Nammude Arogyam
Covid-19

വകഭേദം മാറിയ കോവിഡിന്റെ രണ്ടാം തരംഗം: അറിയേണ്ടതെന്തൊക്കെ

കോവിഡ് കണക്കുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്രമാതീതമായി ഉയരുകയാണ്. വകഭേദം വന്ന പുതിയ കോവിഡ് വൈറസ് ഉടനീളം വ്യാപിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. പുതിയ വകഭേദം വന്ന വൈറസ് കൂടുതല്‍ എളുപ്പത്തില്‍ ആളുകളിലേക്ക് പടരുന്നതാണെന്നാണ് വിലയിരുത്തല്‍. പനി, മണം, രുചി എന്നിവ നഷ്ടപ്പെടല്‍, പേശിവേദന തുടങ്ങിയവ സാധാരണ കൊറോണവൈറസ് ലക്ഷണങ്ങളാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജനിതകമാറ്റം സംഭവിച്ച വൈറസ് ശരീരത്തിലെത്തിയാല്‍ രോഗ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധിയില്‍പെട്ടാല്‍ ഉടന്‍ തന്നെ വേണ്ട ചികിത്സ തേടുക.

മാരകമായ കൊറോണ വൈറസ് ലോകത്ത് നാശം വിതച്ച് ഒരു വര്‍ഷത്തിലേറെയായി, അതിന്റെ വ്യാപനം തടയാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും, വൈറസിന്റെ രണ്ടാംതരംഗം നിലവില്‍ രാജ്യത്ത് കാട്ടുതീ പോലെ പടരുകയാണ്. കോവിഡ് കണക്കില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായ ഇന്ത്യയില്‍ നിലവില്‍ 13 ദശലക്ഷത്തിലധികം കോവിഡ് കേസുകളുണ്ട്. വരണ്ട ചുമ, പനി, രുചി നഷ്ടപ്പെടല്‍, മണം എന്നിവയാണ് കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മിക്ക ആളുകള്‍ക്കും അറിയാത്തത്, എപ്പോള്‍ പരിശോധന നടത്തണം അല്ലെങ്കില്‍ എപ്പോള്‍ ക്വാറന്റൈന്‍ ചെയ്യണം എന്നതാണ്. കാരണം കോവിഡിന് ധാരാളം രോഗലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ട്.

യു.കെ വേരിയന്റ് അല്ലെങ്കില്‍ കെന്റ് വേരിയന്റ് – B.1.1.7 മറ്റേതൊരു വകഭേദത്തെക്കാളും എളുപ്പത്തിലും വേഗത്തിലും വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് -19 നായുള്ള ദേശീയ ടാസ്‌ക് ഫോഴ്സ് കണക്ക് അനുസരിച്ച്, കോവിഡ് വൈറസിന്റെ 7,000 വകഭേദങ്ങളിലായി 24,000 ത്തിലധികം ജനിതകമാറ്റം വന്നവയുണ്ട് എന്നാണ്. എല്ലാ മ്യൂട്ടേഷനുകളും വേരിയന്റുകളും രോഗം പടര്‍ത്തുന്നില്ല അല്ലെങ്കില്‍ വൈറസ് ബാധയ്ക്ക് കാരണമാകില്ല. എന്നാല്‍, ഏതൊക്കെ വകഭേദം എന്തൊക്കെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നിരുന്നാലും, പുതിയ വകഭേദത്തില്‍ ഭൂരിഭാഗം രോഗികള്‍ക്കും ചില പുതിയ ലക്ഷണങ്ങള്‍ കാണാനിടയുണ്ട്. സാധാരണ കോവിഡ് ലക്ഷണങ്ങള്‍ ഇവയാണ്.

1.പനി

2.പേശികളില്‍ വേദന

3.നീണ്ടുനില്‍ക്കുന്ന വരണ്ട ചുമ

4.ഗന്ധവും രുചിയും നഷ്ടപ്പെടല്‍

ഇവ കൂടാതെ കോവിഡ് രണ്ടാം തരംഗത്തില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ ഇവയാണ്.

1.ദഹന പ്രശ്‌നങ്ങള്‍-കൊറോണവൈറസ് അണുബാധ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. പുതിയ പഠനം അനുസരിച്ച് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവ കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ്. ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതാണ്.

2.ചെങ്കണ്ണ്-പഠനമനുസരിച്ച് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളിലൊന്നാണ് ചെങ്കണ്ണ്. ചെങ്കണ്ണ് ഉള്ളവരില്‍ കണ്ണില്‍ ചുവപ്പ്, നീര്‍വീക്കം, എന്നിവ കാണപ്പെടുന്നു. ഇതിനകം വൈറസ് ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ പലരിലും ചെങ്കണ്ണ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

3.കേള്‍വി പ്രശ്‌നങ്ങള്‍-അടുത്തിടെ എന്തെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെങ്കില്‍ അത് കൊറോണ വൈറസിന്റെ ലക്ഷണമായി കണക്കാക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓഡിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കോവിഡ് അണുബാധ ശ്രവണ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ്.

ഈ മാരകമായ വൈറസിന്റെ വ്യാപനം തടയുന്നതിന് ഓരോ വ്യക്തിക്കും ചില മുന്‍കരുതലുകള്‍ എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയും. കയ്യുറകളും മാസ്‌കുകളും ഇല്ലാതെ ഒരിക്കലും വീടിന് പുറത്തിറങ്ങരുത്. പൊതുഗതാഗതത്തിലായാലും പ്രാദേശിക മാര്‍ക്കറ്റിലായാലും മറ്റേതെങ്കിലും സ്ഥലത്തിലായാലും ഓരോ പ്രതലത്തില്‍ സ്പര്‍ശിച്ചതിനുശേഷവും കൈകള്‍ വൃത്തിയാക്കുക. ഓരോ തവണയും കൈകള്‍ സാനിറ്റൈസറാല്‍ ശുദ്ധീകരിക്കുക. ഒരിക്കലും തുറന്ന് തുമ്മുകയോ ചുമക്കുകയോ ചെയ്യരുത്. ടിഷ്യൂ പേപ്പറിന്റെയോ തൂവാലയുടെയോ ഒരു ചെറിയ പാക്കറ്റ് എല്ലായ്‌പ്പോഴും കൂടെ കരുതുക. സമയാസയം അവ മാറ്റി ഉപയോഗിക്കുക. ചുമ, പനി, ശ്വാസതടസ്സം, അല്ലെങ്കില്‍ രുചിയുടെയോ ഗന്ധത്തിന്റെയോ നഷ്ടം എന്നിവ പോലുള്ള ഏതെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക. ജനിതകമാറ്റം സംഭവിച്ച വൈറസ് ശരീരത്തിലെത്തിയാല്‍ രോഗ ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധിയില്‍പെട്ടാല്‍ ഉടന്‍ തന്നെ വേണ്ട ചികിത്സ തേടുക. കൂടാതെ നമ്മളോട് സമ്പര്‍ക്കം പുലര്‍ത്തിയവരോടും ഈ വിവരം ധരിപ്പിക്കുക.

Related posts