വിറ്റാമിനാണോ വൈറ്റമിനാണോ ശരി ? പലരും ഈ സംശയം ഉന്നയിക്കാറുണ്ട് . രണ്ടും ശരിയാണ്! വൈറ്റമിൻ യു.എസ് ഉച്ചാരണവും വിറ്റാമിൻ ബ്രിട്ടീഷ് ഉച്ചാരണവുമാണെന്ന് മാത്രം. വൈറ്റാമിനുകൾ കോശവളർച്ചയ്ക്കും പോഷണത്തിനും അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലാം അറിയാം. സൂക്ഷ്മ പോഷകങ്ങൾ (Micronutrients) എന്നറിയപ്പെടുന്ന, ചെറിയ അളവിൽ മാത്രം നമ്മുടെ ശരീരത്തിന്നാവശ്യമായ ഒരു കൂട്ടം ജൈവ സംയുക്തങ്ങൾ ആണ് ജീവകങ്ങൾ അഥവാ വൈറ്റാമിനുകൾ. വൈറ്റമിനുകളുടെ അളവ് കുറഞ്ഞാലും വൈറ്റാമിൻ A, D, E, K തുടങ്ങി ചിലതിന്റെ അളവ് കൂടിയാലും ശരീരത്തിന്റെ രാസ- ജൈവ പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്ന് നിശ്ചയമാണ്. വൈറ്റാമിൻ ഡി ഒഴിച്ച് മറ്റുള്ള വൈറ്റാമിനുകൾ ശരീരത്തിനുള്ളിൽ ഉത്പാദിപ്പിക്കാൻ കഴിയില്ല.
എന്നാൽ ആരോഗ്യകരവും സമീകൃതവുമായ ആഹാരത്തിൽ നിന്ന് നമുക്ക് ആവശ്യമായ എല്ലാ വൈറ്റാമിനുകളും ലഭിക്കും എന്നതാണ് പരമാർത്ഥം. വൈറ്റമിൻ എന്ന പേര് ആദ്യമായി മുന്നോട്ട് വെച്ചത് കാസിമർ ഫങ്ക് എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനാണ്. ‘വിറ്റ’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം ‘ജീവൻ’ എന്നാണ്. ജീവന് ആധാരമായ അമൈനുകൾ അഥവാ vital amines എന്ന അർത്ഥത്തിലാണ് വൈറ്റമൈൻ (vitamine) എന്ന വാക്ക് അദ്ദേഹം നിർദ്ദേശിച്ചത്. എന്നാൽ പിന്നീട് ജീവകങ്ങളിൽ അമൈനുകൾ അഥവാ അമൈനോ ആസിഡുകൾ അടങ്ങിയിട്ടില്ല എന്നു മനസ്സിലായതിനുശേഷം വൈറ്റമൈനിലെ (Vitamine)‘e’ ഉപേക്ഷിച്ച് വൈറ്റമിൻ (vitamin) എന്ന് ഇവ അറിയപ്പെട്ടു തുടങ്ങി. ഇന്നറിയപ്പെടുന്ന എല്ലാ വിറ്റാമിനുകളും 1913 നും 1948 നും ഇടയിലാണ് കണ്ടെത്തിയത്.
എൽമർ മക്കൊല്ലാം എന്ന ജൈവ-രസതന്ത്രശാസ്ത്രജ്ഞനാണ് 1913ൽ ജീവകം എ വേർതിരിച്ചെടുത്തത്. ഏതാണ്ട് ഇതേ സമയത്ത് തന്നെ തവിടിൽ നിന്ന് വെള്ളത്തിലലിയുന്ന ഘടകത്തെ ക്രിസ്ത്യൻ എയ്ക്മാൻ എന്ന ശാസ്ത്രജ്ഞൻ വേർതിരിച്ചെടുത്തിരുന്നു, ഇതാണ് പിന്നീട് ജീവകം ബി 1 ആണെന്ന് തെളിഞ്ഞത്. മക്കൊല്ലവും സഹപ്രവർത്തകരും 1922 ൽ വൈറ്റമിൻ ഡി കണ്ടുപിടിക്കുന്നതിലും പ്രധാന പങ്കു വഹിച്ചു. 15 ആം നൂറ്റാണ്ടിൽ തന്നെ കപ്പിത്താന്മാരുടെ അസുഖം എന്നു അറിയപ്പെട്ടിരുന്ന സ്കർവി എന്ന അസുഖത്തിന് ചെറുനാരങ്ങാ നീര് ഉത്തമ ഔഷധമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അതിന് കാരണമായ രാസ-ജൈവ പദാർത്ഥം എന്തെന്ന് ആർക്കുമറിയില്ലായിരുന്നു. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം ഹംഗേറിയൻ രസതന്ത്രജ്ഞനായിരുന്ന ആൽബർട്ട് ജോർജി ആണ് വൈറ്റാമിൻ സി (അസ്‌കോർബിക് ആസിഡ്) ആദ്യമായി വേർതിരിച്ചെടുത്തത്.
1937ൽ ഈ കണ്ടുപിടിത്തത്തിനു അദ്ദേഹം മെഡിസിനുള്ള നൊബേൽ സമ്മാനം നേടുകയുണ്ടായി. 1935 ന് മുമ്പ് ഡി ഒഴിച്ചുള്ള വൈറ്റാമിനുകളുടെ ഏക ഉറവിടം ഭക്ഷണത്തിൽ നിന്ന് മാത്രമായിരുന്നു. ഭക്ഷണത്തിൽ വൈറ്റാമിനുകളുടെ അഭാവം മൂലമുള്ള രോഗങ്ങളും അക്കാലത്ത് സർവ സാധാരണമായിരുന്നു. 1935ന് ശേഷം വാണിജ്യാടിസ്ഥാനത്തിൽ വൈറ്റാമിൻ ഗുളികകൾ ലഭ്യമായി തുടങ്ങി. 50കളിൽ വൈറ്റാമിൻ കുറവുകൾ തടയുന്നതിനായി മൾട്ടി വൈറ്റാമിനുകൾ ഉൾപ്പെടെയുള്ള വൈറ്റാമിൻ സപ്ലിമെന്റുകളുടെ വൻതോതിലുള്ള ഉൽപാദനവും വിപണനവും ആരംഭിച്ചു. അതിനുപുറമെ പാലുല്പന്നങ്ങളിലും പ്രാതൽ അന്നജങ്ങളിലും പ്രധാന വൈറ്റാമിനുകൾ ചേർക്കണമെന്ന് പല സർക്കാരുകളും നിയമനിർമ്മാണം നടത്തിയത് വൈറ്റാമിൻ ഡി പോലുള്ളവയുടെ കുറവ് ഒരു പരിധി വരെ നിയന്ത്രിക്കാൻ കാരണമായിട്ടുണ്ട്.
ഉദാഹരണത്തിന് ഗർഭാവസ്ഥയിൽ ഫോളിക് ആസിഡ് നൽകാനുള്ള ശുപാർശ ശിശുക്കളിൽ ആരോഗ്യകരമായ നാഡിവ്യവസ്ഥ ഉറപ്പാക്കുന്നുണ്ട്.വാക്സിനേഷൻ പോലെ ഇത്തരം നിരവധി ഇടപെടലുകളിലൂടെ ആധുനിക വൈദ്യശാസ്ത്രം പ്രതിരോധം ചികിത്സയേക്കാൾ ഉത്തമം തന്നെ എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. വൈറ്റാമിനുകളെപ്രധാനമായും രണ്ടായി തിരിക്കാം: കൊഴുപ്പിൽ ലയിക്കുന്നതും വെള്ളത്തിൽ ലയിക്കുന്നതും. വൈറ്റാമിൻ എ, ഡി, ഇ, കെ എന്നിവയെല്ലാം കൊഴുപ്പിൽലയിക്കുന്ന വൈറ്റാമിനുകളാണ്. വിറ്റാമിൻ സി യും ബികോംപ്ലക്‌സും വെള്ളത്തിൽ ലയിക്കുന്നവയും. നമ്മുടെ ശരീരത്തിന് ആവശ്യമായ 13 വൈറ്റാമിനുകളാണ് പ്രധാനമായും ഉള്ളത്. വൈറ്റാമിൻ എ,സി, ഡി, ഇ,കെ, പിന്നെ 8 ബി വൈറ്റാമിനുകളും എന്നിവയാണ് ഇവ. നമുക്ക് വേണ്ട 8 ബി വൈറ്റാമിനുകൾ താഴെ പറയുന്നവയാണ്.
- B1: തയാമിൻ
- B2: റൈബോഫ്ലേവിൻ
- B3: നിയാസിൻ
- B5: പാന്റോതെനിക്ആസിഡ്
- B6: പൈറീഡോക്സിന്
- B7: ബയോട്ടിൻ
- B9: ഫോളേറ്റ്
- B12: കോബാളമിൻ
വൈറ്റാമിനുകളുടെ സ്രോതസ്സ് ഏതെല്ലാമാണെന്നു ചോദിച്ചാൽ ഒറ്റവാക്യത്തിലുത്തരം പറയാം : ധാരാളം പച്ചക്കറികളും പഴവർഗ്ഗങ്ങളും മുട്ട-മൽസ്യ-മാംസാദി വിഭവങ്ങളും പരിപ്പ് പയർ കടല വർഗ്ഗങ്ങളും അണ്ടിപ്പരിപ്പുകളും എല്ലാം അടങ്ങിയ സമീകൃതാഹാരത്തിലൂടെയും സൂര്യരശമികൾ ഏൽക്കുന്നതിലൂടെയും നമുക്ക് വിറ്റാമിനുകൾ മാത്രമല്ല ശരീരത്തിന്നാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കും!
വൈറ്റാമിനുകൾക്ക് ശരീരകോശങ്ങളിൽ വൈവിധ്യമാർന്ന രാസ- ജൈവ പ്രവർത്തനങ്ങൾ ഉണ്ട്. ചില പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ മാത്രം നമുക്കൊന്ന് പരിശോധിക്കാം.
- വിറ്റാമിൻ എ ശരീര കോശങ്ങളുടെ പ്രജനനത്തിലും അവകലനത്തിലും (regeneration and differentiation) പ്രത്യേക പങ്കുവഹിക്കുന്നു. കണ്ണിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ പോഷകഘടകമാണിത്.
- വിറ്റാമിൻ ഡി ഒരു ഹോർമോണിനു തുല്യമായ പ്രവർത്തനം കാഴ്ച വെക്കുന്നു, അസ്ഥികളിലും മറ്റ് കോശങ്ങളിലും ധാതു രാസവിനിമയം നിയന്ത്രിക്കുന്നു.
- ദഹനം, കോശശ്വസനം, മാംസ്യസംശ്ലേഷണം മുതലായ ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന രാസാഗ്നികളാണ് എൻസൈം എന്നറിയപ്പെടുന്നത്. ബി കോംപ്ലക്സ് വിറ്റാമിനുകൾ എൻസൈം കോഫക്ടറുകളായി അല്ലെങ്കിൽ കോഎൻസൈമുകൾ ആയി എൻസൈമുകളുടെ സഹചാരികൾ എന്ന നിലയിൽപ്രവർത്തിക്കുന്നു.
- വിറ്റാമിൻ സി, ഇ എന്നിവ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു.
ചുരുക്കത്തിൽ വിറ്റാമിനുകൾ പ്രതിരോധ കോശങ്ങളടക്കം ശരീരത്തിലെ സകലമാന കോശങ്ങളുടെയും അവയവങ്ങളുടെയും കൃത്യമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് സാരം. മുൻപ് സൂചിപ്പിച്ച പോലെ, വെറുതെയല്ല ഈ അവശ്യ പോഷകങ്ങൾ ജീവകങ്ങൾ അഥവാ ജീവന് ഒഴിച്ചുകൂടാനാവാത്ത വൈറ്റൽ അമൈൻസ്, വൈറ്റമിൻസ് എന്നറിയപ്പെടുന്നത്. വിറ്റാമിനുകൾക്ക് പുറമെ, ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും Micronutrients അഥവാ അവശ്യ പോഷകങ്ങളായി അറിയപ്പെടുന്നു. ഒരു പ്രധാന കാര്യം ഓർമ്മിക്കേണ്ടത് കൊഴുപ്പിൽ ലയിക്കുന്ന വൈറ്റാമിനുകൾ കുറവുവന്നാലും കൂടുതലായാലും ആരോഗ്യത്തിനു ഹാനികരമാണ് എന്നതാണ്. എന്നാൽ വെള്ളത്തിൽ ലയിക്കുന്ന വൈറ്റാമിനുകൾ കൂടുതലായാൽ മൂത്രത്തിലൂടെയും വിയർപ്പിലൂടെയും മറ്റ് വിസർജ്ജ്യങ്ങളിലൂടെയും പുറന്തള്ളപ്പെടും.
സ്ഥിരമായി വൈറ്റാമിൻ ഗുളികകൾ കഴിക്കേണ്ടത് ആവശ്യമാണോ?
അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുള്ളവർക്കും, ശരീരത്തിൽ വൈറ്റമിൻ കുറവുകളുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്കും മാത്രമേ വൈറ്റമിൻ ഗുളികകൾ തുടർച്ചയായി കഴിക്കേണ്ട ആവശ്യം വരുന്നുള്ളു. അതേസമയം സമീകൃതാഹാര ശീലങ്ങളിലൂടെ അത്തരം പോഷകന്യൂനതകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അണുബാധയുണ്ടാകുമ്പോൾ, അല്ലെങ്കിൽ പ്രമേഹം പോലുള്ള വിട്ടുമാറാത്ത, ആരോഗ്യത്തെ ദുർബലപ്പെടുത്തുന്ന, രോഗങ്ങൾ വരുമ്പോൾ , തീർച്ചയായും വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് നന്നായിരിക്കും പൂർണ്ണമായും സസ്യഭുക്കുകളായവർക്ക് വൈറ്റമിൻ ഡി, ബി 12 തുടങ്ങി ചില വൈറ്റമിനുകളുടെ കുറവ് വരിക സാധാരണമാണ്. അതേപോലെ പച്ചക്കറികളും പഴവർഗ്ഗങ്ങളും ആവശ്യമായ തോതിൽ ഉപയോഗിക്കാത്ത മാംസഭുക്കുകൾക്കും വൈറ്റമിൻ സി അടക്കമുള്ള പല പോഷകങ്ങളുടെയും ന്യൂനത അനുഭവപ്പെട്ടേക്കാം.
ഓർത്തിരിക്കേണ്ട മറ്റൊരു പ്രധാന കാര്യം , ഏതെങ്കിലും ഒരു വൈറ്റാമിന്റെ കുറവ് അനുഭവിക്കുന്നവർക്ക് , മറ്റ് വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും കുറവും ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ് എന്നുള്ളതാണ്. ഒരൊറ്റ വൈറ്റാമിൻ മാത്രം സപ്ലിമെന്റായി കഴിച്ചത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല എന്ന് സാരം. അതെ പോലെ , വിറ്റാമിൻ ന്യൂനത കൊണ്ട് കഷ്ടപ്പെടുന്നവർക്കു വിറ്റാമിൻ സപ്ലിമെൻറ് എടുത്താലും സമീകൃത ഭക്ഷണം കഴിച്ചാലും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് മാസങ്ങൾ തന്നെ വേണ്ടിവരുമെന്നും ഓർക്കുക. വൈറ്റാമിനുകളടക്കമുള്ള പോഷകങ്ങളുടെ ഒത്തോരുമയോടെയുള്ള പ്രവർത്തന ഫലമായാണ് നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ രാസ-ജൈവപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നത്. അതിനാൽ വൈറ്റാമിനുകൾ, ധാതുക്കൾ, അവശ്യ ഫാറ്റി ആസിഡുകൾ, അവശ്യ അമിനോ ആസിഡുകൾ, മാംസ്യം, അന്നജം , കൊഴുപ്പ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ നമുക്ക് സമീകൃതാഹാരത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നത് പോലെ വിറ്റാമിനായാലും വൈറ്റമിനായാലും ദിവസവും ശരിയായ അളവിൽ ഉള്ളിൽ ചെന്നാൽ മതി. കോവിഡ് പോലുള്ള രോഗാണുക്കൾക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധത്തിന്റെ കോട്ട തീർക്കാൻ വൈറ്റമിൻ സമ്പുഷ്ടമായ പച്ചക്കറികളും പഴവർഗ്ഗങ്ങളുംമാംസ്യങ്ങളും ആവശ്യത്തിന് അന്നജവും ജലപാനവും അടങ്ങിയ സമീകൃതാഹാരം നമ്മെ സഹായിക്കും എന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാകേണ്ടതാണ്.