉളവാക്കുന്ന ഭക്ഷണണങ്ങള്‍ തന്നെയാണ് നെഞ്ചെരിച്ചിലിന് പ്രധാന കാരണം. അമിതവണ്ണവും ജീവിതശൈലി ഘടകങ്ങളുമാണ് മറ്റ് പ്രധാന ഘടകങ്ങള്‍. ചിലപ്പോഴൊക്കെ ഉറക്കമില്ലായ്മയും ഉറക്കക്കുറവും നെഞ്ചെരിച്ചിലിന് കാരണമാകുന്നു. മദ്യപാനികള്‍ക്കിടയിലും നെഞ്ചെരിച്ചില്‍ വ്യാപകമായി കണ്ടുവരുന്നു. ആസ്പിരിന്‍, ഇബുപ്രോഫെന്‍, രക്തസമ്മര്‍ദ്ദ മരുന്നുകള്‍ തുടങ്ങിയ മരുന്നുകളും ചിലപ്പോള്‍ നെഞ്ചെരിച്ചിലിന് കാരണമാകും.
സങ്കീര്‍ണതകള്‍
ചില ഭക്ഷണപാനീയങ്ങള്‍ ചില ആളുകളില്‍ നെഞ്ചെരിച്ചില്‍ ഉളവാക്കും. മസാലകള്‍, ഉള്ളി, സിട്രസ് ഉല്‍പ്പന്നങ്ങള്‍, കെച്ചപ്പ് പോലുള്ള തക്കാളി ഉല്‍പ്പന്നങ്ങള്‍, കൊഴുപ്പ് നിറഞ്ഞതോ അല്ലെങ്കില്‍ വറുത്തതോ ആയ ഭക്ഷണങ്ങള്‍, കുരുമുളക്, ചോക്ലേറ്റ്, മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കോഫി അല്ലെങ്കില്‍ മറ്റ് കഫീന്‍ പാനീയങ്ങള്‍ എന്നിവ നെഞ്ചെരിച്ചിലിന് കാരണമാകും. അമിതഭാരമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്.
ഇടയ്ക്കിടെ ഉണ്ടാകുന്നതും നമ്മുടെ ദിനചര്യയെ തടസ്സപ്പെടുത്തുന്നതുമായ നെഞ്ചെരിച്ചില്‍, ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം (GERD) ആയി കണക്കാക്കപ്പെടുന്നു. ഈ അവസ്ഥ സംഭവിച്ചാല്‍ നമ്മുടെ അന്നനാളത്തെ ഗുരുതരമായി ബാധിച്ചേക്കാം. ചികിത്സിക്കാനായി മരുന്നുകള്‍ കഴിക്കേണ്ടി വന്നേക്കാം, ചിലപ്പോള്‍ ചെറിയ ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കാം. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ഗ്യാസ്ട്രിക് ക്യാന്‍സര്‍ സാധ്യയ്ക്കും വഴിവയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ആഴ്ചയില്‍ രണ്ടുതവണയേക്കാള്‍ കൂടുതലായി നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നു, അമിതമായി മരുന്നുകള്‍ ഉപയോഗിച്ചിട്ടും നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നു, ഭക്ഷണം ഇറക്കാന്‍ പ്രയാസം, സ്ഥിരമായി ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, വിശപ്പ് കുറവായതിനാലോ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലോ ശരീരഭാരം കുറയുന്നു തുടങ്ങിയവയൊക്കെ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
മുൻകരുതലുകൾ
നെഞ്ചെരിച്ചില്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. അതിനൊപ്പം തന്നെ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുക.
1.സമ്മര്‍ദ്ദം കുറയ്ക്കുക.
2.കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക.
3.ശരിയായ രീതിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക.
4.ശരീരഭാരം കുറയ്ക്കുക,
5.വ്യായാമം ചെയ്യുക.
6.ഭക്ഷണം കഴിഞ്ഞ ഉടനെ ഉറങ്ങുന്നത് ഒഴിവാക്കുക.
7.ദഹനക്കേട് ഒഴിവാക്കാന്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
8.രാത്രിയില്‍ 8 മണിക്കൂര്‍ ഉറക്കം വരെ ശരിയായ ഉറക്കം.