Nammude Arogyam
Covid-19General

കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാൻ ചെയ്യേണ്ടതെന്തൊക്കെ?

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നത് ശ്വാസകോശമാണ്. എന്നാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ ഹൃദയം, സന്ധികള്‍ എന്നിവ പോലെ തന്നെ പ്രായം കൂടുന്തോറും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാകുന്നു. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ചെറുപ്പത്തില്‍ത്തന്നെ ശ്വാസകോശ ശേഷി ക്രമേണ വര്‍ദ്ധിക്കുകയും പ്രായമാകുമ്പോള്‍ പതുക്കെ കുറയുകയും ചെയ്യുന്നുവെന്നാണ്. അതിനാല്‍, ശ്വാസകോശം എങ്ങനെ മാറുന്നുവെന്നും ഏത് ഘട്ടത്തിലാണ് ചികിത്സകള്‍ വേണ്ടതെന്നും മനസിലാക്കേണ്ടത് കൂടുതല്‍ പ്രധാനമാണ്.

ശാരീരികവും ജീവിതശൈലി മാറ്റങ്ങളും ശ്വാസകോശ ശേഷിയെ ബാധിക്കുന്നു. ഉദാഹരണത്തിന് പുകവലി, വായു മലിനീകരണം, ആവര്‍ത്തിച്ചുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവ ശ്വാസകോശത്തിന്റെ തകര്‍ച്ച വേഗത്തിലാക്കും. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ പോലെതന്നെ ശ്വാസകോശത്തിനും ദൈനംദിന പരിചരണവും ശ്രദ്ധയും ആവശ്യമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യകരമായൊരു ശ്വാസകോശം നേടാന്‍ സാധിക്കും. ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും, ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിന് കൈക്കൊള്ളേണ്ട ചില വഴികള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.പതിവായുള്ള വ്യായാമം

ശ്വാസകോശത്തെയും ഹൃദയത്തെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പതിവായി വ്യായാമം ചെയ്യുക എന്നത്. ശാരീരികമായി സജീവമാകുമ്പോള്‍ ഹൃദയം വേഗത്തില്‍ സ്പന്ദിക്കുന്നു, ശ്വാസകോശം കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കുന്നു. പേശികള്‍ക്ക് ഇന്ധനം നല്‍കാന്‍ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമാണ്. വ്യായാമത്തിലൂടെ ശക്തവും ആരോഗ്യകരവുമായ ശ്വാസകോശം വികസിപ്പിക്കുന്നത് വാര്‍ദ്ധക്യത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രയും കാര്യക്ഷമമായി ശ്വാസകോശം മാറാന്‍ സാധ്യതയുണ്ട്.

2.ശ്വസന വ്യായാമങ്ങള്‍

ആഴത്തിലുള്ള ശ്വസനരീതികള്‍ പരിശീലിക്കുക, പ്രത്യേകിച്ച് എംഫിസെമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ എന്നിവ അനുഭവിക്കുന്നവര്‍. അത്തരം പ്രശ്‌നങ്ങളില്ലാത്തവരും ഇത് പിന്തുടരണം. ഡയഫ്രാമാറ്റിക് ശ്വസനം എന്ന സാങ്കേതികത ആഴത്തിലുള്ള ശ്വസനത്തെ പ്രോത്സാഹിപ്പിക്കുന്നു. ആഴത്തിലുള്ള ശ്വസന ചലനങ്ങള്‍ ശ്വാസകോശത്തിലും നെഞ്ചിലും ആഴത്തിലുള്ള ശ്വസനത്തെയും പേശികളുടെ ചലനത്തെയും പ്രോത്സാഹിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അത്ഭുതകരമായ വ്യായാമമാണ് പ്രാണായാമം.

3.ആരോഗ്യകരമായ ഭക്ഷണം

ശരിയായ അളവില്‍ പ്രോട്ടീനുകളും ആന്റിഓക്സിഡന്റുകളും ഉപയോഗിച്ച് സമീകൃതാഹാരം കഴിക്കുന്നത് ശ്വസന പേശികളെയും ശ്വാസകോശ പ്രതിരോധശേഷിയെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. ശരീരത്തില്‍ നന്നായി ജലാംശം നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം കുടിക്കുക. ഇതിന്റെ കൂടെ വിറ്റാമിന്‍, ധാതു സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. ഇത്തരം ഭക്ഷണക്രമം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും, കൂടാതെ വിഷവസ്തുക്കളെ നീക്കുകയും ചെയ്യും. സംസ്‌കരിച്ചതും ശുദ്ധീകരിച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഗ്രീന്‍ ടീ, ബ്ലൂബെറി, തക്കാളി, നട്‌സ്, വിത്ത് എന്നിവ ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങളാണ്. വെളുത്തുള്ളിയും മഞ്ഞളും ആന്റിഓക്സിഡന്റ് അടങ്ങിയ ശക്തമായ ഭക്ഷണങ്ങളാണ്, അവയ്ക്ക് വൈറല്‍ വിരുദ്ധ ഗുണങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഒമേഗ -3 സമ്പന്നമായ ധാരാളം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉറപ്പാക്കുക. ഇത് ശ്വാസകോശത്തിലെ വീക്കം നിയന്ത്രിക്കുന്നതിനും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

4.വാക്‌സിനേഷന്‍

അലര്‍ജിയോ ശ്വാസകോശ സംബന്ധമായ അസുഖമോ ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ന്യുമോണിയ, ഇന്‍ഫ്‌ലുവന്‍സ എന്നിവയ്ക്ക് വാക്‌സിനേഷന്‍ എടുക്കണം. മലിനീകരണവും ശ്വാസകോശ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക.

5.കാര്‍ഡിയോ വ്യായാമം

ഹൃദയമിടിപ്പ് ക്രമപ്പെടുത്താനും, രക്തയോട്ടം പ്രോത്സാഹിപ്പിക്കാനും കഴിയുന്ന മിതമായതോ വേഗതയുള്ളതോ ആയ ശാരീരിക വ്യായാമങ്ങള്‍ പരിശീലിക്കുക. പതിവായുള്ള നടത്തം, ഓട്ടം, ജോഗിംഗ് എന്നീ കാര്‍ഡിയോ വ്യായാമങ്ങള്‍ ശ്വസന ആരോഗ്യത്തിന് നല്ലതാണ്. ശ്വാസകോശത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായി യോഗാസനങ്ങളും എയ്‌റോബിക് പ്രവര്‍ത്തനങ്ങളും സഹായിക്കും.

ശ്വാസകോശ ശേഷി നിലനിര്‍ത്തുന്നതിനുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കാര്യം പുകവലി ഒഴിവാക്കുക എന്നതാണ്. ശ്വാസകോശത്തോട് ചെയ്യുന്ന ഏറ്റവും മോശമായ കാര്യങ്ങളില്‍ ഒന്നാണ് ഇത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുകയില ഉപയോഗിക്കുന്നത് മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുകവലി ശ്വാസകോശ ആരോഗ്യത്തില്‍ ദ്രുതഗതിയിലുള്ള കുറവുണ്ടാക്കുന്നു. ഇത് ഒരു നിശ്ചിത ഘട്ടത്തിന് അപ്പുറമെത്തിയാല്‍ പിന്നെ ചികിത്സിച്ച് മാറ്റാനുമാവില്ല. കൂടാതെ, മറ്റ് പുകയില ഉല്‍പന്നങ്ങളും ഒഴിവാക്കുക. ശ്വാസകോശത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് പുക, മലിനമായ അന്തരീക്ഷം, ശ്വാസകോശത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും പ്രവര്‍ത്തനം എന്നിവ ഒഴിവാക്കണം. ഇത്തരം കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുത്താൽ ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാവുന്നതാണ്.

Related posts