Nammude Arogyam
Health & Wellness

നല്ല ആരോഗ്യത്തിന് ഈ ഡ്രൈ ഫ്രൂട്ട്‌സുകൾ പതിവാക്കൂ……………

ഇക്കാലത്ത് പുരുഷന്മാരും സ്ത്രീകളും എന്തിന് കുട്ടികൾ പോലും അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെയേറെ ബോധവാന്മാരാണ്. ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പിന്തുടരാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. നല്ല ആരോഗ്യത്തിന് ശരീരഭാരം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു വ്യക്തി ശരീരഭാരം ക്രമപ്പെടുത്തുന്നതിലൂടെ ആരോഗ്യവാനായിരിക്കുക മാത്രമല്ല, ഫിറ്റായി കാണപ്പെടുകയും ചെയ്യുന്നു. അധിക ഭാരം ഉള്ളവര്‍ക്ക് വൃക്ക, കരള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അധിക ഭാരം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നു. ഒരാള്‍ നല്ല ജീവിതശൈലിയും ഭക്ഷണക്രമവും പാലിക്കുകയാണെങ്കില്‍, അവര്‍ക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും.

കുറഞ്ഞ മെറ്റബോളിസവും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന കാര്യം മറക്കരുത്. ചില ഡ്രൈ ഫ്രൂട്ട്സ് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും തന്മൂലം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഡ്രൈ ഫ്രൂട്ട്സിനെ സൂപ്പര്‍ഫുഡ് എന്നും വിളിക്കുന്നു. ലഘുഭക്ഷണത്തിന് പകരം ഇവ കഴിക്കുകയാണെങ്കില്‍, അത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും തടി കുറക്കാന്‍ സഹായിക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഡ്രൈ ഫ്രൂട്ട്‌സ് ഇവയാണ്.

1.ബദാം-ബദാമില്‍ കലോറി വളരെ കുറവാണ്. 100 ഗ്രാം ബദാമില്‍ 576 കിലോ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ദിവസേന ചെറിയ അളവില്‍ ബദാം കഴിക്കുന്നതിലൂടെ ശരീരത്തിന് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഉയര്‍ന്ന അളവിലുള്ള പോഷകങ്ങള്‍ ലഭിക്കും. ഈ പോഷകങ്ങള്‍ പ്രോട്ടീനുകള്‍, മോണോ-സാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ്. കൂടാതെ, മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ബദാം സഹായിക്കും. അമിതവണ്ണമോ അമിതഭാരമോ ഉള്ളവരില്‍ കൊളസ്‌ട്രോള്‍ കൂടുതലായിരിക്കും.

2.പിസ്ത-ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് പിസ്ത കഴിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. അവയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, ഫൈബര്‍ ദഹനത്തിന് നല്ലതാണ്. ഇത് മലശോധനയ്ക്ക് സഹായിക്കുന്നു.

3.കശുവണ്ടി-ഇന്ത്യയില്‍ വളരെ പ്രചാരമുള്ള രുചികരമായ നട്‌സാണ് കശുവണ്ടി. അവ ശരീരത്തിന് മഗ്‌നീഷ്യത്തിന്റെ 73% ഡോസ് നല്‍കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഇത് വളരെ പ്രയോജനകരമാണ്. കാരണം ശരീരത്തിലെ കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ മഗ്‌നീഷ്യം ശരീരത്തെ സഹായിക്കുന്നു

4.ഈന്തപ്പഴം-രുചിയില്‍ സമ്പുഷ്ടമായ ഈന്തപ്പഴം ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. കാരണം അവയില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പിനെ അടിച്ചമര്‍ത്താന്‍ സഹായിക്കും. ഇത് വയറുനിറഞ്ഞതായി തോന്നിക്കും. തല്‍ഫലമായി, ലഘുഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയും. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് പേരുകേട്ട വിറ്റാമിന്‍ ബി യും ഇതിലുണ്ട്.

5.വാല്‍നട്ട്-ഒമേഗ 3 ഫാറ്റി ആസിഡുകളും ആല്‍ഫ-ലിനോലെനിക് ആസിഡും പോലുള്ള നല്ല കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വാല്‍നട്ട് ഒരു സവിശേഷമായ ഡ്രൈ ഫ്രൂട്ടാണ്. ഈ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, ഹൃദയാരോഗ്യത്തിനും നല്ലതാണ്. അമിതഭാരമുള്ള പലര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാല്‍നട്ട് മികച്ച ഭക്ഷണമാണ്.

6.ബ്രസീല്‍ നട്‌സ്-ബ്രസീല്‍ നട്സിന് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അവയില്‍ എല്‍-അര്‍ജിനൈന്‍ എന്നറിയപ്പെടുന്ന അവശ്യ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് കത്തിക്കാന്‍ വളരെ നല്ലതാണ്. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ, അനാരോഗ്യകരമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യുന്നു. ബ്രസീല്‍ നട്സില്‍ സെലിനിയം, തയാമിന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ചില ധാതുക്കള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്.

7.ഹേസല്‍നട്ട്‌സ്-ഹേസല്‍നട്ടില്‍ ഉയര്‍ന്ന ഫൈബറും ആരോഗ്യകരമായ കൊഴുപ്പും ഉണ്ട്, ഇവ രണ്ടും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ലഘുഭക്ഷണം നിയന്ത്രിക്കുന്നത് പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ആദ്യ പടിയാണ്. കഴിച്ചതിന് ശേഷം മണിക്കൂറുകളോളം വയറു നിറഞ്ഞതായി തോന്നാന്‍ ഹസല്‍നട്ട്സ് സഹായിക്കും.

8.ആപ്രിക്കോട്ട്-ആപ്രിക്കോട്ട് കഴിച്ചാല്‍ കുറഞ്ഞത് 5 മണിക്കൂര്‍ വരെ വിശപ്പ് തോന്നുന്നത് തടയാന്‍ കഴിയും. കൂടാതെ ഇത്, കൊഴുപ്പ് രാസവിനിമയത്തെ നിയന്ത്രിക്കുന്ന മഗ്‌നീഷ്യവും ശരീരത്തിന് നല്‍കുന്നു.

9.ഉണക്കമുന്തിരി-ഉപ്പ് കുറഞ്ഞ ഭക്ഷണമാണ് പിന്തുടരുന്നതെങ്കില്‍, ഉപ്പ് കുറഞ്ഞതും ശരീരഭാരം കുറയ്ക്കുന്നതുമായ ഒരു ലഘുഭക്ഷണം കണ്ടെത്തുന്നത് അല്‍പം ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഉണക്കമുന്തിരി ഈ രണ്ട് ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ഡ്രൈ ഫ്രൂട്ടില്‍ ഉയര്‍ന്ന അളവില്‍ അയോഡിന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഉണക്കമുന്തിരിയില്‍, 0.5 ഗ്രാം കൊഴുപ്പും 299 കിലോ കലോറിയും ലഭിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മികച്ച ലഘുഭക്ഷണമാണ്

10.അത്തിപ്പഴം-ഉണങ്ങിയ അത്തിപ്പഴത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഫിസിന്‍ എന്നറിയപ്പെടുന്ന ദഹന എന്‍സൈമും അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിലെ മറ്റ് എന്‍സൈമുകളുമായി സംയോജിക്കുന്നതിനാല്‍ ഈ എന്‍സൈം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. അത്തിപ്പഴം കഴിക്കുന്നത് പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

11.പ്ലം-ഉണക്കിയ പ്ലം ല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് കുടലിലെ പെരിസ്റ്റാല്‍റ്റിക് ചലനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. തല്‍ഫലമായി, ശരീരത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും വളരെ വേഗത്തില്‍ പുറത്തു വരുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, 100 ഗ്രാം പ്ലം ല്‍ 240 കിലോ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.

12.കറുത്ത ഉണക്കമുന്തിരി-കറുത്ത ഉണക്കമുന്തിരി ഒരു മികച്ച പ്രീ-വര്‍ക്ക്ഔട്ട് ലഘുഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണത്തിലെ നാരുകളും കുറഞ്ഞ പഞ്ചസാരയുടെ ഉള്ളടക്കവും ഇവയെ അഭികാമ്യമാക്കുന്നു, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഈ ഡ്രൈ ഫ്രൂട്ട്സിന് പോഷകവും രുചിയും കൂടുതലാണ്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ പൊണ്ണത്തടി, ഹൃദയാരോഗ്യം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ തടയുന്നു.

മുകളിൽ പറഞ്ഞവയെല്ലാം തന്നെ ശരീര ഭാരം കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ആയതിനാൽ തന്നെ ആരോഗ്യകരമായ ജീവിതത്തിന് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്ത്കൊണ്ടും നല്ലതാണ്.

Related posts