Nammude Arogyam
Covid-19

മൗത്ത് വാഷിന് 30 സെക്കൻഡിനുള്ളിൽ കൊറോണ വൈറസിനെ കൊല്ലാൻ കഴിയും: പഠനം

കൊറോണ വൈറസ് രോഗം നമുക്കിടയിൽ സുപരിചിതനായിട്ട് ഒരു വർഷമായി. ഒരു വർഷം മുൻപ് നവംബർ 17നാണ് കൊറോണ വൈറസ് രോഗം ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു വർഷം തികയുന്നതിൻ്റെ ഭാഗമായി വൈറസിന് ജന്മദിന ആശംസകൾ നേർന്നു കൊണ്ടുള്ള ട്രോളുകളും മറ്റുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നത്. ഈ നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ മഹാമാരി എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന കൊവിഡ് രോഗം ഇതുവരേക്കും ഒരു മില്യണിലധികം ആളുകളുടെ ജീവൻ അപഹരിച്ചെടുത്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിൽ നിന്നും ഒരു മോചനം വേണം എന്നതിനാൽ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിന് പിന്നാലെയാണ് ലോകം മുഴുവൻ. ഇതിനാവശ്യമായ ഗവേഷണങ്ങളും ശാസ്ത്രീയ പഠനങ്ങളുമൊക്കെ ലോകമെമ്പാടും ഇടതടവില്ലാതെ നടന്നുവരുന്നു. ഓരോ ദിവസവും രോഗത്തെക്കുറിച്ചുള്ളതും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ കുറിച്ചുമുള്ള പുതിയ പുതിയ വിവരങ്ങളും വാർത്തകളുമൊക്കെ ദിനംപ്രതി നമ്മളെ തേടിയെത്തുന്നുണ്ട്. ഇത്തരത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്താൻ സാധ്യതയുള്ള ഒരു വാർത്ത ഇതാ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. നാം ഉപയോഗിക്കാറുള്ള മൗത്ത് വാഷിന് കൊറോണാവൈറസിനെ നിർവീര്യമാക്കാനുള്ള ശേഷിയുണ്ട് എന്നാണ് പുതിയ കണ്ടെത്തൽ.

വെയിൽസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഈയടുത്ത ദിനങ്ങളിലായി നടന്ന പുതിയ ശാസ്ത്രീയ പഠനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നാം സാധാരണ ഉപയോഗിക്കുന്ന മൗത്ത് വാഷിന് കൊറോണവൈറസിനെ കൊല്ലാനുള്ള ശേഷി ഉണ്ടെന്നാണ് ഈ ഗവേഷണ സംഘം ചൂണ്ടികാണിക്കുന്നത്. ലാബിൽ നടത്തിയ പരീക്ഷണങ്ങൾ പ്രകാരം 30 സെക്കൻഡ് നേരത്തെ മൗത്ത് വാഷ് ഉപയോഗം രോഗത്തിന് കാരണമാകുന്ന വൈറസുകളെ ഫലപ്രദമായി കൊല്ലുന്നു എന്നാണ്.

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിലെ ക്ലിനിക്കൽ ലബോറട്ടറിയിൽ നടന്ന കൊവിഡ് -19 പരിശോധനയിലൂടെയാണ് ഇത് വെളിപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനുപുറമേ കാർഡിഫ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ഈയൊരു കാര്യത്തെ പിന്താങ്ങുന്നു. വൈറസിനെ നശിപ്പിക്കാനായി ഓവർ ദ കൗണ്ടർ മൗത്ത് വാഷുകൾ സഹായിക്കുമെന്നതിൻ്റെ സൂചനകൾ ഇവർ മുൻപേ തന്നെ പുറത്തുവിട്ടിട്ടുണ്ട്. മൗത്ത് വാഷുകളിൽ കുറഞ്ഞത് 0.07% സെറ്റിപിരിഡിനിയം ക്ലോറൈഡ് (CPC) അടങ്ങിയിരിക്കുന്നു. ഈ ഘടകത്തിൻ്റെ സാന്നിധ്യമാണ് വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള പ്രധാന കാരണമെന്ന് സർവകലാശാല റിപ്പോർട്ടിൽ പറയുന്നു.

മൗത്ത് വാഷിൻ്റെ ഉപയോഗം ഉമിനീരിലെ വൈറസിനെ കൊല്ലാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുമ്പോൾ പോലും കൊറോണവൈറസിനുള്ള പ്രാഥമിക ചികിത്സയായി ഇത് ഉപയോഗിക്കാൻ കഴിയുമെന്നതിന് തെളിവുകളില്ല. കാരണം രോഗം പ്രധാനമായും മൂർച്ഛിക്കുന്നത് വൈറസുകൾ ശ്വാസകോശത്തിൽ എത്തിച്ചേരുന്ന ഘട്ടത്തിലാണ്. വൈറസ് ശ്വാസകോശത്തെ ബാധിച്ചു കഴിഞ്ഞ ശേഷമാണെങ്കിൽ ഇത്തരം മൗത്ത് വാഷുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ സാധ്യമാകുമോ എന്നുറപ്പില്ല. മറിച്ച് വൈറസ് ഉമിനീരിൽ ഉള്ളപ്പോഴോ അല്ലെങ്കിൽ വായിൽ എത്തുമ്പോഴോ മാത്രമേ ഇതുപയോഗിച്ചുള്ള പ്രതിവിധി ഫലം കാണുകയുള്ളൂ എന്നും പറയപ്പെടുന്നു.

മുൻപോട്ടുള്ള പഠനങ്ങളിലും ക്ലിനിക്കൽ ട്രയലുകളിലും ഇതേ പോസിറ്റീവ് ഫലങ്ങൾ പ്രതിഫലിക്കുന്നുവെങ്കിൽ, CPC അടിസ്ഥാനമാക്കിയുള്ള മൗത്ത് വാഷുകൾ ആളുകളുടെ ദിനചര്യയിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലായി മാറിയേക്കാൻ സാധ്യതയുണ്ട് എന്നാണ് ഈ ഗവേഷണങ്ങളിൽ പ്രാഥമികത്വം വഹിച്ച സ്പെഷ്യലിസ്റ്റ് പീരിയോന്റോളജിസ്റ്റായ ഡോ. നിക്ക് ക്ലേഡൺ അഭിപ്രായപ്പെടുന്നത്. രോഗപ്രതിരോധത്തിനായി നാമിന്ന് പിന്തുടരുന്ന പ്രാഥമിക കാര്യങ്ങളായ സോപ്പുപയോഗിച്ച് കൈകൾ കഴുകൽ, ശാരീരിക അകലം പാലിക്കൽ, മാസ്കുകൾ ധരിക്കൽ, സാനിറ്റൈസർ ഉപയോഗം തുടങ്ങിയവ പോലെ തന്നെ മൗത്ത് വാഷുകളുടെ ഉപയോഗവും ഇത്തരത്തിൽ പ്രതിരോധത്തിൻ്റെ പ്രധാന ഭാഗമായി മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ട് ഇതുവരെ പൂർണ്ണമായും അവലോകനം ചെയ്തിട്ടില്ലെങ്കിലും, വൈറസിൻ്റെ വീര്യം കുറയ്ക്കുന്നതിന് CPC അടിസ്ഥാനമാക്കിയുള്ള മൗത്ത് വാഷുകൾ ഒരു പരിധിവരെ ഫലപ്രദമാണെന്ന് മറ്റു പല സമീപകാല പഠനങ്ങളും പിന്തുണയ്ക്കുന്നുണ്ട്. യുക്കെയിലെ ഡോക്ടറായ റിച്ചാർഡ് സ്റ്റാൻ‌ടൺ ഇത്തരത്തിൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ SARS-CoV-2 കൊറോണ വൈറസ് പ്രവർത്തനരഹിതമാക്കുമെന്ന് മുൻപ് ഒരു പ്രസ്ഥാവന നടത്തിയിരുന്നു. എങ്കിൽ തന്നെയും ഈയൊരു പഠനം പ്രസിദ്ധീകരിക്കപ്പെടുകയോ മുന്നോട്ടു പോവുകയോ ചെയ്തിരുന്നില്ല. പുതിയ വിവരങ്ങൾ വന്നതോടെ ശാസ്ത്രജ്ഞർ ഇതിൻ്റെ ഫലങ്ങളും പരിഗണിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്.

മൗത്ത് വാഷുകൾ ലബോറട്ടറിയിലെ വൈറസിനെ വളരെ ഫലപ്രദമായി നിർവീര്യമാക്കുമ്പോഴും അവ രോഗികളിൽ ഏത് രീതിയിൽ പ്രവർത്തിക്കുമെന്നത് നിരീക്ഷിച്ച് അറിയേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ക്ലിനിക്കൽ ട്രയൽ പരിശോധനാ ഫലങ്ങളും തീരുമാനങ്ങളും അടുത്ത വർഷം ആദ്യഘട്ടത്തിൽ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഏത് രീതി തന്നെ ആയാലും, കൊറോണ വൈറസിനെതിരെ ഒരായുധം കണ്ടെത്തുക എന്നതാണ് ശാസ്ത്രലോകത്തിൻ്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. അതിന് അവർക്ക് കഴിയട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

Related posts