Nammude Arogyam
Covid-19

കൊവിഡ് രോഗികളില്‍ എന്തുകൊണ്ടാണ് ഓക്‌സിജന്‍ നില താഴുന്നത്?

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് വെല്ലുവിളിയായത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു എന്നുള്ളതാണ്. ഇത് തന്നെയായിരുന്നു ഏറ്റവും വലിയ അപകടവും. രണ്ടാംതരംഗത്തില്‍ മരണ നിരക്ക് വര്‍ദ്ധിച്ചതിന്റെ പ്രധാന കാരണം എന്തുകൊണ്ടും കൊവിഡ് കാലത്തുണ്ടായ ഓക്‌സിജന്‍ വ്യതിയാനം തന്നെയാണ്. കൃത്യസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ നിരവധി രോഗികളാണ് മരണപ്പെട്ടത്.

കോവിഡ് -19 ന് കാരണമാകുന്ന SARS-CoV-2, വൈറസ് ശരീരത്തിലെ ചുവന്ന രക്താണുക്കളെ (RBC) ബാധിക്കുകയും രക്തത്തിലെ ഓക്‌സിജന്‍ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. സ്റ്റെം സെല്‍ റിപ്പോര്‍ട്ടുകള്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ്-19 രോഗികളിൽ, പലപ്പോഴും ആശുപത്രിയില്‍ ഇല്ലാത്തവര്‍ക്ക് പോലും ഹൈപ്പോക്‌സിയ പോലുള്ള അവസ്ഥകള്‍ ഇത്തരത്തില്‍ ഓക്‌സിജന്‍ അളവ് കുറയുന്നതിന് കാരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ്. ഈ പഠനത്തിന് നേതൃത്വം നല്‍കിയത് കാനഡയിലെ ആല്‍ബര്‍ട്ട സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഷോക്‌റോള ഇലാഹിയാണ്.

വൈറസ് അണുബാധയുണ്ടാവുമ്പോള്‍ അത് പലപ്പോഴും ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പ്പാദനത്തെ ബാധിക്കുകയും ഇത് പൂര്‍ണ വളര്‍ച്ചയെത്താത്ത അല്ലെങ്കില്‍ പക്വതയില്ലാത്ത കോശങ്ങള്‍ രക്ത ചംക്രമണ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ പക്വതയില്ലാത്ത ആര്‍ബിസികളുടെ തോത് എന്ന് പറയുന്നത് പലപ്പോഴും ഒരു ശതമാനമായിരിക്കാം. എന്നാല്‍ കൊവിഡ് രോഗികളില്‍ ഇത് പലപ്പോഴും 60 ശതമാനം വരെയായി ഉയരാവുന്നതാണ്. ഇത് തന്നെയാണ് രോഗികളില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നതും.

രോഗം കൂടുതല്‍ രൂക്ഷമാകുമ്പോള്‍, പൂര്‍ണ വളര്‍ച്ചയെത്താത്ത ആര്‍ബിസികള്‍ രക്തചംക്രമണത്തിലേക്ക് ഒഴുകുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ചിലപ്പോള്‍ രക്തത്തിലെ മൊത്തം കോശങ്ങളുടെ 60 ശതമാനത്തോളം വരും എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. താരതമ്യപ്പെടുത്തുമ്പോള്‍, പക്വതയില്ലാത്ത ആര്‍ബിസികള്‍ ആരോഗ്യമുള്ള വ്യക്തിയുടെ രക്തത്തില്‍ ഒരു ശതമാനത്തില്‍ താഴെയാണ്, അല്ലെങ്കില്‍ ഒന്നുമില്ല എന്ന അവസ്ഥ വരെയുണ്ട്. ഇതും തിരിച്ചറിഞ്ഞാല്‍ കോവിഡ് എന്ന മഹാമാരിയില്‍ ഓക്‌സിജന്റെ ലഭ്യത നിസ്സാരമല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണമായും വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത ആര്‍ബിസികളിലെ SARS-CoV-2 നുള്ള ACE2, TMPRSS2 റിസപ്റ്ററുകളുടെ പ്രതികരണത്തെ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗത്തിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാവുന്നതാണ്. ഇതോടെ അപൂര്‍ണമായ ആര്‍ബിസികള്‍ പെട്ടെന്ന് വളര്‍ച്ച പ്രാപിക്കുകയും ഈ കോശങ്ങള്‍ അവയുടെ ന്യൂക്ലിയസ് ഉപേക്ഷിക്കാന്‍ പാകത്തില്‍ ആവുകയും ചെയ്യുന്നുണ്ട്. ഇതോടെ വൈറസ് ഇരട്ടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാവുന്നു. കോശങ്ങള്‍ പക്വത പ്രാപിക്കുന്നതിലൂടെ ശരീരത്തില്‍ വൈറസ് പെറ്റുപെരുകുന്നതിനുള്ള സാധ്യതയും കുറയുന്നുണ്ട്. ഇതിലൂടെ നമുക്ക് രോഗിയുട ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നു.

ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്ന സാഹചര്യത്തില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച്, ഇത് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഒരു രോഗിയുടെ രക്തത്തിന്റെ ഓക്സിജന്റെ അളവ് നിരീക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പള്‍സ് ഓക്സിമീറ്റര്‍. ഇതിലുള്ള പള്‍സ് നോക്കിയാണ് രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണോ കൂടുതലാണോ മനസ്സിലാക്കുന്നത്. രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് പതിവായി നിരീക്ഷിക്കേണ്ട സമയം പ്രത്യേകിച്ച് കൊവിഡ് രോഗികളില്‍ കൂടുതലാണ്. രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ സാന്ദ്രതയുടെ ശതമാനം SpO2 ഓക്സിമീറ്ററുകള്‍ കാണിക്കുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ അത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഓക്‌സിജന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതിനായി വിരലില്‍ നെയില്‍ പോളിഷോ മൈലാഞ്ചിയോ ഇല്ലെന്ന് ഉറപ്പാക്കുക. കൈകള്‍ സാധാരണ താപനിലയിലാണെന്ന് ഉറപ്പാക്കുക, അവ തണുപ്പാണെന്ന് തോന്നുകയാണെങ്കില്‍ ചെറിയ രീതിയില്‍ ചൂടാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പള്‍സ് ഓക്സിമീറ്റര്‍ ഇടുന്നതിനു മുമ്പ് വിശ്രമിക്കുകയും ശരീരം വിശ്രമിക്കുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. ചൂണ്ടുവിരലിലോ, നടുവിരലിലോ പള്‍സ് ഓക്സിമീറ്റര്‍ സ്ഥാപിക്കുക. കൈ ഹൃദയത്തിനടുത്ത് വയ്ക്കുക, കൈ മാക്സിമം അനക്കാതെ വെക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം ഓക്സിമീറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്യുക. ഒരു മിനിറ്റ് റീഡിംങ് കഴിയുന്നത് വരെ കാത്തു നില്‍ക്കുക. റീഡിങിന് ശേഷം ഉയര്‍ന്ന റീഡിംങ് എത്രയെന്ന് നോക്കാവുന്നതാണ്. ദിവസവും മൂന്ന് നേരം വെച്ച് ഇത് ചെയ്യാവുന്നതാണ്. ഇതിന് പുറമ എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുന്നുവെങ്കിലും റീഡിംങ് എടുക്കാവുന്നതാണ്.

കൊവിഡ് ബാധിച്ച ഒരു വ്യക്തിയുടെ ഓക്‌സിജന്റെ അളവ് 94ന് താഴെയെത്തുമ്പോഴാണ് അപകടാവസ്ഥയിലേക്കാണ് പോക്ക് എന്ന് മനസ്സിലാക്കേണ്ടത്. ഇതിനെത്തുടര്‍ത്ത് ഓരോ രണ്ട് മണിക്കൂറിലും രോഗിയുടെ ഓക്‌സിജന്‍ നില പരിശോധിച്ച് കൊണ്ടിരിക്കണം. ഇത് കൂടാതെ ശരീരത്തില്‍ ബാഹ്യമായി ഉണ്ടാവുന്ന ലക്ഷണങ്ങളും അടയാളങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ചുണ്ടുകള്‍ നീല നിറമാവുക, നഖത്തിലും മറ്റും നീലനിറം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കണം.

Related posts