കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വീണ്ടു അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ദിവസവും ഉയരുന്ന കണക്കുകള്‍ വൈറസിന്റെ ഭീകര എത്രത്തോളമുണ്ടെന്ന് നമുക്ക് കാണിച്ചുതരുന്നു. വൈറസ് ബാധ ഏല്‍ക്കാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴികളിലൊന്നാണ് മാസ്‌ക്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകം മാസ്‌ക് ഇട്ട് ശീലിച്ചതുമാണ്.
എന്നാല്‍ ഇപ്പോള്‍ പല രാജ്യങ്ങളിലും ജനിതകമാറ്റം വന്ന വൈറസുകൾ നാശം വിതച്ച് കൊണ്ടിരിക്കുകയാണ്. ഇവ എളുപ്പത്തില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നവയുമാണ്. അത്തരമൊരു സാഹചര്യത്തില്‍ കോവിഡ്-19 നെതിരായ പോരാട്ടത്തിന്, ആരോഗ്യ വിദഗ്ധര്‍ ‘ഡബിള്‍ മാസ്‌കിംഗ്’ രീതി കൈക്കൊള്ളാന്‍ നിര്‍ദേശിക്കുന്നു. ഇത് മാരകമായ വൈറസിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് അവര്‍ പറയുന്നു. ലളിതമായി പറഞ്ഞാല്‍ തുണി, സര്‍ജിക്കല്‍ മാസ്‌കുകള്‍ എന്നിവ ഒന്നിച്ച് ധരിക്കുന്നതിനെയാണ് ഡബിള്‍ മാസ്‌കിംഗ് എന്ന് പറയുന്നത്. ഈ രീതി ഏറെ ഫലപ്രദമാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഡബിള്‍ മാസ്‌കിംഗ് എന്താണെന്നും, കോവിഡ് പ്രതിരോധത്തിനായി ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയാണെന്നും നോക്കാം.
നിലവില്‍ രാജ്യത്തുള്ളത് ഡബിള്‍ മ്യൂട്ടന്റ്, ട്രിപ്പിള്‍ മ്യൂട്ടന്റ് കൊറോണ വൈറസ് വകഭേദങ്ങളാണ്. ഇവയില്‍ നിന്നുള്ള അണുബാധാ സാധ്യത തടയാന്‍ ഇരട്ട മാസ്‌കുകള്‍ ധരിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കാരണം പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയായവയും എളുപ്പത്തില്‍ പകരുന്നതുമാണ്. യുഎസ്എയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) നിര്‍ദ്ദേശിച്ച ഒരു നടപടിയായിരുന്നു ഡബിള്‍ മാസ്‌കിംഗ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, മാസ്‌കിന്റെ ഒരു അധിക പാളി മറ്റൊന്നിനുമുകളില്‍ വയ്ക്കുന്നത് വൈറസിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കും. മാത്രമല്ല രോഗകാരിയെ മാസ്‌കില്‍ ശേഖരിച്ച് നിര്‍ത്തുന്നത് ഫലപ്രദമായി തടയുന്നതിലൂടെ പകര്‍ച്ചാസാധ്യതയും കുറയ്ക്കുന്നു. പഠനമനുസരിച്ച്, ഡബിള്‍ മാസ്‌കിംഗ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും തീവ്രതാ നിരക്ക് 85-95% വരെ കുറയ്ക്കുകയും ചെയ്യും.
വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍, രണ്ട് മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വൈറസിനെതിരേ കൂടുതല്‍ കഠിനമായ ഒരു പ്രതിരോധം സൃഷ്ടിക്കും. അത് രോഗാണുക്കളെയും വൈറസുകളെയും തടഞ്ഞുനിര്‍ത്തുകയും അണുബാധ പടരുന്നത് തടയുയുകയും ചെയ്യുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ പകര്‍ച്ചവ്യാധി തടയാനുള്ള ക്രമീകരണങ്ങളില്‍ ഏര്‍പ്പെടുകയാണെങ്കിലോ ഇത് പ്രത്യേകിച്ചും സഹായകരമാകും. പൊതു ഗതാഗതം, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇരട്ട മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഡബിള്‍ മാസ്‌കിംഗ് രീതി പിന്തുടരുന്നുവെങ്കില്‍ ചില അടിസ്ഥാനകാര്യങ്ങള്‍ പിന്തുടരുകയും ശരിയായി മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. വിദഗ്ദ്ധര്‍ പറയുന്നതുപോലെ, ശരിയായ രീതിയില്‍ ചെയ്താല്‍ ഇരട്ട മാസ്‌കിംഗ് ഫലപ്രദമാണ്. അതുവഴി അണുബാധയുടെ സാധ്യത കുറയും. സാധരണായി തുണികൊണ്ടുള്ള മാസ്‌കാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തുണികൊണ്ടുള്ള മാസ്‌ക് അപര്യാപ്തമായതിനാല്‍ അതിനു പുറത്ത് ഒരു മാസ്‌ക് കൂടി ധരിക്കുക. ആദ്യം സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണി മാസ്‌കും ധരിക്കുക.
പലരും വീട്ടിലുണ്ടാക്കുന്ന മാസ്‌കുകള്‍ ഒന്നിനു പുറകെ ഒന്നായി ധരിച്ചേക്കാം. എന്നിരുന്നാലും, ഡബിള്‍ മാസ്‌കിംഗിനെക്കുറിച്ച് പറയുമ്പോള്‍, മികച്ച പ്രതിരോധത്തിനായി ഒരു സര്‍ജിക്കല്‍ മാസ്‌കിന് മുകളില്‍ ഒരു തുണി മാസ്‌ക് ധരിക്കുക. അത്തരമൊരു സംയോജനം മുഖം നന്നായി മൂടാന്‍ സഹായിക്കുകയും മുഖത്തിന് ഫിറ്റായി നില്‍ക്കുയും ചെയ്യും. മാത്രമല്ല, വായു ചോര്‍ച്ച തടയുകയും വൈറസിനെ അകത്തേക്ക് കയറ്റാതെ പ്രതിരോധിക്കുകയും ചെയ്യും.