ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് എന്ത് അസുഖം ബാധിച്ചാണ് എന്ന് ചോദിച്ചാൽ ഏതൊരാൾക്കും ഒരുത്തരമേ കാണൂ. ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. കാരണം, പൂർണ ആരോഗ്യവാനായി കണ്ട ഒരാൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ മരണപ്പെട്ടു എന്ന വാർത്ത കേൾക്കുമ്പോൾ പലപ്പോഴും നമ്മൾ ആശ്ചര്യപ്പെട്ടു പോകാറുണ്ട്. ഹൃദയമെന്നാൽ വെറുമൊരു അവയവം മാത്രമല്ല, ജീവൻ്റ തുടിപ്പുകൾ ഒരു മനുഷ്യന് വരമായി ലഭിച്ചതു മുതൽ അവൻ്റെ ജീവിതകാലമത്രയും നിലയ്ക്കാതെ മിടിച്ചു കൊണ്ടിരിക്കുന്ന ഒരു അത്ഭുത ഘടികാരമാണ്. അത് നിലയ്ക്കുന്നതെപ്പോഴോ അപ്പോഴത് മരണത്തിന്റെ വാതിലായി മാറുന്നു.
ഹൃദയാഘാതം (ഹാർട്ട് അറ്റാക്ക്) അല്ലെങ്കിൽ പെട്ടെന്നുണ്ടാവുന്ന ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ് ), ഇവ രണ്ടും ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ്. യഥാർത്ഥത്തിൽ എന്താണിവ രണ്ടും? അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഒരു ഉത്തരമാണ് ഈ ലേഖനം.
ഹൃദയസ്തംഭനം vs ഹൃദയാഘാതം
കാർഡിയാക് അറസ്റ്റ് അഥവാ പെട്ടെന്നുള്ള ഹൃദയസ്തംഭനം ഹൃദയാഘാതവുമായി ബന്ധപ്പെടുത്തി നോക്കിയാൽ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. ഹൃദയാഘാതം ഉണ്ടാവുന്നതിൻ്റെ പ്രധാന കാരണം ഹൃദയത്തിന്റെ ഒരു ഭാഗത്തെ രക്തയോട്ടം തടസ്സപ്പെടുകയും ഇത് പേശികളെ പരിക്കേൽക്കുകയും ചെയ്യുന്നത് മൂലമാണ്. ഇതൊരു ദീർഘകാല രോഗലക്ഷണമാകാം. ഹൃദയാഘാതം പലപ്പോഴും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാകും.
എന്താണ് പെട്ടെന്നുള്ള ഹൃദയസ്തംഭനം?
പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം അപ്രതീക്ഷിതമായി ഒരാൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒരു അവസ്ഥയാണ്. ശ്വാസോച്ഛ്വാസവും സ്വബോധ നിലയും വളരെ പെട്ടെന്നു തന്നെ നഷ്ടമാകുകയും ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് തടസ്സപ്പെടുത്തുകയും ചെയ്യുതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് ഹൃദയത്തിലൂടെ ഉള്ള രക്ത ചക്രമണത്തെ തടസ്സപ്പെടുത്തുന്നു. തൽഫലമായി, ശരീരത്തിലേക്കുള്ള രക്ത വിതരണം വിഛേദിക്കപ്പെടുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് അടിയന്തിരമായ വൈദ്യസഹായം ആവശ്യമാണ്. ഹൃദയസ്തംഭനം ഉണ്ടായി അല്പ സമയത്തിനുള്ളിൽ തന്നെ ആവശ്യമായ പരിചരണം നൽകിയില്ലെങ്കിൽ, അത് പെട്ടെന്നു തന്നെ മരണത്തിലേക്ക് നയിച്ചേക്കാം.
പെട്ടെന്നുള്ള ഹൃദയസ്തഭനത്തിന്റെ ലക്ഷണങ്ങൾ
ഏത് തരം രോഗമായാലും അതിൻ്റെ എന്തെങ്കിലും സൂചന നമ്മുടെ ശരീരം കാണിക്കാതിരിക്കില്ല. എന്നാൽ, ഹൃദയസ്തംഭനം ഇതിലുൾപെടുന്ന ഒന്നല്ല. ഇത് പലപ്പോഴും യാതൊരു മുന്നറിയിപ്പോ അടയാളങ്ങളോ കൂടാതെയാണ് കടന്നുവരിക എന്നാണ് ഡോക്ടർമാർ പറയുന്നത്. എങ്കിലും അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് ഇത്തരത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ഹൃദയസ്തംഭനത്തിന് പിന്നിൽ പോലും മുന്നറിയിപ്പ് സൂചകങ്ങളുണ്ടാകുമെന്നാണ്. എളുപ്പത്തിൽ പോകാത്ത തലകറക്കം, ക്ഷീണം, ശ്വാസതടസ്സം, ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങൾ തന്നെ. ഹൃദയസ്തംഭനത്തിന് നാലാഴ്ച മുമ്പുതന്നെ ഇത്തരം ലക്ഷണങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണങ്ങൾ വ്യത്യസ്തം
സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാതവും ഹൃദയസ്തംഭനത്തിൻ്റെ ലക്ഷണങ്ങളുമല്ലാം വ്യത്യസ്തമായിരിക്കുമെന്നതിൽ സംശയമില്ല. സാധാരണഗതിയിൽ മിക്കവാറും ലക്ഷണങ്ങൾ ഒരുപോലെ ഉണ്ടാകാമെങ്കിലും പലവിധ വ്യത്യാസങ്ങളും ഇതിനുണ്ട്. അവയിൽ സൂക്ഷ്മവും അവ്യക്തവുമായ പല ലക്ഷണങ്ങളും ഉൾപ്പെടുന്നു. നെഞ്ചുവേദന പലപ്പോഴും ഇരുകൂട്ടർക്കും പ്രാഥമികമായ ഒരു ലക്ഷണമായിരിക്കില്ല. ഒപ്പം ഓക്കാനം, ക്ഷീണം, പുറം വേദന, കഴുത്ത്, തോളു വേദന എന്നിവയും വ്യത്യസ്തമായി ഉണ്ടാകാം. ഹൃദയ ധമനികളിൽ തടസ്സങ്ങൾ അഥവാ ബ്ലോക്ക് രൂപപ്പെടുന്നത് സ്ത്രീകളിൽ വളരെ സാധാരണമല്ല. എന്നാൽ പുരുഷന്മാരിൽ ഇത് കൂടുതലായി കണ്ടുവരുന്ന അവസ്ഥയാണ്.
സ്ത്രീകളിലെ ക്ഷീണം ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഇതുണ്ടാകുന്നതിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു. പ്രീക്ലാമ്പ്‌സിയ എന്നു വിളിക്കുന്ന ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്‌നങ്ങൾ സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വ്യത്യാസങ്ങൾ കൂടാതെ, ആർത്തവവിരാമം പോലുള്ള ശാരീരിക മാറ്റങ്ങളും സ്ത്രീകളുടെ ജീവിത ഘട്ടത്തിൽ ഹൃദ്രോഗം വരാനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നു.
പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായാൽ എന്ത് ചെയ്യണം
പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായാൽ, പ്രഥമശുശ്രൂഷയായി രോഗിക്ക് ഉടൻ വൈദ്യസഹായം ലഭ്യമാക്കണം. എത്രയും വേഗം തന്നെ ഒരു ഡോക്ടറെ വിളിക്കുകയും കാർഡിയോപൾമോണറി റീ-സിറ്റേഷൻ അഥവാ സിപിആർ നൽകുന്നതിന് വഴിയൊരുക്കുകയും വേണം. ഇതല്ലെങ്കിൽ ഒരു ഡോക്ടർ ഒരു ഡിഫിബ്രില്ലേറ്റർ ഉപയോഗിച്ചുകൊണ്ടും പലപ്പോഴും ഈ അവസ്ഥകളെ ചികിത്സിക്കാറുണ്ട്. സഹായം എത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരും എന്നുവന്നാൽ നിങ്ങൾക്ക് രോഗിയുടെ നെഞ്ചിൻ്റെ ഭാഗത്ത് അമർത്തുന്ന നടപടി സ്വീകരിക്കാം. ശരിയായ നടപടികൾ കൃത്യസമയത്ത് തന്നെ സ്വീകരിച്ചാൽ അതിജീവനം സാധ്യമാണ്.
മുൻകരുതലുകൾ
1.നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടെങ്കിൽ ഹൃദയാഘാത ലക്ഷണങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
2.സാധാരണ ഹൃദയാഘാതവും പെട്ടെന്നുള്ള ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം ആദ്യമേ തിരിച്ചറിയുക.
3.നെഞ്ചു വേദന, അല്ലെങ്കിൽ മറ്റ് രോഗസാധ്യത ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.
4.അനിയന്ത്രിതമായ പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കണം.
5.പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ ഈ മൂന്ന് രോഗ ലക്ഷണങ്ങൾക്കും കൃത്യമായ ചികിത്സ നേടിയെടുക്കുക.