Nammude Arogyam
Covid-19

കോവിഡ് മുക്തി നേടിയാലും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

കൊറോണ വൈറസ് അണുബാധ കാരണം ഇന്ത്യയില്‍ രോഗബാധിതരും മരണവും വര്‍ദ്ധിക്കുന്നതായാണ് ദിവസേനയുള്ള കണക്ക് സൂചിപ്പിക്കുന്നത്. ദിനംപ്രതി മൂന്നര ലക്ഷത്തിലധികം പേര്‍ രാജ്യത്ത് പുതുതായി രോഗബാധിതരാവുന്നു. അതിനാല്‍, മിക്ക ആശുപത്രികളും കോവിഡ് കേന്ദ്രങ്ങളും രോഗികളെ ഉള്‍ക്കൊള്ളാനാവാതെ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ പലരും വീട്ടില്‍ തന്നെ തുടര്‍ന്ന് കോവിഡ് മുക്തി നേടിവരുന്നുമുണ്ട്. ആശുപത്രികള്‍ നിറയുന്ന സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുമായി ആലോചിച്ച് ഉപദേശം തേടി വീട്ടില്‍ തന്നെ തുടരാന്‍ വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു.

ശരീരത്തിന് വളരെയധികം നാശമുണ്ടാക്കുന്ന ഒരു സൂക്ഷ്മാണുവാണ് കൊറോണ വൈറസ്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യ അവസ്ഥകളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനിടയുള്ളതിനാല്‍, മിതമായ അണുബാധയുള്ള ആളുകള്‍ പോലും രോഗമുക്തിക്ക് ശേഷമുള്ള ഘട്ടത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടകരമായ വൈറസിനെ ഇത്രയും ദിവസം നേരിട്ട ശേഷം ശരീരം ക്ഷീണിക്കുന്നത് സാധാരണമാണ്. അലസതയും അനുഭവപ്പെടാം. അതിനാല്‍, ശരീരം എല്ലാ വൈറസുകളെയും നശിപ്പിച്ചിട്ടുണ്ടാകുമെങ്കിലും കോവിഡാനന്തര ചികിത്സയും വളരെയധികം കരുതലോടെ വേണം. പൂര്‍ണ്ണമായും സുഖം പ്രാപിച്ചുവെന്ന് ഉറപ്പാക്കുന്നവരെ ശരീരത്തിന് അധിക കരുതല്‍ നല്‍കണം.

ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ അതില്‍ നിന്ന് മുക്തരാകാന്‍ സാധാരണയായി 2 ആഴ്ചയും (മിതമായ അണുബാധയുള്ളവര്‍ക്ക്) ഗുരുതരമായ അണുബാധയുള്ളവര്‍ക്ക് ഒരു മാസവും എടുക്കും. വൈറസില്‍ നിന്ന് കരകയറുന്നതിനനുസരിച്ച്, പലരും അഭിമുഖീകരിക്കുന്ന സ്ഥിരമായ ഒരു പ്രശ്‌നമാണ് ബലഹീനത അല്ലെങ്കില്‍ ക്ഷീണം. ഈ പ്രശ്‌നം മറികടക്കാന്‍, ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിശ്രമിക്കുക

ഇപ്പോള്‍ ചില പഠനങ്ങള്‍ കണ്ടെത്തിയത് രോഗലക്ഷണങ്ങള്‍ നീങ്ങിയാലും വൈറസ് ശരീരത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ്. അതിനാല്‍ നെഗറ്റീവ് ആയാലും മുന്‍കരുതലെന്നോണം മറ്റൊരു 7 ദിവസത്തേക്ക് കൂടി ക്വാറന്റൈനില്‍ കഴിയാന്‍ മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നു. സാധ്യമെങ്കില്‍ രോഗമുക്തിക്ക് ശേഷം ഒരാഴ്ച മുഴുവന്‍ വിശ്രമം എടുക്കുക. നന്നായി വിശ്രമിക്കുന്ന ശരീരത്തിന് രോഗശാന്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ആവശ്യത്തിന് ഉറക്കം നേടേണ്ടതും പ്രധാനമാണ്. കാരണം ഉറങ്ങുമ്പോള്‍ ശരീരം വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കുന്നു. പഴയ ജീവിതശൈലി ഉടന്‍ പുനരാരംഭിക്കരുത്. പെട്ടെന്നുള്ള വളരെയധികം ജോലി, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ വീണ്ടും രോഗിയാക്കിയേക്കാം.

2.പോഷകസമൃദ്ധമായ ഭക്ഷണക്രമം

ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നത് കോവിഡ് മുക്തിക്ക് ശേഷമുള്ള ദിവസങ്ങളില്‍ ശക്തി വീണ്ടെടുക്കാന്‍ സഹായിക്കും. പയറ് സൂപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, വിത്തുകള്‍, നട്‌സ്, വേവിച്ച മുട്ട, ചിക്കന്‍ സ്റ്റൂ തുടങ്ങിയവ കഴിക്കുന്നത് ഗുണം ചെയ്യും. കാരണം, ഇത്തരം ഭക്ഷണങ്ങളില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ ശരീരത്തെ മെച്ചപ്പെടുത്തുന്നു. എളുപ്പത്തില്‍ ദഹിപ്പിക്കാനായി ചെറിയ ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുക. ഒരു ദിവസം ഏതെങ്കിലും ഒരു ഫ്രൂട്‌സ് എങ്കിലും കഴിക്കാന്‍ മറക്കരുത്. ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളവും കുടിക്കുക.

3.പച്ചക്കറികള്‍ കഴിക്കുക

പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണത്തിലും അത്താഴസമയത്തും വ്യത്യസ്ത തരം പച്ചക്കറികള്‍ കഴിക്കുക. ചീര, കാരറ്റ്, തക്കാളി, ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവ ഉള്‍പ്പെടുന്ന പച്ചക്കറി ജ്യൂസും കുടിക്കാം. ഇവയില്‍ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.

4.ആവിപിടിത്തം

ജലദോഷം, ചുമ തുടങ്ങിയ ലക്ഷണങ്ങളെ ചികിത്സിക്കുന്നതില്‍ ഒരു ദിവസം രണ്ട്-മൂന്ന് തവണ പ്ലെയിന്‍ വാട്ടര്‍ ഉപയോഗിച്ച് നീരാവി പിടിക്കുന്നത് ഗുണം ചെയ്യും. ആവിപിടിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, മൂക്കൊലിപ്പ്, ശ്വസനനാളിയിലെ തടസങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

5.വ്യായാമം

വ്യായാമം ചെയ്യുന്നത് പലര്‍ക്കും മടുപ്പുള്ള കാര്യമായി തോന്നാമെങ്കിലും രോഗമുക്തിക്ക് ശേഷം ശരീരം വേഗത്തില്‍ വീണ്ടെടുക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഓക്‌സിജനും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തലച്ചോറിനെ കൂടുതല്‍ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. അതിനാല്‍ ഇഷ്ടപ്പെട്ട വ്യായാമങ്ങള്‍ ദിവസവും ചെയ്യുക. ആദ്യം തന്നെ കഠിനമായി ചെയ്യാതെ പതിയെ വ്യായാമത്തിന്റെ സമയം ഉയര്‍ത്തി വരിക. മന്ദഗതിയിലുള്ള നടത്തം, ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവയില്‍ ആരംഭിക്കുക. ഒരു ദിവസം 10 മിനിറ്റ് വ്യായാമം പോലും ശരീരത്തിന് ഗുണം ചെയ്യും.

6.മെമ്മറി ഗെയിമുകള്‍

കോവിഡ് വൈറസ് തലച്ചോറിനെയും ന്യൂറല്‍ സെല്ലുകളെയും തകരാറിലാക്കുന്നു. ഭാവിയിലെ മെമ്മറി പ്രശ്‌നങ്ങള്‍ തടയുന്നതിനായി രോഗമുക്തിക്ക് ശേഷം സുഡോകു, ക്രോസ്‌വേഡ് മുതലായ ചില മെമ്മറി ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുക. ഇത് മെമ്മറി പ്രശ്‌നങ്ങള്‍ നീക്കാന്‍ സഹായിക്കും.

7.രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുക

രോഗമുക്തിക്ക് ശേഷവും ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ നില നിരീക്ഷിക്കുന്നത് തുടരുക. കോവിഡില്‍ നിന്ന് കരകയറിയിട്ടുണ്ടെങ്കില്‍പ്പോലും, അറിയാത്ത ശ്വാസകോശ തകരാറുകള്‍ ചിലപ്പോള്‍ ഉണ്ടാകാം. അങ്ങനെയാണെങ്കില്‍, ഓക്‌സിജന്റെ അളവില്‍ ചാഞ്ചാട്ടമുണ്ടാവുകയും 90 ന് താഴുകയും ചെയ്യും. ഇത്തരം ഘട്ടത്തില്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.

കോവിഡ് വൈറസ് ആരോഗ്യത്തിന് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ രോഗമുക്തിക്ക് ശേഷവും ജാഗ്രത പാലിക്കണം. ശ്വാസകോശത്തിനും ഹൃദയത്തിനും കൊറോണവൈറസ് കേടുവരുത്തുമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ശ്വാസം മുട്ടല്‍, നെഞ്ചില്‍ ഇറുകം, ചൂട് വിയര്‍പ്പ് എന്നിവ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക. കോവിഡാനന്തര പരിചരണം അത്യാവശ്യമാണ്, അവഗണിക്കരുത്. ഭാവി ആരോഗ്യത്തിന് ഇത് ഒരു മികച്ച കരുതലാണ്.

Related posts