Nammude Arogyam
Health & Wellness

ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടുമോ?

ചോക്ലേറ്റ് കഴിച്ചാൽ വണ്ണം വെക്കുമോ? നിരവധിയാളുകൾ ഗൂഗിളിൽ തിരയുന്ന ഒരു ചോദ്യമാണിത്. ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത് കഴിച്ചാൽ വണ്ണം കൂടുമോ എന്ന ഭയം കാരണം ഈ ആഗ്രഹം പലരും വേണ്ടെന്നു വെക്കാറുമുണ്ട്. ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതോ ചീത്തയോ എന്നതിനെ പറ്റി ഇപ്പോഴും പഠനങ്ങൾ നടക്കുന്നു എന്നതാണ് വാസ്തവം.

ചോക്ലേറ്റിൽ കലോറി, പഞ്ചസാര എന്നിവയൊക്കെ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. എന്നാൽ മിതമായ അളവിൽ കഴിച്ചാൽ ചോക്ലേറ്റ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഇൻസുലിൻ ക്രമീകരിക്കുന്നതിനും സഹായിക്കും. ഇത് കൂടാതെ ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ നിലനിർത്തുന്നതിനും ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നതിനും ഇത് ഗുണകരമാണ്. അതിനാൽ ഇടയ്ക്കൊക്കെ ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കാം. മിതമായ അളവിൽ ചോക്ലേറ്റ് കഴിച്ചാൽ ഇനി പറയുന്ന ഗുണങ്ങൾ നേടാം.

1.കൊളസ്ട്രോൾ നിയന്ത്രിക്കാൻ-ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന ലിപ്പോപ്രോട്ടീൻ കൊളസ്‌ട്രോൾ (എൽ.ഡി.എൽ.) നീക്കം ചെയ്യാൻ ചോക്ലേറ്റ് ഉപയോഗം സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. പ്ലാന്റ് സ്റ്റെറോളുകൾ (പി‌.എസ്), കൊക്കോ ഫ്ളവനോളുകൾ (സി.എഫ്) എന്നിവ അടങ്ങിയ ചോക്ലേറ്റ് ബാറുകൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും രക്ത സമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

2.ഹൃദയാരോഗ്യത്തിന്-ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത മൂന്നിലൊന്ന് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കൂടിയ അളവിൽ ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിച്ചേക്കാം എന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

3.ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു-ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിക്കുന്നു. ഹോട്ട് ചോക്ലേറ്റ് തലച്ചോറിന്റെ ഉദ്ദീപനത്തിനു സഹായിക്കുമെന്ന് വിവിധ പഠനങ്ങളിൽ പറയുന്നു. ഒരു കപ്പ്‌ ചൂട് ചോക്ലേറ്റ് കഴിക്കുന്നത് പ്രായമായവരിൽ തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താനും ഓർമക്കുറവ് പരിഹരിക്കുന്നതിനും ഗുണം ചെയ്യും.

4.ഭ്രൂണ വളർച്ചയെ സഹായിക്കും-ഭ്രൂണ വളർച്ച വേഗത്തിലാക്കാൻ ചോക്ലേറ്റിന് കഴിയും. ഗർഭാവസ്ഥയിൽ ദിവസവും 30 ഗ്രാം ചോക്ലേറ്റ് കഴിക്കുന്നത് ഭ്രൂണ വളർച്ചയ്ക്കും, വികാസത്തിനും ഗുണം ചെയ്യും. ഇത് കൂടാതെ ഗർഭിണികളിൽ പൊതുവായി കണ്ടുവരുന്ന ചില വിഷാദ അവസ്ഥകൾ പരിഹരിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ചോക്ലേറ്റ് കഴിക്കുന്നത്‌ സഹായിക്കും.

എന്നാൽ ചോക്ലേറ്റ് കഴിക്കുമ്പോൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് ഡാർക്ക് ചോക്ലേറ്റ് ആണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ഇരുമ്പിന്റെ അളവും ആന്റിഓക്‌സിഡന്റുകളുടെ അളവും ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകും. പഞ്ചസാരയുടെ അളവ് കുറവായതിനാൽ ഈ ചോക്ലേറ്റിന് ചെറിയ കയ്പ് രുചിയാണ് ഉള്ളത്. ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവർക്ക് തീർച്ചയായും ഡാർക്ക്‌ ചോക്ലേറ്റ് തിരഞ്ഞെടുക്കാം. ഇവ കൂടാതെ ഡാർക്ക് ചോക്ലേറ്റിൻ്റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.പോഷകങ്ങൾ-ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം തുടങ്ങിയ പോഷകങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിരിക്കുന്നു.

2.ആന്റി ഓക്‌സിഡന്റുകൾ-ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള ചില ബയോ ആക്റ്റീവ് സംയുക്തങ്ങൾ ചർമ്മത്തിന് തിളക്കം നൽകും. ഇതിലടങ്ങിയ ഫ്ളവാനോയിഡുകൾക്ക് സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ കാത്തുസൂക്ഷിക്കുകയും ചെയ്യും.

എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയും പോലെ ചോക്ലേറ്റ് അമിതമായി കഴിക്കുന്നതും ആരോഗ്യത്തിന് ദോഷം വരുത്തും. ചോക്ലേറ്റിൻ്റെ ദോഷവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.ഭാരം കൂട്ടും-അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് ശരീര ഭാരം കൂടാൻ കാരണമാകും. പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ചോക്ലേറ്റ് അളവിൽ കവിയാതെ കഴിക്കാൻ ശ്രദ്ധിക്കണം. ഡാർക്ക്‌ ചോക്ലേറ്റുകൾ മാത്രം കഴിക്കാൻ തിരഞ്ഞെടുക്കുന്നതാണ് എന്തുകൊണ്ടും ആരോഗ്യത്തിനും നല്ലത്. സാധാരണ ചോക്ലേറ്റിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിൽ ജലാംശം കെട്ടിനിൽക്കാനും അതുവഴി ഭാരം കൂടാനും കാരണമാകും. കൂടാതെ ഇത് പല്ലുകൾ നശിക്കുന്നതിനും കാരണമാകും.

2.മൈഗ്രേൻ-കൊക്കോയിൽ ടൈറാമൈൻ, ഹിസ്റ്റാമൈൻ എന്നിവ ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പതിവായി അമിത അളവിൽ ചോക്ലേറ്റ് കഴിക്കുന്നവർക്ക് മൈഗ്രേൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

3.ഓസ്റ്റിയോപൊറോസിസ്-ചോക്ലേറ്റ് അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസിനും കാരണമാകുമെന്നതിന് ചില തെളിവുകളുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ദിവസവും ചോക്ലേറ്റ് കഴിക്കുന്ന പ്രായമായ സ്ത്രീകൾക്ക് അസ്ഥികളുടെ ബലം കുറവാണെന്ന് കണ്ടെത്തി.

ചോക്ലേറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി അമിതമായി കഴിക്കരുത്. എന്തും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തും. അതുപോലെ തന്നെയാണ് ചോക്ലേറ്റിന്റെ കാര്യവും. അത്കൊണ്ട് മിതമായ അളവിൽ മാത്രം ഇടയ്ക്കൊക്കെ ഒരു കഷ്ണം ചോക്ലേറ്റ് കഴിക്കുക.

Related posts