Nammude Arogyam
General

പൈൽസാണ് സാറേ…….

പൈൽസ് എന്ന് പറയുന്നത് മലസഞ്ചിയുടെ താഴ്ഭാഗത്തായി മലദ്വാരത്തിന് ചുറ്റുമുള്ള ഞരമ്പുകൾ തടിച്ച് വരുന്നതിനെയാണ്. ഈ ഞരമ്പുകളിൽ സമ്മർദം വർധിക്കുന്നതിനാലാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മലബന്ധമുള്ളവർ മലവിസർജത്തിനായി മുക്കുന്നവർ, ഗർഭകാലത്തും പ്രസവശേഷവും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ, വിട്ടുമാറാത്ത വയറിളക്കം കൊണ്ട് ബുദ്ധിമുട്ടുന്നവർ മുതലായവരിൽ മലദ്വാരത്തിനു ചുറ്റുമുള്ള ഞരമ്പുകളിൽ സമ്മർദം വർധിക്കുകയും പൈൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

പൈൽസ് 4 ഘട്ടങ്ങൾ

1. അകത്തേ പൈൽസ് ചെറുതായി പുറത്തേക്ക് വരുന്നു. പക്ഷെ പുറത്തേക്കു തള്ളിവരുന്നില്ല. ചിലരിൽ രക്തസ്രാവം ഉണ്ടാകാം. രക്തസ്രാവം കാണുന്നില്ലെങ്കിൽ പൈൽസ് ഉണ്ടെന്ന് രോഗി തിരിച്ചറിയില്ല.

2. മലവിസർജനത്തിനായി അമിത സമ്മർദം ചെലുത്തുമ്പോൾ പൈൽസ് പുറത്തേക്ക് വരും. എന്നാൽ മലവിസർജനം കഴിയുന്നതോടെ കയറിപ്പോകും. രക്തസ്രാവം ഉണ്ടാകും. മലബന്ധം ഉണ്ടാകാതെ നോക്കിയാൽ ചികിത്സ വേണ്ടി വരില്ല.

3. സമ്മർദം ചെലുത്തിയില്ലെങ്കിലും മലവിസർജന സമയത്ത് പൈൽസ് മലദ്വാരത്തിലൂടെ പുറത്തേക്കു തള്ളി വരുന്നു.കൈ കൊണ്ട് തള്ളിയാൽ അകത്തേക്ക് കയറി പോകും. നീരൊലിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടായേക്കാം. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വരാം.

4. ഒരു പന്ത് പോലെ പൈൽസ് മലദ്വാരത്തിൽ നിന്നു തള്ളി നിൽക്കുന്നു. ഇത് അകത്തേക്കു കയറിപോകില്ല. ഈ ഘട്ടത്തിൽ രക്തസ്രാവമോ ശ്ലേഷ്മദ്രാവകം ഒലിക്കുന്നതുമൂലമുള്ള ചൊറിച്ചിലോ ഉണ്ടാകാം. കടുത്ത വേദനയും അനുഭവപ്പെടാം.

പൈൽസ് ചികിത്സകൾ അറിയാം

ആദ്യഘട്ടത്തിൽ പൈൽസ് തിരിച്ചറിയുകയാണെങ്കിൽ മരുന്നോ ചികിത്സയോ കൂടാതെ മാനേജ് ചെയ്യാം. രണ്ടാമത്തെ ഘട്ടത്തിൽ രക്തസ്രാവം ഉണ്ടാകുന്നവർക്ക് റബർ ബാൻഡ് ലിഗേഷൻ എന്ന ലളിതമായ ചികിത്സ നല്ലതാണ്. പ്രത്യേകമായ ഒരു ഇലാസ്റ്റിക് ബാൻഡ് ഉപകരണ സഹായത്തോടെ മൂലക്കുരുവിൻ്റെ മുകൾ ഭാഗത്ത് ഇടുന്നു. അതോടെ മൂലക്കുരുവിലേക്കുള്ള രക്തയോട്ടം നിലച്ച് അത് ചുരുങ്ങി ചെറുതായി കൊഴിഞ്ഞു പോകുന്നു.ഇതു കൂടാതെ ലേസർ ചികിത്സ, സ്ക്ലീറോതെറാപ്പി, ഇൻഫ്രാറെഡ് ചികിത്സ എന്നിവയും ഈ ഘട്ടത്തിൽ ചെയ്യാവുന്നതാണ്. സ്ക്ലീറോതെറാപ്പിയിൽ പൈൽസിൻ്റെ അടിഭാഗത്തേക്ക് സ്ക്ലീസെൻ്റ് മരുന്നുകൾ കുത്തിവെച്ച് രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടയുന്നു. അങ്ങനെ പൈൽസ് ചുരുങ്ങിപ്പോകും.

ഇൻഫ്രാറെഡ്, ലേസർ ചികിത്സകളിൽ വിവിധ തരം താപോർജ്ജം പൈൽസിലേക്ക് കടത്തിവിട്ട് അതിലെ രക്തക്കുഴലുകളെയും കലകളെയും കരിച്ച് കളയുന്നു. പൈൽസിനു നിലവിലുള്ള പുതിയ ശസ്ത്രക്രിയ രീതിയാണ് സ്റ്റേപ്ലർ ഹെമറോയ്ഡെക്ടമി. മിനിമലി ഇൻവേസീസ് പ്രോക്ടോ ഹെമറോയ്ഡെക്ടമി എന്നും പറയും. വേദന കുറവുള്ള ഒരു ചികിത്സാ രീതിയാണിത്. ഓന്നോ രണ്ടോ ദിവസത്തെ ആശുപത്രിവാസം മാത്രമേ വേണ്ടി വരൂ. പ്രത്യേകതരം ഉപകരണം ഉപയോഗിച്ച് തള്ളി നിൽക്കുന്ന മൂലക്കുരുവിനെ വൃത്താകൃതിയിൽ മുറിച്ചു മാറ്റുകയും അതേ സമയം മുറിവിനു മുകളിലും താഴേയും സ്റ്റേപ്പിൾ ഇടുകയും ചെയ്യുന്നു. പൈൽസിൻ്റെ മൂന്നാം ഘട്ടത്തിൻ്റെ അവസാനഘട്ടത്തിലും നാലാം ഘട്ടത്തിലും ആണ് ഈ രീതി ഏറ്റവും അനുയോജ്യമെങ്കിലും ഒന്നാം ഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും ഇത് പോലെ ചെയ്യും.

Related posts