Nammude Arogyam
General

നായ കടിച്ചാല്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ

ഇപ്പോൾ കുറച്ച് നാളുകളായി പലയിടങ്ങളിലും നായകളെ പേടിച്ച് ജീവിക്കുന്ന വാര്‍ത്തകൾ കേട്ട് കൊണ്ടാണ് നാം ദിനവും കണ്ണ് തുറക്കുന്നത്. തലങ്ങും വിലങ്ങും പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ്‌ക്കൊണ്ടിരിയ്ക്കുകയാണ് ഇവ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. രോഗിയ്ക്ക് വിഷബാധയേറ്റാല്‍, രോഗി വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ഇത് 100 ശതമാനവും ഗുരുതരമായ വിഷബാധയാണ്.

ഈ അടുത്ത കാലത്തായി കേരളത്തില്‍ പേവിഷബാധയേറ്റുള്ള മരണം കൂടിക്കൊണ്ടിരിക്കുകയാണ്. റാബീസ് വൈറസാണ് ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നത്. റാബീസ് ബാധിച്ച മൃഗത്തിന്റെ കടിയോ, മാന്തലോ ഏല്‍ക്കുന്നതിന്റെ ഫലമായാണ് വിഷബാധ മറ്റൊരാളിലേക്കോ അല്ലെങ്കില്‍ മറ്റൊരു മൃഗത്തിലേക്കോ പകരുന്നത്. നായ്ക്കളില്‍ മാത്രമല്ല പൂച്ച, ആട്, മുയല്‍, കന്നുകാലികള്‍ എന്നിവയില്‍ നിന്നും പേവിഷബാധയേല്‍ക്കാം. കാട്ടുപൂച്ച, മരപ്പട്ടി, കുറുക്കന്‍ എന്നിവ ഇത്തരം വൈറസുകളുടെ വാഹകരുമാണ്. എങ്കിലും ഇത് കൂടുതലായി വരുന്നത് നായ്ക്കളില്‍ നിന്നാണ്. ഇവയുടെ നഖങ്ങളും കടിയുമെല്ലാം ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നു. നായ്ക്കളുടെ ഉമിനീര്‍ നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ മുറിവുകളിലോ വീണാലും വിഷബാധയുണ്ടാകാം.

പേവിഷബാധ ഉണ്ടാക്കുന്നത് ആര്‍എന്‍എ വൈറസാണ്. ഇത് കടിച്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കുന്നു. പിന്നീട് ഇത് നാഡീവ്യൂഹത്തിലെത്തുന്നു. ഇത് ആന്തരികാവയവത്തിലെത്തി ശാരീരിക പ്രക്രിയകള്‍ തടസപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ഇത് വിഷബാധയേറ്റ വ്യക്തിയുടെ തലച്ചോറിന്റെ ആവരണത്തില്‍ വീക്കമുണ്ടാക്കുകയും അതുവഴി മരണത്തിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്.

നായ കടിച്ചാല്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ (ഗോള്‍ഡന്‍ മണിക്കൂർ) ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പേ വിഷബാധ ഏല്‍ക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. പട്ടി കടിച്ചാല്‍ കുഴി പോലുളള മുറിവുകളുണ്ടാകുന്നു. അതായത് പല്ലിന്റെ കൂര്‍ത്ത മുറിവുകള്‍. ഈ മുറിവില്‍ ഉമിനീര്‍ ഉണ്ടാകാം. ഈ സാഹചര്യത്തിൽ എവിടെ വെച്ച്‌ പട്ടി കടിച്ചുവെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപിലെ വെള്ളം ധാരധാരയായി ഒഴിച്ച്‌, സോപ് ഉപയോഗിച്ച്‌ ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. സോപ് ലഭ്യമല്ലെങ്കില്‍ വെള്ളം മാത്രം ഉപയോഗിച്ച്‌ കഴുകുകയെങ്കിലും ചെയ്തിരിക്കണം. ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളില്‍ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയില്‍ കഴുകുന്നത് വളരെ നല്ലതാണ്. സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച്‌ കളയും. മുറിവ് കഴുകി കഴിഞ്ഞാല്‍ അയഡിന്‍ സൊലൂഷനോ ആല്‍ക്കഹോള്‍ സൊലൂഷനോ ഉപയോഗിച്ച്‌ ശുദ്ധമായി ക്ലീന്‍ ചെയ്യണം.

വളരെയധികം ഭയക്കേണ്ട അവസ്ഥ തന്നെയാണ് നായയുടെ കടിയേല്‍ക്കല്‍. ഈ വൈറസ് ബാധ തലച്ചോറിനെ ബാധിച്ച് മസ്തിഷ്‌ക ജ്വരം ബാധിച്ചാല്‍ പിന്നെ ചികിത്സ ഏറെ ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തില്‍ കൃത്യസമയത്ത് ചികിത്സ തേടല്‍ പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ എടുക്കേണ്ടതാണ്, പ്രത്യേകിച്ച്‌ ആദ്യഡോസ്. വാക്‌സിന്‍ ജീവന്‍ രക്ഷിക്കും എന്ന കാര്യം ഉറപ്പാണ്. പേപ്പട്ടി വിഷബാധയ്‌ക്കെതിരെ വാക്‌സിനെടുക്കുമ്പോള്‍ വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് റാബീസ് വൈറസുകളെ നിര്‍വീര്യമാക്കുന്നു.

തുടര്‍ച്ചയായുള്ള മരണങ്ങള്‍ ഈ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ സംശയം ഉണര്‍ത്തുന്നുവെന്നുള്ളതിന് സംശയമില്ല. അതിനര്‍ത്ഥം വാക്‌സിന്‍ ഫലവത്തല്ല എന്നല്ല. വാക്‌സിന്‍ നിര്‍മ്മാണത്തിലോ അതിന്റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകള്‍ വാക്‌സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം. വാക്‌സിന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോള്‍ഡന്‍ മണിക്കൂറിലെ ഗോള്‍ഡന്‍ പ്രയോഗങ്ങള്‍ റാബീസ് തടയുക തന്നെ ചെയ്യും

ജലദോഷം, കുളിരോട് കൂടിയ പനി, ശക്തമായ പനി, കഴുത്തിലെയും, വായിലെയും മസിലുകള്‍ക്ക് ഇറുക്കം വരിക, കാഴ്ച മങ്ങുക, വെള്ളം കാണുമ്പോള്‍ അസ്വസ്ഥത തോന്നുക തുടങ്ങിയവയെല്ലാം പേ ബാധയുടെ ലക്ഷണങ്ങളാണ്. രക്തം ഒലിയ്ക്കുന്നുണ്ടെങ്കില്‍ മുറിവിന് മുകളില്‍ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിനു മുകളില്‍ കെട്ടേണ്ടതില്ല. പിന്നീട് ഇത് അയൊഡിന്‍, മെത്തലേറ്റഡ് സ്പിരിറ്റ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചു കഴുകാം. നായ കടിച്ചാല്‍, ഇതാണ് കാരണമെന്ന് ഡോക്ടര്‍മാരെ അറിയിക്കണം. അല്ലാത്ത പക്ഷം അവർ സ്റ്റിച്ച് ഇടും. സാധാരണ നായ കടിച്ച മുറിവ് സ്റ്റിച്ചിട്ട് കെട്ടാറില്ല. അത്കൊണ്ട് ഇതൊഴിവാക്കണമെങ്കില്‍ ഡോക്ടറോട് കാര്യം പറയണം. മുറിവ് വളരെ വലുതാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കന്‍ഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.

നായ കടിച്ചാല്‍ വാക്‌സിനെടുക്കുക, കുത്തിവയ്‌പെടുക്കുക എന്നിവയാണ് സാധാരണ ചെയ്യുന്നത്. ഇമ്യൂണോഗ്ലോബിന്‍ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. നായ കടിച്ചാല്‍ ഈ ഭക്ഷണം നല്‍കരുത്, അത് നല്‍കരുത് എന്ന് പലരും പറഞ്ഞ് കേള്‍ക്കാം. ഇത്തരത്തില്‍ യാതൊരു വിലക്കുകളുമില്ല. ഇതു പോലെ വളര്‍ത്തു നായ്ക്കളാണെങ്കിലും, ചെറിയ കടിയാണെങ്കിലും അവഗണിയ്ക്കാതെ എത്രയും പെട്ടെന്ന് മെഡിക്കല്‍ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തുക. ഇതിനായി ഇവയ്ക്ക് കൃത്യസമയത്ത് വാക്‌സിനെടുക്കുക.

Related posts