Nammude Arogyam
Covid-19

ഐസൊലേഷൻ വാർഡുകളെ എന്തിന് ഭയപ്പെടണം?

ആശുപത്രികളിലും മറ്റ് മെഡിക്കൽ സൗകര്യങ്ങളിലും, പകർച്ചവ്യാധികൾ ബാധിച്ച രോഗികളെയും, രോഗബാധ സംശയിക്കുന്നവരെയും ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പ്രത്യേക വാർഡാണ് ഐസൊലേഷൻ വാർഡ് . അടുത്ത ദിവസങ്ങളിലായി ലോകമെമ്പാടും കൊറോണ വൈറസ് ബാധ സംശയിക്കുന്ന നിരവധിപേരെ ഇത്തരം വാർഡുകളിൽ പ്രവേശിപ്പിക്കുകയും വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്‌. പൊതുവെ സാധാരണക്കാർക്കിടയിൽ ഐസൊലേഷൻ വാർഡ് എന്നത് ഭീകരമായ എന്തോ ഒന്നാണെന്ന തോന്നലുണ്ട്. അതുകൊണ്ടാണ് പലപ്പോഴും രോഗലക്ഷണങ്ങൾ തോന്നിയാലും മറ്റ് നടപടികളിലേയ്ക്ക് നീങ്ങാൻ പലരും മടിക്കുന്നത്. തീർത്തും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് നമ്മുടെ സംസ്ഥാനത്തെ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. വാർഡിൽ കഴിയേണ്ടിവരുന്ന ഒരു ദിവസം പോലും ആർക്കും ഒരു രോഗിയേപ്പോലെ ഒറ്റയ്ക്ക് ജീവിക്കേണ്ടിവരില്ലെന്ന് ആരോഗ്യപ്രവർത്തകരും ഉറപ്പ് തരുന്നു.

അപ്പോൾ ശരിക്കും ഐസൊലേഷൻ വാർഡിൽ പേടിക്കാനൊന്നുമില്ലല്ലേ?

ഇല്ലന്നേ, ഒട്ടുമില്ല. നിങ്ങൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയോ വിദേശ യാത്ര കഴിഞ്ഞെത്തിയ ആരുമായെങ്കിലും സമ്പർക്കം പുലർത്തുകയോ ചെയ്തുവെന്നിരിക്കട്ടെ. അവിടെ കോവിഡ് 19 വൈറസ് ബാധയ്ക്ക് സാധ്യതയുണ്ട്. അത്തരം അവസരങ്ങളിൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക. ചുമയോ, തുമ്മലോ, ജലദോഷമോ, പനിയോ പോലുള്ള ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെടുന്നതാണ്. വലിയ തിരക്കും ബഹളവുമൊന്നുമുള്ള ഒരു സ്ഥലമല്ല ഐസൊലേഷൻ വാർഡുകൾ. അവിടെ രോഗലക്ഷണം പ്രകടിപ്പിച്ച ആളുകളും നിയോഗിക്കപ്പെട്ട ആരോഗ്യപ്രവർത്തകരും മാത്രമേ ഉണ്ടാകൂ.

ഐസൊലേഷൻ വാർഡിലേയ്ക്ക് പോകുന്ന വഴി വൈറസ് ബാധ മറ്റുള്ളവരിലേയ്ക്കും പകരില്ലേ?

അതിനല്ലേ ആംബുലൻസ്. രോഗലക്ഷണം എന്തെങ്കിലും ഉണ്ടെന്ന് ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നപക്ഷം ആംബുലൻസിൽ മാത്രമേ നിങ്ങൾക്ക് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വാർഡിൽ എത്താനാകൂ. അതും സാധാരണ ആളുകൾ ആശുപത്രിയി ലേയ്ക്ക്‌ കയറുന്ന വഴിയായിരിക്കില്ല കൊണ്ടുപോകുന്നത്. കെട്ടിടത്തിന് പുറകിലൂടെയോ മറ്റോ ഉള്ള വഴിയിലൂടെയായിരിക്കും.

അപ്പോൾ നമുക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ലേ?

പുറംലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. മൊബൈൽഫോൺ, ലാപ്‌ടോപ്പ്, ഇന്റർനെറ്റ്‌ കണക്ഷൻ, എന്നിവയെല്ലാം വാർഡിൽ അനുവദനീയമാണ്. കൂടാതെ നിങ്ങൾക്ക് വർക്ക് ഫ്രം ഓപ്ഷൻ ഉണ്ടെങ്കിൽ അവിടിരുന്ന് ജോലിയും ചെയ്യാം. പഠിക്കാനുള്ളവർക്ക് പഠിക്കാം, ഫോണിൽ സംസാരിക്കാം, ജോലിസംബന്ധമായ കാര്യങ്ങൾ ചെയ്യാം. പ്രത്യേക നിബന്ധനകൾ ഒന്നുംതന്നെ ഇക്കാര്യങ്ങളിൽ ഇല്ല.

ഐസൊലേഷൻ വാർഡിൽ കയറിയാൽ പിന്നെ നമ്മുടെ കാര്യമൊക്കെ ആര് അന്വേഷിക്കാനാ?

അതിനല്ലേ നമ്മുടെ മാലാഖമാരുള്ളത്. ഐസൊലേഷൻ വാർഡിലുള്ളവരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി നാല് ഷിഫ്റ്റുകളിലായി നഴ്‌സുമാരെത്തും. ഇതുകൂടാതെ അധികൃതർ ദിവസവും നാലുമുതൽ അഞ്ചുവട്ടം രോഗികളെ വിളിച്ച് ക്ഷേമാന്വേഷണം നടത്തുകയും ചെയ്യും. അവശ്യഘട്ടത്തിൽ ഇവർക്ക് നൽകിയിരിക്കുന്ന വാട്‌സാപ്പ് നമ്പർവഴി കൊറോണ നോഡൽ ഓഫീസറടക്കമുള്ളവരെ ബന്ധപ്പെ ടാനും സാധിക്കും.

ഇവിടെയൊക്കെ വല്ല വൃത്തിയും കാണുമോ?

പഴയ ആശുപത്രിയൊന്നുമല്ല ഇപ്പോൾ, അടിമുടി മാറി. എല്ലാം നല്ല വൃത്തിയുള്ള ഇടങ്ങളാണ്. ഓരോ മണിക്കൂറും ഐസൊലേഷൻ വാർഡ് വൃത്തിയാക്കും. വൃത്തിയുള്ള ശുചിമുറികളാണ് ക്രമീകരിച്ചിരിക്കുന്നത്.

അപ്പോ ഭക്ഷണത്തിന്റെ കാര്യമെങ്ങിനാ?

ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നിയന്ത്രണവുമില്ല.നിരീക്ഷണത്തിലാണെങ്കിലും ഇഷ്ടഭക്ഷണം വേണ്ടെന്നുവയ്‌ക്കേണ്ടിവരില്ല. ആവശ്യമെങ്കിൽ രോഗിയുടെ താൽപര്യമനുസരിച്ചുള്ള ഭക്ഷണമെത്തിക്കാൻ അധികൃതർ തയ്യാറാണ്. താത്കാലികമായി ഡയറ്റീഷ്യനെ നിയമിക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ ഇപ്പോൾ. കൂടാതെ വസ്ത്രങ്ങൾ വാർഡിലേയ്ക്ക് എത്തിച്ച് നൽകുന്നതിലും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും നമുക്ക് വല്ല ഭയവും തോന്നിയാലോ?

രേഗലക്ഷണങ്ങളുള്ളവർക്ക് കൊറോണ ഭീതി ഒഴിവാക്കുന്നതിനായി എല്ലാ ദിവസവും കൗൺസലിംഗ് ലഭ്യമാണ്. സംശയങ്ങൾ തീർക്കാനും, ആശങ്കകളും പ്രശ്‌നങ്ങളും പങ്കുവെയ്ക്കാനും ഇതുവഴി സാധിക്കും.

There is no reason to be afraid of an isolation ward, let’s go through the process.

കടപ്പാട് : IMA live

Related posts