Nammude Arogyam
GeneralKidney Diseases

വേനലിലെ മൂത്രകല്ല് സാധ്യത അകറ്റാം

എപ്പോഴെങ്കിലും വൃക്കയിലെ കല്ല് പ്രശ്‌നം നേരിട്ടിട്ടുണ്ടെങ്കില്‍ ആ അസഹനീയമായ വേദന മറക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും അതുണ്ടായിട്ടുള്ളവർ, അല്ലെങ്കില്‍ ഇനിയൊരിക്കലും അത് വരരുതേ എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. വൃക്കയിലെ കല്ലുകള്‍ അടിസ്ഥാനപരമായി വൃക്കകള്‍ക്കുള്ളില്‍ രൂപപ്പെടുന്നതും ധാതുക്കളും അസിഡിറ്റി ഉള്ള ഉപ്പും ചേര്‍ന്നതുമായ കട്ടിയുള്ള പരലുകളാണ്. അവ വലുതാണെങ്കില്‍, അവ കടന്നുപോകാന്‍ പ്രയാസമായിരിക്കും. മാത്രമല്ല അത് കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യും. ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവരിലും ആവശ്യത്തിന് വെള്ളം കുടിക്കാതെ ജോലി ചെയ്യുന്നവരിലും മൂത്രത്തില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചൂടുള്ള മാസങ്ങളില്‍ താപനിലയിലെ വര്‍ദ്ധനവ് കാരണം വൃക്കയിലെ കല്ല് പ്രശ്‌നം 40% വരെ വര്‍ദ്ധിക്കുന്നു. വേനല്‍ക്കാലത്ത്, വിയര്‍പ്പിലൂടെ കൂടുതല്‍ വെള്ളം നഷ്ടപ്പെടും, ജലനഷ്ടം ഒടുവില്‍ മൂത്രത്തിന്റെ ഉയര്‍ന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു, ഇത് വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ തടയാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കുക-വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയുന്നതിനുള്ള ഒരു പ്രധാന ശക്തിയാണ് വെള്ളം. ശരീരത്തില്‍ വെള്ളത്തിന്റെ അഭാവം യൂറിക് ആസിഡും ചില ധാതുക്കളും ശരീരത്തില്‍ കേന്ദ്രീകരിക്കപ്പെടാന്‍ ഇടയാക്കും, ഇത് വൃക്കയിൽ കല്ലുകള്‍ രൂപപ്പെടുന്നതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നു. നിര്‍ജ്ജലീകരണം സംഭവിക്കുകയാണെങ്കില്‍, ലവണങ്ങളും മറ്റ് ധാതുക്കളും അലിയിക്കാന്‍ ദ്രാവകം കുറവായിരിക്കും, ഇത് മൂത്രത്തിന്റെ സാന്ദ്രതയിലേക്ക് നയിക്കുന്നു. മൂത്രത്തിന്റെ നിറം പരിശോധിച്ച് ശരിയായ ജലാംശം ഉണ്ടോ എന്ന് മനസിലാക്കാന്‍ കഴിയും. ദിവസം മുഴുവന്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക.

ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക-ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യം ഓക്‌സലേറ്റ് വളര്‍ത്തി വൃക്കയിലെ കല്ലുകള്‍ക്ക് കാരണമായേക്കാം. ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത് വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും. കോഫി, ചീര, ചോക്കലേറ്റ്, മധുര കിഴങ്ങ്, സോയ ഉല്‍പ്പന്നങ്ങള്‍, ഗോതമ്പ് തവിട്, നിലക്കടല, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഓക്‌സലേറ്റ് വലിയ അളവില്‍ അടങ്ങിയ ചില ഭക്ഷണങ്ങളാണ്.

ഉപ്പ് കുറയ്ക്കുക-ഉപ്പില്‍ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത്തരം കാല്‍സ്യം ഓക്‌സലേറ്റ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ടിന്നിലടച്ച സൂപ്പുകളള്‍, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.

മൃഗ പ്രോട്ടീന്റെ ഉപഭോഗം കുറയ്ക്കുക-മൃഗങ്ങളുടെ മാംസം പ്രോട്ടീനുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഈ പ്രോട്ടീന്‍ ശരീരത്തിലെ സിട്രേറ്റിന്റെ അളവ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. വൃക്കയിലെ കല്ലുകള്‍ തടയുന്ന രാസവസ്തുവാണ് സിട്രേറ്റ്. ഇത് വൃക്കയിലെ കല്ലിന് കാരണമാകുന്നു.

ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക-ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, വാഴപ്പഴം തുടങ്ങിയ പഴങ്ങള്‍ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക.

പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക-പ്യൂരിന്‍ അടങ്ങിയ ഭക്ഷണക്രമം വൃക്കയിലെ കല്ലുകള്‍ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് റെഡ് മീറ്റ്, കക്കയിറച്ചി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.

മധുരപാനീയങ്ങള്‍ കുറയ്ക്കുക-ഉയര്‍ന്ന ഫ്രക്ടോസ് അടങ്ങിയ കോണ്‍ സിറപ്പ് പോലെയുള്ള പഞ്ചസാര കൂടുതലുള്ള ചില ഭക്ഷണങ്ങളും പാനീയങ്ങളും ശരീരത്തില്‍ കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവയുടെ ശേഖരണത്തിന് കാരണമാകും, ഇത് വൃക്കയിലെ കല്ലുകളിലേക്ക് നയിക്കുന്നു.

മദ്യം കഴിക്കുന്നത് കുറയ്ക്കുക-അമിതമായ മദ്യപാനം കരളിനെ മാത്രമല്ല, ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക-കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ അളവില്‍ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണരീതികള്‍ ഒന്നിലധികം വിധങ്ങളില്‍ ശരീരത്തിന് ദോഷകരമാണ്. അവ ശരീരത്തില്‍ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു, ഇത് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കഫീന്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നതിനാല്‍ കട്ടന്‍ ചായയും കട്ടന്‍ കാപ്പിയും ഒഴിവാക്കുക. വേനല്‍ക്കാലത്ത് ചെറുനാരങ്ങ വെള്ളം കുടിക്കുക, കാരണം ഇത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. സജീവമായ ഒരു ജീവിതശൈലി നയിക്കുക. ദിവസവും വൃത്തിയായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുക. മഗ്‌നീഷ്യം, സിട്രേറ്റ് എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക. മഗ്‌നീഷ്യം കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. വൃക്കയിലെ കല്ലുകള്‍ ഉണ്ടെങ്കില്‍, മഗ്‌നീഷ്യം മതിയായ അളവില്‍ മാത്രം കഴിക്കുക. ബദാം ഒഴികെയുള്ള ഡ്രൈ ഫ്രൂട്ട്സും ഒഴിവാക്കണം.

മുകളിൽ പറഞ്ഞവയെല്ലാം തന്നെ മൂത്രത്തിൽ കല്ല് വരാതിരിക്കാൻ വേണ്ടി ജീവിതശൈലിയിൽ പിന്തുടരാവുന്ന ശീലങ്ങളാണ്. മൂത്രക്കല്ലിന്റെ പ്രശ്നങ്ങൾ അലട്ടി തുടങ്ങിയാൽ ഉടൻ തന്നെ ഒരു ഡോക്ടറിനെ സമീപിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് എത്തിക്കും

Related posts