വാക്സിനുകള്‍ പരീക്ഷിച്ചു തുടങ്ങിയെങ്കിലും കൊവിഡിന്റെ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നു വേണം, പറയുവാന്‍. കൊവിഡിന്റെ പുതിയ ജനിതക മാറ്റങ്ങള്‍ പല രൂപത്തിലും വരുന്നുണ്ട്. പലരും വന്നാല്‍ തന്നെ തുറന്നു പറയുന്നില്ല. സാധാരണ കോള്‍ഡിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുവെന്നതിനാല് പലര്‍ക്കും ഇതു തിരിച്ചറിയാന്‍ സാധിയ്ക്കുന്നുമില്ല. എന്നാല്‍ ഇതല്ലാത്ത പല ലക്ഷണങ്ങളുമുണ്ടുതാനും. ഇപ്പോഴാകട്ടെ, പുതിയ പല ലക്ഷണങ്ങളും പഠനഫലമായി പുറത്തു വരികയും ചെയ്യുന്നു. കൊവിഡിന്റെ പുതിയ ലക്ഷണങ്ങളില്‍ ഇതു വരെ കാണാത്ത പലതും വെളിപ്പെടുന്നു. ഇത്തരം ഒന്നാണ് കൊവിഡ് ടങ് എന്നത്.
ലണ്ടന്‍ കിംഗ്സ് കോളേജിലെ പ്രൊഫസര്‍ ടിം, കൊവിഡ് ലക്ഷണം നാവിലും പ്രത്യക്ഷമാകുമെന്ന് കണ്ടെത്തി. നാക്കില്‍ കൂടുതല്‍ പൂപ്പല്‍, ചില വിണ്ടു കീറലുകള്‍ എന്നിവ ഇത്തരം ലക്ഷണമായി പറയുന്നു. കൂടാതെ വായില്‍ ചില അസാധാരണ വ്രണങ്ങളും ലക്ഷണമായി പറയുന്നു. മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം നാക്കില്‍ ഇത്തരം ലക്ഷണങ്ങളെങ്കില്‍ ഇത് കൊവിഡ് ലക്ഷണമായി എടുക്കാം. എന്നാല്‍ വായില്‍ അള്‍സര്‍ പോലുള്ളവക്കും ഇത്തരം കാരണങ്ങള്‍ ഉണ്ടാകാം.
ഇതു പോലെ ചെവിയും നഖവുമെല്ലാം തന്നെ കൊവിഡ് ലക്ഷണമായി പറയുന്നു. ഓക്സിജന്‍ തോത് ചെവിയുടെ മുകള്‍ഭാഗത്തും നഖത്തിലും തിരിച്ചറിയാന്‍ സാധിയ്ക്കും. ശരീരത്തിലെ ഓക്സിജന്‍ തോത് പെട്ടെന്നു കുറയുന്നത് ഇത്തരം ഭാഗങ്ങളില്‍ ഓക്സിമീറ്റര്‍ വയ്ക്കുന്നതിലൂടെ പെട്ടെന്നു തിരിച്ചറിയാന്‍ സാധിയ്ക്കും.
ഇത്തരം ലക്ഷണങ്ങള്‍ക്കൊപ്പം പനി, ചുമ, തൊണ്ടയിലെ പ്രശ്നം, മൂക്കൊലിപ്പ്, നെഞ്ചുവേദന എന്നിവയെല്ലാം തന്നെ കൊവിഡ് ലക്ഷണങ്ങളായി എടുക്കാം.
കൊവിഡ് വ്യാപകമായിരിയ്ക്കുന്ന ഈ വേളയില്‍ ഇത്തരം ലക്ഷണങ്ങള്‍ വന്നാല്‍ ഇത് വെറും കോള്‍ഡ് മാത്രമാകും എന്നു കരുതി തള്ളിക്കളയാതെ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുക. വന്നത് സാധാരണ കോള്‍ഡോ അതോ കൊവിഡോ എന്നു തിരിച്ചറിയാന്‍ സാധിയ്ക്കുന്ന പരിശോധനകള്‍ക്ക് വിധേയമാകുകയും ചെയ്യുക.