Nammude Arogyam
Covid-19Children

രക്ഷിതാക്കള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ കുട്ടികളെ ശ്രദ്ധിക്കേണ്ടത് എങ്ങനെ?

ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗത്തെ ചെറുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഒറ്റക്കെട്ടായുള്ള പരിശ്രമത്താല്‍ കഠിനമായ അവസ്ഥയില്‍ നിന്ന് അല്‍പം ശമനം നേടാന്‍ നമുക്ക് സാധിച്ചിട്ടുമുണ്ട്. എന്നിരുന്നാലും വൈറസിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് കണക്കുകൂട്ടലിലാണ് വിദഗ്ധര്‍. പലര്‍ക്കും കോവിഡ് പോസിറ്റീവ് ആയാല്‍ അല്‍പം വേവലാതി തന്നെയാണ്. കാരണം, സ്വയം പരിരക്ഷ സ്വീകരിക്കുന്നതിനൊപ്പം പല മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികളെക്കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്.

ഇന്നത്തെ ലോകത്ത് മിക്കയിടത്തും അണുകുടുംബങ്ങളാണ്. അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളോ ഉള്‍പ്പെടുന്ന കൊച്ചു കുടുംബമാകും മിക്കയിടത്തും. അതിനാല്‍, അച്ഛനോ അമ്മയ്‌ക്കോ കോവിഡ് പോസിറ്റീവ് ആയാല്‍ കഷ്ടത്തിലാകുക കുട്ടികളും കൂടിയാണ്. അത്തരം സമയങ്ങളില്‍, മാതാപിതാക്കള്‍ കോവിഡ് പോസിറ്റീവായാല്‍ ക്വാറന്റെനില്‍ കഴിയുമ്പോഴും മറ്റും കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

പനി, ചുമ, ക്ഷീണം, മണം അല്ലെങ്കില്‍ രുചിയില്ലായ്മ എന്നിവയാണ് കോവിഡിന്റെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുണ്ടെങ്കില്‍, ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചാല്‍ വീട്ടില്‍ തന്നെ സ്വയം ചികിത്സ നടത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

രോഗലക്ഷണങ്ങള്‍ വികസിക്കുകയും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്താല്‍, പരിഭ്രാന്തരാകരുത്. പകരം ഒരു അറ്റാച്ച്ഡ് ബാത്‌റൂം ഉള്ള ഒരു ഒരു മുറിയില്‍ സ്വയം ക്വാറന്റൈനില്‍ കഴിയുക. ഈ മുറി മാ്ര്രതമേ ഉപയോഗിക്കാവൂ. കൂടാതെ, ഉപയോഗിക്കുന്ന സാധനങ്ങളും പാത്രങ്ങളും കുടുംബത്തിലെ മറ്റുള്ളവര്‍ ഉപയോഗിക്കുകയും ചെയ്യരുത്. കുട്ടികളുമായി പോലും സമ്പര്‍ക്കം പുലര്‍ത്തരുത്, കാരണം ഇത് അവരെ കൂടുതല്‍ അപകടത്തിലാക്കും.

വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടര്‍ന്നാല്‍ ഒരു മാസ്‌ക് ധരിക്കുക. അത് കുട്ടികളെയും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക. കാരണം കോവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അടച്ചിട്ട അന്തരീക്ഷത്തില്‍. അതിനാല്‍, വായ മൂടുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രദ്ധിക്കുക. എന്തിന്, ശ്വസിക്കുകയോ, സംസാരിക്കുകയോ, പാടുകയോ, ചിരിക്കുകയോ ചെയ്യുമ്പോള്‍ പോലുംസ്രവകണങ്ങള്‍ പുറത്തെത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇത്തരം സമയങ്ങളില്‍, പിഞ്ചുകുഞ്ഞുങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ വീട്ടില്‍ നിര്‍ത്തുക. കൂടാതെ, ഫോണ്‍കോളിലൂടെയോ വീഡിയോ ചാറ്റിലൂടെയോ എല്ലായ്‌പ്പോഴും കുട്ടികളുമായി ബന്ധം നിലനിര്‍ത്തുക.

ഇന്നത്തെ ഈ അവസ്ഥയെക്കുറിച്ച് കുട്ടിയെ ബോധവാന്മാരാക്കുക. എല്ലാവരും അണുബാധയ്ക്ക് സാധ്യതയുള്ളവരാണെന്നും അതിനാല്‍ മാസ്‌ക്, സാമൂഹ്യ അകലം, വ്യക്തി ശുചിത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടിയെ പറഞ്ഞ് മനസിലാക്കുക. ഒരു പകര്‍ച്ചവ്യാധിയെക്കുറിച്ചും അത്തരം സമയങ്ങളില്‍ ഒരാള്‍ക്ക് എങ്ങനെ സുരക്ഷിതമായി തുടരാമെന്നും അവരെ ബോധവല്‍ക്കരിക്കുക. മാനസികമായി അവരെ തയ്യാറാക്കുകയും ഈ മാരകമായ വൈറസിനെതിരെ പോരാടുന്നതില്‍ എങ്ങനെ പങ്കുചേരാമെന്നും അവരെ മനസിലാക്കിക്കുക.

കോവിഡ് പോസിറ്റീവ് ആയാല്‍ രോഗാവസ്ഥയെക്കുറിച്ച് ഒരു അടുത്ത ബന്ധുവിനെയോ വിശ്വസ്തനായ സുഹൃത്തിനെയോ വിളിച്ചറിയിക്കുക. കുട്ടികളെ പരിപാലിക്കാന്‍ അവരോട് ആവശ്യപ്പെടുക. അത്തരം സമയങ്ങളില്‍ മറ്റാരെയും ലഭിച്ചില്ലെങ്കില്‍ ഒരു പ്രൊഫഷണല്‍ പരിചാരകന്റെ സഹായം തേടുക.

ഐസൊലേഷനില്‍ കഴിയുന്നത് പലപ്പോഴും മനസമാധാനത്തെ തകര്‍ക്കും. ലോക്ക്ഡൗണ്‍ സമയത്ത് നിരവധി ആളുകളില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നുണ്ടെന്ന് ഗവേഷണങ്ങള്‍ തന്നെ ശരിവയ്ക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ്. കുടുംബം, കുട്ടികള്‍, ജോലി എന്നിവയെക്കുറിച്ച് അമിതമായി ചിന്തിച്ച് ഉത്കണ്ഠാകുലരാവുന്നത് ഒഴിവാക്കുക. പകരം കോവിഡില്‍ നിന്ന് വേഗത്തില്‍ മുക്തരാകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആരോഗ്യനില വഷളാകുകയോ ഓക്‌സിജന്‍ സാച്ചുറേഷന്‍ അളവില്‍ കുറവുണ്ടാകുകയോ ചെയ്യുന്നുവെങ്കില്‍ ഉടന്‍ തന്നെ ആശുപത്രി ചികിത്സ ഉറപ്പാക്കുക. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ആശുപത്രി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക.

Related posts