Nammude Arogyam
Covid-19

വീട്ടിൽ ക്വാറന്റ്റൈനിൽ കഴിയുന്ന കോവിഡ് രോഗികളെ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടത് എപ്പോഴാണ്?

കൊവിഡ് അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും നമ്മുടെ സര്‍ക്കാരും അഹോരാത്രം പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡെന്ന മഹാമാരിയെ പിടിച്ച് കെട്ടുന്നതിന് നമുക്കാവുന്ന വിധമെല്ലാം നാം ഓരോരുത്തരും ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ കൊവിഡ് കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ചില വാക്കുകളാണ് ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം.

ഐസൊലേഷന്‍ സമയത്ത് അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇതില്‍ തന്നെ എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ ഉടനേ തന്നെ ഐസൊലേഷനില്‍ തുടരണം എന്നതാണ്. എന്തൊക്കെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

നേരിയ ലക്ഷണങ്ങളാണ് ഉള്ളതെങ്കില്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിഞ്ഞാല്‍ മതി. എങ്കിലും ഓക്‌സിജന്‍ സാച്ചുറേഷന്‍ 94നു മുകളിലായിരിക്കണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്തെങ്കിലും തരത്തിലുള്ള മറ്റ് മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറെ ആ കാര്യങ്ങള്‍ അറിയിക്കേണ്ടതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി രോഗിയെ കൃത്യമായി പരിശോധിക്കേണ്ടതാണ്. ഇത് കൂടാതെ വീട്ടിലുള്ളവരും ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കേണ്ടതാണ്. ഇവര്‍ പ്രത്യേകം മുറിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്.

രോഗബാധിതനാണെങ്കില്‍ എന്തായാലും മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കുറവാണെന്ന് കരുതി ഒരു കാരണവശാലും മാസ്‌ക് ധരിക്കാതിരിക്കരുത്. രോഗലക്ഷണങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതിരിക്കുക എന്നുള്ളത് തന്നെയായിരിക്കണം ലക്ഷ്യം. അതുകൊണ്ട് തന്നെ ത്രീലെയര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഓരോ എട്ട് മണിക്കൂറിന് ശേഷവും പുതിയ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കോവിഡ് രോഗിയുടെ റൂമിലേക്ക് എന്തെങ്കിലും കാരണവശാല്‍ പ്രവേശിക്കുകയാണെങ്കില്‍ N-95 മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

രോഗബാധയുണ്ടായിക്കഴിഞ്ഞാല്‍ ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്. ആരോഗ്യത്തിന്റേയും വെള്ളത്തിന്റേയും ഭക്ഷണത്തിന്റേയും കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇടക്കിടക്ക് ചൂടുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ വെള്ളം കവിള്‍ കൊള്ളുക, ആവിപിടിക്കുക എന്നിവയെല്ലാം ചെയ്യേണ്ടതാണ്. റൂമില്‍ ഒരിക്കലും എ സി ഓണ്‍ ചെയ്യരുത്. കൂടാതെ ജനലുകള്‍ തുറന്നിടേണ്ടതാണ്. വീട്ടില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതാണ്.

കൊവിഡ് ബാധ ചെറുതാണെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലാണെങ്കില്‍ ഉടനേ തന്നെ രോഗം ബാധിച്ചാല്‍ ആശുപത്രിയിലേക്ക് മാറുന്നതിന് ശ്രദ്ധിക്കണം. ക്യാന്‍സര്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങള്‍, കരള്‍സംബന്ധമായ പ്രശ്‌നങ്ങള്‍, വൃക്കരോഗമുള്ളവര്‍ എന്നിവരെല്ലാം ഹോം ഐസൊലേഷനില്‍ നില്‍ക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ദിക്കേണ്ടതാണ്.

Related posts