ന്യുമോണിയ എന്നു കേൾക്കുമ്പോൾ തന്നെ, കുട്ടികൾക്ക് വരുന്ന കഫക്കെട്ട് എന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെ അല്ല, ന്യുമോണിയയ്ക്ക് പ്രായഭേദമോ, ലിംഗ ഭേദമോ ഒന്നും ഇല്ല. ആർക്കു വേണമെങ്കിലും വരാം. എന്നാൽ ചിലരിൽ വരാനുള്ള സാധ്യത കൂടുതലാണ് എന്നു മാത്രം. എന്താണ് ന്യുമോണിയ എന്നും, ആർക്കൊക്കെയാണ് ന്യുമോണിയ വരാനുള്ള സാധ്യത എന്നും നോക്കാം.
എന്താണ് ന്യുമോണിയ ?
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ്.
ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ, ഇരുപത് സെക്കന്റിൽ ഒരു മരണത്തിന് ഈ ന്യുമോണിയ എന്ന വില്ലൻ കാരണക്കാരനാകുന്നു. അതുകൊണ്ടുതന്നെ ന്യുമോണിയക്കെതിരായ പ്രതിരോധ ബോധവൽക്കരണ ശ്രമങ്ങൾ ഊർജിതപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും നവംബർ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്.
ബാക്ടരിയകൾ, വൈറസുകൾ, ഫംഗസുകൾ പ്രോട്ടോസോവകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയയ്ക്കു കാരണമാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ തുടങ്ങിയവയാണ് പ്രധാന വില്ലന്മാർ.
തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിലേക്കു എത്തുന്നതാണ് (aspiration) ഒട്ടുമിക്ക ന്യൂമോണിയകളുടെയും കാരണം. അണുബാധയുള്ള ആളുകളുടെ ശ്വസനം വഴി പുറംതള്ളപ്പെടുന്ന ചെറു കണികകൾ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധ തൊണ്ടയിൽ എത്തുന്നത്. ശ്വാസകോശത്തിൽ രോഗാണു എത്തുന്നതിനു മുന്നേയും ശേഷവുമുള്ള ശരീരത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള സ്വയം പ്രതിരോധ സംവിധാനങ്ങൾ എല്ലാം മറികടന്നാൽ മാത്രമേ രോഗാണുവിന് ന്യൂമോണിയ ഉണ്ടാക്കാൻ കഴിയൂ.. ശ്വാസകോശത്തിൽ പെരുകുന്ന അണുക്കളും അവയുടെ സ്രവങ്ങളും ശരരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവർത്തന ഫലമായുണ്ടാവുന്ന സ്രവങ്ങളും കൂടി ശ്വാസകോശത്തിനകത്തു അടിഞ്ഞുകൂടിയുണ്ടാവുന്ന പ്രതിഭാസമാണ് ന്യൂമോണിയ. അപൂർവമായി രക്തത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്ന അണുക്കളും ശ്വാസകോശത്തിന് അടുത്തുള്ള മറ്റു ശരീര ഭാഗങ്ങളിൽ നിന്നും പടരുന്ന അണുക്കളും ന്യൂമോണിയക്കു കാരണമാവാറുണ്ട്.
ന്യൂമോണിയ പ്രധാനമായും രണ്ടു വിഭാഗങ്ങൾ ഉണ്ട്. പൊതുജനങ്ങളുമായുള്ള സമ്പർക്കം വഴിയുണ്ടാവുന്ന community acquired pneumonia യും ആശുപത്രി- രോഗ ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന health care associated pneumonia യും. മറ്റ് അസുഖങ്ങൾക്കു വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആശുപത്രി വാസം മൂലം അണുബാധ പകർന്നുണ്ടാകുന്ന hospital acquired pneumonia യും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ചിലപ്പോൾ രൂപപ്പെടുന്ന ventilator associated pneumonia യും health care associated pneumonia യുടെ ഉദാഹരണങ്ങളാണ്. മേജർ സർജറികൾ കഴിഞ്ഞ ആളുകൾ, അബോധാവസ്ഥയിലുള്ളവർ, പ്രായമായവർ, പൊതുവെ ആരോഗ്യം കുറഞ്ഞവർ തുടങ്ങിയവരിൽ hospital acquired pneumonia വരാൻ സാധ്യത കൂടുതലാണ്.
സാധാരണ കാണപ്പെടുന്ന ഒട്ടു മിക്ക ന്യൂമോണിയകളും ബാക്ടീരിയായോ വൈറസോ മൂലമുള്ളവയാണ്. ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയവ മൂലമുള്ള ന്യൂമോണിയ അപൂർവമാണ്.. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത്തരം ന്യൂമോണിയകൾ കൂടുതലായി കാണപ്പെടുന്നത്.
ന്യുമോണിയയുടെ ലക്ഷണങ്ങൾ
∙ കഠിനമായ പനി
∙ കടുത്ത ചുമ
∙ കുളിരും വിറയലും
∙ തലവേദന
∙ ഛർദ്ദി
∙ വിശപ്പില്ലായ്മ
∙ ചില സന്ദർഭങ്ങളിൽ കഫത്തോടൊപ്പം രക്തം കലർന്നു തുപ്പുന്നു
∙ ചിലരിൽ നെഞ്ചു വേദന കണപ്പെടാം
അസുഖം കൂടുതൽ തീവ്രമാവുന്നതോടെ രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാം. അസുഖം അതീവ ഗുരുതരമാവുന്നതോടെ ശ്വാസോഛാസത്തിന്റെ വേഗത വല്ലാതെ കൂടുകയും രക്തത്തിലെ ഓക്സിജൻ ലെവൽ താഴുകയും രോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉൾപ്പെടെ വ്യതിയാനം വരികയും ചെയ്യാം.
ശ്വാസകോശത്തിൽ നിന്നു രക്തം വഴി അണുബാധ മറ്റു ശരീര ഭഗങ്ങളിൽ എത്തുന്നതോടു കൂടി കിഡ്നി ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ തകരാറിലാവാൻ പോലും സാധ്യതയുണ്ട്. ഇത്തരം രോഗികൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്.
പ്രായം ചെന്നവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ന്യൂമോണിയയുടെ ലക്ഷണങ്ങൾ പുറമേക്ക് വലിയ രൂപത്തിൽ പ്രകടമാവാറില്ല . ലക്ഷണങ്ങൾ കാര്യമായി കാണുന്നില്ല എന്നതു കൊണ്ടു മാത്രം രോഗത്തെ ഗൗരവം കുറച്ചു കാണാൻ കഴിയില്ല എന്നു ചുരുക്കം.